ഏഴിൽ ഏഴു വിജയം, ഒന്നാം സ്ഥാനം ഉറപ്പിച്ച് ഗോകുലം കേരള എഫ് സി

കേരള പ്രീമിയർ ലീഗിൽ ഗോകുലം എതിരാളികൾ ഇല്ലാതെ മുന്നേറുന്നു. ഏഴു മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ തങ്ങൾ ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ ആകും എന്ന് ഗോകുലം ഉറപ്പിച്ചിരിക്കുകയാണ്‌. ഇന്ന് ലീഗിലെ തുടർച്ചയായ ഏഴാം വിജയമാണ് ഗോകുലം കേരള എഫ് സി നേടിയത്. ഇന്ന് തൃക്കരിപ്പൂരിൽ നടന്ന മത്സരത്തിൽ ഷൂട്ടേഴ്സ് പടന്നയെ ആണ് ഗോകുലം തോൽപ്പിച്ചത്.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. കോഴിക്കോട് വെച്ച് നടന്ന മത്സരത്തിലും സമാന സ്കോറിൽ ഗോകുലം ഷൂട്ടേഴ്സിനെ തോൽപ്പിച്ചിരുന്നു. ഷിഹാദും ഷിബിൽ മുഹമ്മദുമാണ് ഗോകുലത്തിനായി ഇന്ന് ഗോൾ നേടിയത്. ഷീട്ടേഴ്സിനാസി സജീറും ഗോൾ നേടി.

ഏഴിൽ ഏഴു ജയത്തോടെ 21 പോയന്റുമായി ഗോകുലം കേരള എഫ് സി ഗ്രൂപ്പ് ബിയിൽ ഒന്നാമത് നിൽക്കുകയാണ്. ഷൂട്ടേഴ്സിന്റെ ലീഗിലെ മൂന്നാം തോൽവിയാണിത്. ഒമ്പതു പോയിന്റ് ആണ് ഷൂട്ടേഴ്സിന് ഇപ്പോൾ ഉള്ളത്.

കേരള പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ്

കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയ വഴിയിൽ. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ മത്സരത്തിൽ സാറ്റ് തിരൂരിനെയാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്ത്തിയത്. കെ.എസ്എസ്.സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് റിസർവ്സ് ജയിച്ചത്. കളിയുടെ 38 ആം മിനുട്ടിൽ ജിതിൻ എം എസ് ആണ് ബ്ലാസ്റ്റേഴ്സിനായി വിജയഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സാറ്റ് തിരൂരിനെ തിരൂർ വെച്ച് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. ഇന്നത്തെ ജയത്തോടു കൂടി ഗ്രൂപ്പ് എ യിൽ ഒന്നാം സ്ഥാനത്ത് എത്താൻ കേരള ബ്ലാസ്റ്റേഴ്സിനായി. അഞ്ചു മത്സരങ്ങളിൽ പത്ത് പോയന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. 7 മത്സരങ്ങൾ കളിച്ച സാറ്റിന് ആറു പോയന്റു മാത്രമെ ഉള്ളൂ‌.

എഫ് സി കൊച്ചിയെ വീഴ്ത്തി എഫ് സി തൃശ്ശൂർ മുന്നോട്ട്

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരം വിജയിച്ച് എഫ് സി തൃശ്ശൂർ സെമി ഫൈനൽ പ്രതീക്ഷ സജീവമാക്കി. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ന് എഫ് സി തൃശ്ശൂരും എഫ് സി കൊച്ചിയും ആയിരുന്നു ഏറ്റുമുട്ടിയത്. മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് തൃശ്ശൂർ വിജയിച്ചത്. തൃശ്ശൂർ സൂപ്പറ്റ് ഡിവിഷനിൽ കിരീടം നേടിയ ആത്മവിശ്വാസത്തിൽ എത്തിയ എഫ് സി തൃശ്ശൂർ ആ ഫോം തുടരുകയായിരുന്നു

ആദ്യ പകുതിയിൽ സാന്റ ക്രൂസ് നേടിയ ഇരട്ട ഗോളുകളാണ് തൃശ്ശൂരിന് ജയം നൽകിയത്. 18, 37 മിനുട്ടുകളിൽ ആയിരുന്നു ഗോളുകൾ. ഇന്നത്തെ ജയം എഫ് സി തൃശ്ശൂരിനെ 7 പോയിന്റിൽ എത്തിച്ചു. ഇതോടെ ഗ്രൂപ്പ് എയിൽ 7 പോയന്റുള്ള മൂന്നു ടീമുകൾ ആയി. എഫ് സി കൊച്ചിക്കും കേരള ബ്ലാസ്റ്റേഴ്സിനും 7 പോയിന്റ് തന്നെയാണ് ഉള്ളത്.

നമിക്കണം കേരള ഫുട്ബോൾ അസോസിയേഷനെ, ഒരിക്കലും തീരാത്ത ഒരു ലീഗ് തന്നതിന്

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ രണ്ടു ലീഗുകളായ ഐ എസ് എല്ലും ഐ ലീഗും ഒക്കെ കേരള പ്രീമിയർ ലീഗ് കണ്ടാൽ നമിച്ച് പോകും. പത്തും പതിനൊന്നും ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന നൂറോളം മത്സരങ്ങൾ നടക്കുന്ന ഐ എസ് എല്ലും ഐ ലീഗും ഒക്കെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തിട്ടും അനന്തമായി നീളുകളാണ് നമ്മുടെ സ്വന്തം കേരള പ്രീമിയർ ലീഗ്. ലീഗിൽ അത്രയധികം മത്സരങ്ങൾ ഉള്ളത് കൊണ്ടല്ല കെ പി എൽ ഇങ്ങനെ നീണ്ടു പോകുന്നത്. കെ എഫ് എയുടെ ഗംഭീര പ്ലാനിംഗിന്റെ ഗുണമാണ് കെ പി എല്ലിനെ മലയാളം സീരിയൽ പോലെ എന്ന് ഇത് അവസാനിക്കും എന്ന് മനസ്സിലാകാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്.

ഡിസംബറിൽ ആരംഭിച്ചതാണ് കേരള പ്രീമിയർ ലീഗിന്റെ ഈ സീസൺ. ലീഗ് മത്സരങ്ങളായി 44 മത്സരങ്ങളാണ് ആകെ ലീഗിൽ നടക്കേണ്ടത്. ഇതുവരെ നടന്നത് ആകെ 20 മത്സരങ്ങൾ. ലീഗ് തുടങ്ങിയിട്ട് നാലു മാസമായി എന്നത് ഓർക്കണം. ഒരു മാസം ശരാശരി 5 മത്സരങ്ങൾ നടക്കുന്ന ലീഗിനെയും ആ ലീഗ് നടത്തുന്നവരെയും എങ്ങനെ ആണ് ഫുട്ബോൾ പ്രേമികൾക്ക് സ്നേഹിക്കാൻ ആവുക.

ലീഗിൽ ഏതൊക്കെ ടീമുകൾ കളിക്കും ഏതൊക്കെ ടീമുകൾ പിന്മാറി, ആ പിന്മാറിയ ടീമുകളുടെ മത്സരങ്ങൾ എന്തു ചെയ്യും… ഇതിനൊന്നും എവിടെയും ഉത്തരമില്ല. ലീഗ് നടത്തിപ്പ് വൈകുന്നതിൽ മനം മടുത്താണ് ക്വാർട്സും, എസ് ബി ഐയും ലീഗിന് പകുതിക്ക് വെച്ച് ലീഗിൽ നിന്ന് പിന്മാറിയത്. ക്വാർട്സ് ഒരു കളി പോലും കളിക്കാതെയും എസ് ബി ഐ കുറച്ച് മത്സരങ്ങൾ കളിച്ചുമായിരുന്നു പിന്മാറിയത്. എസ് ബി ഐയുടെ ബാക്കി മത്സരങ്ങൾ എന്ത് ചെയ്യും എന്ന് പോലും കെ എഫ് എ വ്യക്തമാക്കിയില്ല.

ഇപ്പോഴും ലീഗിൽ ഉള്ള ഇന്ത്യൻ നേവി എന്ന ടീമാകട്ടെ ഇതുവരെ ഒരു മത്സരം കളിച്ചിട്ടില്ല. സന്തോഷ് ട്രോഫിയിൽ താരങ്ങൾ കളിക്കുന്നതിനാലാണ് ഇന്ത്യൻ നേവിക്ക് കളിക്കാബ് കഴിയാത്തത്. തങ്ങൾ ലീഗിൽ നിന്ന് പിന്മാറിക്കോളാം എന്ന് ഇന്ത്യൻ നേവി അറിയിച്ചു എങ്കിലും അതിന് കെ എഫ് എ അനുവദിച്ചില്ല. ലീഗിൽ നിന്ന് പിന്മാറിയാൽ എ ഐ എഫ് എഫിന് പരാതി നൽകും എന്ന് കെ എഫ് എ പറഞ്ഞതോടെ ഇന്ത്യൻ നേവി കളിക്കും എന്ന് ഉറപ്പായി. അതായത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മുഴുവൻ കഴിഞ്ഞ് ഇന്ത്യൻ നേവി എത്തുന്നത് വരെ ലീഗ് മുന്നോട്ട് പോകാൻ കാത്തിരിക്കേണ്ടി വരും എന്ന് ചുരുക്കം. അടുത്ത മഴ എത്തും മുമ്പ് ഈ ലീഗ് കഴിഞ്ഞാൽ കഴിഞ്ഞു എന്ന് പറയാം.

അവസാന രണ്ട് സീസണിൽ കെ എഫ് എ ലീഗ് നടത്തിയതിൽ നല്ല മതിപ്പ് ഉള്ളത് കൊണ്ടു തന്നെ അടുത്ത തവണ കെ പി എൽ കളിക്കാൻ ടീമിനെ കിട്ടിയാൽ അത്ഭുതം എന്ന് പറയാം. ഒരു ടീമിന് പരിശീലനത്തിനായി ആകെ അഞ്ചി പന്തുകളാണ് കെ എഫ് എ കൊടുക്കുന്നത് എന്നതിൽ തുടർന്ന് പരാതികൾ മാത്രമാണ് ഈ ലീഗിന്റെ സമ്പാദ്യം. ലീഗ് ആരംഭത്തിൽ ആഘോഷത്തോടെ തുടങ്ങിയ ലൈവ് ടെലിക്കാസ്റ്റ് ഒക്കെ എവിടെ മറഞ്ഞെന്ന് ആർക്കും അറിയില്ല. ഒക്കെ സഹിക്കാം. ലീഗിന്റെ ഒരു പോയിന്റ് ടേബിൾ എങ്കിലും കെ എഫ് എ എവിടെയെങ്കിലും നൽകിയിരുന്നെങ്കിൽ എന്നാണ് ഫുട്ബോൾ ആരാധകർ ആഗ്രഹിച്ചു പോകുന്നത്.

കേരള പ്രീമിയർ ലീഗിൽ തുടർച്ചയായ ആറാം ജയം, ഗോകുലം സെമി ഉറപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ ഇനിയും രണ്ട് മത്സരങ്ങൾ ബാക്കിയിരിക്കെ തന്നെ ഗോകുലം കേരള എഫ് സി സെമി ഉറപ്പിച്ചു. ഇന്ന് ലീഗിലെ തുടർച്ചയായ ആറാം വിജയത്തോടെയാണ് ഗോകുലം കേരള എഫ് സി സെമി ഫൈനൽ ഉറപ്പിച്ചത്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിലേക്ക് കടക്കുക. ഇന്നത്തെ ജയത്തോടെ ഗോകുലം ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തും എന്ന് ഉറപ്പായി.

ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷൂട്ടേഴ്സ് പടന്നയെ ആണ് ഗോകുലം തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ഇഞ്ച്വറി ടൈമിൽ സബാ നേടിയ ഗോളാണ് ഗോകുലത്തിന് വിജയം നൽകിയത്. ആദ്യ പകുതിയിൽ ഷിഹാദ് നേടിയ ഗോളിൽ ഗോകുലം മുന്നിൽ എത്തിയതായിരുന്നു. എന്നാൽ 75ആം മിനുട്ടിൽ വിഷ്ണുവിന്റെ ഗോളിലൂടെ സമനില പിടിക്കാൻ ഷൂട്ടേഴ്സിനായി. അതിനു ശേഷമായിരുന്നു സബായുടെ ഗോൾ.

ആറിൽ ആറു ജയത്തോടെ 18 പോയന്റുമായി ഗോകുലം കേരള എഫ് സി ഗ്രൂപ്പ് ബിയിൽ ഒന്നാമത് നിൽക്കുകയാണ്. ഷൂട്ടേഴ്സിന്റെ ലീഗിലെ രണ്ടാം തോൽവിയാണിത്.

ഗോകുലത്തിനോടാണോ കളി!! കേരള പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം ജയം

കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് മറ്റൊരു ഗംഭീര വിജയം. എതിരാളികൾ ഇല്ലാതെ വിജയ കുതിപ്പുനായി മുന്നേറുകയാണ് നിലവിലെ കെ പി എൽ ചാമ്പ്യന്മാർ. ഇന്ന് കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൾഡൻ ത്രഡ്സിനെ ആണ് ഗോകുലം തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ആദ്യ പകുതിയിൽ തന്നെ ഗോകുലം കേരള എഫ് സി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

ചാർലേസ് ഫോളിയും, ഗണേഷനും ആണ് ആദ്യ പകുതിയിൽ ഗോകുലത്തിനായി ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെൽഫ് ഗോളിലൂടെ മൂന്നാം ഗോകുലം ഗോളും പിറന്നു. കളിയുടെ അവസാന നിമിഷം പിറന്ന മറ്റൊരു സെൽഫ് ഗോൾ ഗോൾഡൻ ത്രഡ്സിന്റെ ആശ്വാസ ഗോളായും മാറി.

അഞ്ചിൽ അഞ്ചു ജയത്തോടെ 15 പോയന്റുമായി ഗോകുലം കേരള എഫ് സി ഗ്രൂപ്പ് ബിയിൽ ഒന്നാമത് നിൽക്കുകയാണ്. ഗോൾഡൻ ത്രഡ്സിന് ഇത് ലീഗിലെ നാലാം പരാജയവുമാണ്.

കേരള പ്രീമിയർ ലീഗ്, തകർപ്പൻ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നോട്ട്

കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയ വഴിയിൽ. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് സാറ്റ് തിരൂരിനെ ആണ് പരാജയപ്പെടുത്തിയത്. സാറ്റിന്റെ ഹോമായ തിരൂരിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. രണ്ടാം പകുതിയിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും പിറന്നത്. ആദ്യം 47ആം മിനുട്ടിൽ അഭിജിതും തുടർന്ന് 61ആം മിനുട്ടിൽ സുരാഗ് ഛേത്രിയും കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി.

കഴിഞ്ഞ കളിയിൽ എസ് ബി ഐയോട് കേരള ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. ഇന്നത്തെ ജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഏഴു പോയന്റാണ് ഉള്ളത്. ഇപ്പോൾ ഗ്രൂപ്പിൽ എഫ് സി കൊച്ചിക്ക് പിറകിൽ രണ്ടാമതായാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ആറു മത്സരങ്ങൾ കളിച്ച സാറ്റിന് ആറു പോയന്റു മാത്രമെ ഉള്ളൂ‌

കേരള പ്രീമിയർ ലീഗിൽ ഗോകുലത്തിന് തുടർച്ചയായ നാലാം ജയം

കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് വീണ്ടും ഗംഭീര വിജയം. ഇന്ന് തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ കോവളം എഫ് സിയെ ആണ് ഗോകുലം തോൽപ്പിച്ചത്. മറുപടി ഇല്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. വിദേശ താരമായ ക്രിസ്റ്റ്യൻ സബ ആണ് ഇന്ന് കളിയിലെ വിജയഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ എഫ് സി കേരളയ്ക്ക് എതിരെയും സബാ ഗോൾ നേടിയിരുന്നു. ഗോകുലം കേരള എഫ് സിയുടെ ലീഗിലെ നാലാം വിജയമാണിത്. നാലിൽ ബാലു ജയത്തോടെ 12 പോയന്റുമായി ഗോകുലം കേരള എഫ് സി ഗ്രൂപ്പ് ബിയിൽ ബഹുദൂരം മുന്നിലാണ്. കോവളം എഫ് സിക്ക് ഇത് തുടർച്ചയായ നാലാം പരാജയവുമാണ്.

ഷൂട്ടേഴ്സ് പടന്നയ്ക്ക് ആദ്യ തോൽവി സമ്മാനിച്ച് എഫ് സി കേരള

കേരള പ്രീമിയർ ലീഗിൽ ഷൂട്ടേഴ്സ് പടന്നയ്ക്ക് ആദ്യ തോൽവി. തുടർച്ചയായ രണ്ട് വിജയങ്ങൾക്ക് ശേഷം ഇറങ്ങിയ ഷൂട്ടേഴ്സ് പടന്നയെ എഫ് സി കേരളയാണ് ഇന്ന് പരാജയപ്പെടുത്തിയത്‌. തൃശ്ശൂരിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി കേരളയുടെ വിജയം. ഡെലാനോ മോരിസ് നേടിയ ഇരട്ട ഗോളുകൾ ആണ് എഫ് സി കേരളയ്ക്ക് വിജയം നൽകിയത്.

കളിയുടെ 17ആം മിനുട്ടിലും 60ആം മിനുട്ടിലും ആയിരുന്നു മോരിസിന്റെ ഗോളുകൾ. 72ആം മിനുട്ടിൽ വിഷ്ണു ആണ് ഷൂട്ടേഴ്സ് പടന്നയുടെ ഗോൾ നേടിയത്. ഈ വിജയത്തോടെ 3 മത്സരങ്ങളിൽ നിൻ എഫ് സി കേരളയ്ക്ക് ആറു പോയന്റായി. ഷൂട്ടേഴ്സ് പടന്നക്കും 6 പോയന്റാണ് ഉള്ളത്. ഗ്രൂപ്പിൽ ഗോകുലം കേരള എഫ് സി ആണ് ഒന്നാമതുള്ളത്.

അവസാന നിമിഷം ക്ലാസിക്ക് ഫിനിഷിലൂടെ ബിനീഷ് ബാലൻ, എഫ് സി തൃശ്ശൂരിന് രക്ഷ

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരം സമനിലയിൽ. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ന് എഫ് സി തൃശ്ശൂരും സാറ്റ് തിരൂരും ആയിരുന്നു ഏറ്റുമുട്ടിയത്. ആവേശകരമായ മത്സരം 2-2 എന്ന നിലയിൽ അവസാനിച്ചു. കളിയുടെ അവസാന നിമിഷം ബിനീഷ് ബാലൻ നേടിയ ഒരു ആക്രോബാറ്റിക്ക് ഗോളാണ് എഫ് സി തൃശ്ശൂരിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്.

മത്സരത്തിൽ രണ്ട് തവണയാണ് എഫ് സി തൃശ്ശൂർ പിറകിൽ പോയത്. ആദ്യം 49ആം മിനുട്ടിൽ ഇബ്രഹീം കബ്ബയിലൂടെ സാറ്റ് മുന്നിൽ എത്തി. തുടർന്ന് പൊരുതി 59ആം മിനുട്ടിൽ അഖിലിലൂടെ തൃശ്ശൂർ ഒപ്പം എത്തി. മിനേർവ പഞ്ചാബിൽ നിന്ന് ലോണടിസ്ഥാനത്തിൽ എത്തിയാണ് അഖിൽ വീണ്ടും എഫ് സി തൃശ്ശൂരിനായി കളിക്കുന്നത്‌. 67ആം മിനുട്ടിൽ അയ്യൂബിലൂടെ വീണ്ടും സാറ്റ് ലീഡ് എടുത്തു.

അപ്പോഴും പരാജയം സമ്മതിക്കാൻ തൃശ്ശൂർ തയ്യാറായില്ല. കളിയുടെ ഇഞ്ച്വറി ടൈമിൽ ആണ് അസാമാന്യ ഫിനിഷിലൂടെ ബിനീഷ് ബാലൻ സമനില കണ്ടെത്തിയത്‌. ബിനീഷിന്റെ പഴയ കാല ഫോമിന്റെ ഒരു ഓർമ്മ പുതുക്കൽ കൂടിയായി ആ സ്ട്രൈക്ക്‌. ഇന്നത്തെ സമനില എഫ് സി തൃശ്ശൂരിനെ 4 പോയിന്റിൽ എത്തിച്ചു.

ഷൂട്ടേഴ്സ് പടന്നയ്ക്ക് വീണ്ടും വിജയം

ഉത്തര മലബാറിൽ നിന്ന് കേരള പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ടീമായ ഷൂട്ടേഴ്സ് പടന്നയ്ക്ക് ലീഗിൽ തുടർച്ചയായ രണ്ടാം വിജയം. ഇന്ന് കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങിയ ഷൂട്ടേഴ്സ് പടന്ന ഗോൾഡൻ ത്രഡ്സിനെ ആണ് പരാജയപ്പെടുത്തിയത്. കൊച്ചിയിൽ വെച്ച് നടന്ന മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഷൂട്ടേഴ്സ് പടന്ന വിജയിച്ചത്. പടന്നയ്ക്ക് വേണ്ടി മുസമ്മിലും നിസാമുദ്ദീനുമാണ് ഗോളുകൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ കോവളം എഫ് സിയെയും ഷൂട്ടേഴ്സ് പടന്ന പരാജയപ്പെടുത്തിയിരുന്നു.
കോഴിക്കോട് ക്ലബായ ക്വാർട്സ് ലീഗിൽ നിന്ന് പിന്മാറിയതു കൊണ്ടാണ് പടന്ന ലീഗിലേക്ക് എത്തിയത്. ഗ്രൂപ്പ് ബിയിൽ ഉള്ള ഷൂട്ടേഴ്സ് പടന്ന രണ്ടിൽ രണ്ട് വിജയവുമായി ആറു പോയന്റിൽ നിൽക്കുകയാണ് ഇപ്പോൾ.

കേരള പ്രീമിയർ ലീഗിൽ വിജയം തുടർന്ന് ഗോകുലം

കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ് സിക്ക് വീണ്ടും തകർപ്പൻ വിജയം. ഇന്ന് ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എഫ് സി കേരളയെ ആണ് ഗോകുലം തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ഐ ലീഗിൽ കളിക്കുന്ന വിദേശ താരങ്ങളെ രംഗത്ത് ഇറക്കി ആയിരുന്നു ഗോകുലം ഇന്ന് ഇറങ്ങിയത്.

കളിയുടെ ആദ്യ 30 മിനുട്ടുകളിൽ തന്നെ ഗോകുലം രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. 17ആം മിനുട്ടിൽ വിദേശ താരം സബായും 30ആം മിനുട്ടിൽ മായകണ്ണനും ആയിരുന്നു ഗോകുലത്തിനായി ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ വിക്ടർ ഫിലിപ്പിലൂടെ ഒരു ഗോൾ എഫ് സി കേരള നടക്കി എങ്കിലും ഗോകുലത്തെ വിജയത്തിൽ നിന്ന് തടയാൻ അത് മതിയായിരുന്നില്ല. ഗോകുലം കേരള എഫ് സിയുടെ ലീഗിലെ മൂന്നാം വിജയമാണിത്. 9 പോയന്റുമായി ഗോകുലം കേരള എഫ് സി ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.

Exit mobile version