മലപ്പുറം ശക്തികൾ വീണു, കെ പി എല്ലിൽ കെ എസ് ഇ ബി vs എഫ് സി തൃശ്ശൂർ ഫൈനൽ

- Advertisement -

ഫൈനലിൽ ഒരു മലപ്പുറം ഡർബി പ്രതീക്ഷിച്ചവർക്ക് തിരിച്ചടി. കേരള പ്രീമിയർ ലീഗ് ഫൈനലിൽ ഏറ്റുമുട്ടുക കെ എസ് ഇ ബിയും എഫ് സി തൃശ്ശൂരുമായിരിക്കും. ഇന്ന് നടന്ന ആവേശ പോരാട്ടങ്ങളിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ഇരു സെമി ഫൈനലും തീരുമാനമായത്.

തൃശ്ശൂരിൽ നടന്ന എഫ് സി തൃശ്ശൂർ ഗോകുലം മത്സരം ഇരു ടീമുകളും പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഗോൾ രഹിത സമനിലയിൽ അവസാനിക്കുക ആയിരുന്നു. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ആദ്യ കിക്ക് തന്നെ തൃശ്ശൂരിന് പിഴച്ചു. പക്ഷെ ഗോൾ കീപ്പർ ഉവൈസ് ഖാന്റെ മിന്നും പ്രകടനം തൃശ്ശൂരിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 5 പെനാൾട്ടികൾ കഴിഞ്ഞപ്പോൾ 3-3 എന്ന സ്കോറിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം. അവസാനം സഡൻ ഡത്തിൽ 6-5ന് വിജയിച്ച് തൃശ്ശൂർ ഫൈനലിൽ. ഗോകുലം കേരളത്തിലെ അവരുടെ രണ്ടാം ടൂർണമെന്റിലും കിരീടം തൊടാതെ മടങ്ങി.

തിരൂരിൽ സ്വന്തം കാണികൾക്ക് മുന്നിൽ കസറാൻ സാറ്റ് തിരൂരിന് പക്ഷെ ആയില്ല. നിറഞ്ഞ ജനത്തിനു മുന്നിൽ കെ എസ് ഇ ബിക്കെതിരെ ഇറങ്ങിയ സാറ്റ് പലപ്പോഴും പിറകിലേക്ക് പോവുക ആയിരുന്നു. നിശ്ചിത സമയത്ത് തിരൂരിലെ സെമിയും ഗോൾ രഹിതമായതിനെ തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ആദ്യ രണ്ടു കിക്കുകളും പിഴച്ചതോടെ സാറ്റിന്റെ വിധി തീരുമാനമായി. 4-1ന് പെനാൾട്ടി ജയിച്ച് കെ എസ് ഇ ബി ഫൈനലിൽ.

31ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ നടക്കുക. ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ എത്തിയവരെ‌ തുരത്തിയാണ് ഫൈനലിലേക്കുള്ള കെ എസ് ഇ ബിയുടേയും എഫ് സി തൃശ്ശൂരിന്റേയും കുതിപ്പ് എന്നതു കൊണ്ടു തന്നെ ഫൈനൽ പ്രവചനാതീതം ആകും.

Advertisement