കൊച്ചിൻ പോർട്ടിനെ തോൽപ്പിച്ച് കെ എസ് ഇ ബി സെമിയിൽ, എഫ് സി കേരള പുറത്ത്

- Advertisement -

കേരള പ്രീമിയർ ലീഗിൽ ഇനി പോരാട്ടം ഒരു സെമി സ്ഥാനത്തിനു വേണ്ടി മാത്രം. ഇന്ന് നടന്ന കെ എസ് ഇ ബി കൊച്ചിൻ പോർട്ട് ട്രസ്റ്റ് മത്സരത്തിൽ കൊച്ചിൻ പോർട്ടിനെ കെ എസ് ഇ ബി പരാജയപ്പെടുത്തിയതോടെ കേരള പ്രീമിയർ ലീഗിലെ സെമിയിൽ കടക്കുന്ന മൂന്നാമത്തെ ടീമായി കെ എസ് ഇ ബി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കെ എസ് ഇ ബിയുടെ വിജയം. കെ എസ് ഇ ബിക്കു വേണ്ടി സജീവ് ഖാൻ ഇരട്ട ഗോളുകൾ നേടിം സന്തോഷ് ട്രോഫി താരം ജോബി ജസ്റ്റിനാണ് മൂന്നാം ഗോൾ നേടിയത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ആശ്വാസ ഗോൾ അക്വയുടെ വകയായിരുന്നു.

ജയത്തോടെ ആറു കളികളിൽ നിന്ന് 11 പോയന്റുമായി ഗ്രൂപ്പ് എയിൽ കെ എസ് ഇ ബി രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. 12 പോയന്റുമായി ഗോകുലം എഫ് സി ആണ് ഒന്നാം സ്ഥാനത്തോടെ നേരത്തെ സെമിയിൽ എത്തിയിരുന്നു. ആറു മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി മൂന്നാമതു ഫിനിഷ് ചെയ്ത എഫ് സി കേരള സെമി കാണാതെ പുറത്തായി.

ഇനി ഗ്രൂപ്പ് ബിയിൽ രണ്ടാം സെമി ഫൈനലിസ്റ്റുകളെ മാത്രമെ അറിയേണ്ടതുള്ളൂ. 27ാം തീയതി നടക്കുന്ന കേരള പോലീസ് എസ് ബി ഐ മത്സരത്തിൽ വിജയിക്കുക ആണെങ്കിൽ കേരള പോലീസ് സെമിയിലേക്ക് കടക്കും. അല്ലായെങ്കിൽ സെമി സ്ഥാനം എഫ് സി തൃശ്ശൂരിനെ തേടിയെത്തും.

Advertisement