കേരള പ്രീമിയർ ലീഗ്; കെ.എസ്.ഇ.ബിക്ക് തുടർച്ചയായ രണ്ടാം ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: കേരള പ്രീമിയര്‍ ലീഗിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ കെഎസ്ഇബിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കോവളം എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കെഎസ്ഇബി പരാജയപ്പെടുത്തിയത്. 12ആം മിനുറ്റില്‍ മുഹമ്മദ് പാറേക്കോട്ടില്‍ നേടിയ പെനാല്‍റ്റി ഗോളാണ് ലീഗില്‍ കോവളം എഫ്‌സിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിക്ക് വഴിയൊരുക്കിയത്.

എം.എ ഫുട്‌ബോള്‍ അക്കാദമിയോട് തോറ്റുതുടങ്ങിയ കെഎസ്ഇബി രണ്ടു തുടര്‍വിജയങ്ങളോടെ ആറു പോയിന്റുമായി ഗ്രൂപ്പിലെ ആദ്യസ്ഥാനത്തേക്കുള്ള മത്സരം ശക്തമാക്കി. കോവളം എഫ്‌സിക്കെതിരെ മികച്ച പ്രകടനം നടത്തിയ കെഎസ്ഇബിക്ക്, ക്രോസ്ബാറിന് കീഴില്‍ കെ.ജെ ശബരിദാസ് നടത്തിയ മികച്ച പ്രകടനമാണ് ലീഡുയര്‍ത്തുന്നതിന് തടസമായത്. ലീഗില്‍ അരങ്ങേറ്റം കുറിച്ച ശബരിദാസ് തന്നെയാണ് കളിയിലെ താരം.

മത്സരം തുടങ്ങി 12ാം മിനുറ്റില്‍ തന്നെ കോവളം എഫ്‌സിയെ കെഎസ്ഇബി ഷോക്കേല്‍പ്പിച്ചു. മധ്യനിരതാരം നിജോ ഗില്‍ബെര്‍ട്ടിനെ കോവളത്തിന്റെ ആര്‍.എം സാംസണ്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി കിക്കില്‍ മുഹമ്മദ് പാറേക്കോട്ടിലിന് പിഴച്ചില്ല. രണ്ടു മത്സരങ്ങളില്‍ നിന്ന് താരത്തിന്റെ മൂന്നാം ഗോള്‍. കേരള യുണൈറ്റഡിനെതിരായ മത്സരത്തില്‍ മുഹമ്മദ് ഇരട്ടഗോള്‍ നേടിയിരുന്നു. അധികം വൈകാതെ കോവളം എഫ്‌സി തിരിച്ചടിക്ക് ശ്രമം നടത്തി. ബോക്‌സിന് പുറത്ത് നിന്ന് ഇ.കെ ഹാരിസ് തൊടുത്ത ഫ്രീകിക്കില്‍ സകല കരുത്തും ആവാഹിച്ചിരുന്നു. പക്ഷേ, ബാറിന് തൊട്ട് മുകളിലൂടെ പന്ത് പറന്നു. വലതുവിങില്‍ നിന്ന് നിജോ ഗില്‍ബെര്‍ട്ടിന്റെ ഒരു ഉഗ്രന്‍ ഷോട്ട് കോവളം ഗോളി ശബരിദാസ് അതേ മികവോടെ ഡൈവ് ചെയ്ത് അകറ്റി. മറുഭാഗത്ത് കെഎസ്ഇബി ഗോളി ഷൈന്‍ഖാന്‍ ചിലപ്പുറവും മികച്ചൊരു സേവ് നടത്തി.

ആദ്യപകുതിക്ക് മുമ്പ് ഒരു പ്രത്യാക്രമണത്തിനൊടുവില്‍ കെഎസ്ഇബി രണ്ടാം ഗോളിനടുത്തെത്തി. അഡ്വാന്‍സ് ചെയ്ത കോവളം ഗോളിക്ക് പിഴച്ചെങ്കിലും പ്രതിരോധക്കാര്‍ അപകടം ഒഴിവാക്കി. കനത്ത മഴയുടെ അകമ്പടിയിലായിരുന്നു രണ്ടാം പകുതി. മഴ തിമിര്‍ത്ത് പെയ്തു, ഗോള്‍വരള്‍ച്ച മാറിയില്ല. കെഎസ്ഇബിയുടെ ലീഡിനുള്ള ചില നീക്കങ്ങള്‍ ശബരിദാസും പ്രതിരോധവും സമര്‍ഥമായി തടഞ്ഞു. കോവളവും ഗോളിനായി ശ്രമിച്ചെങ്കിലും നീക്കങ്ങള്‍ ദുര്‍ബലമായിരുന്നു. അവസാന മിനിറ്റുകളില്‍ സമനിലക്കായി രണ്ടു സുവര്‍ണാവസരങ്ങള്‍ കോവളം എഫ്‌സിക്ക് ലഭിച്ചു. ആദ്യനീക്കം ഡൈവ് ചെയ്ത് വിഫലമാക്കിയ കെഎസ്ഇബി ഗോളി ഷൈന്‍ഖാന്‍, പരിക്ക് സമയത്ത് ഇടത് മൂലയില്‍ നിന്ന് സുബിന്‍രാജ് തൊടുത്ത ലോങ് ക്രോസ് ഉയര്‍ന്നു പൊങ്ങി വലയ്ക്ക് പുറത്താക്കി. എപ്രില്‍ 11ന് എം.എ ഫുട്‌ബോള്‍ അക്കാദമിയുമായാണ് കോവളം എഫ്‌സിയുടെ അടുത്ത മത്സരം. എപ്രില്‍ 12ന് കെഎസ്ഇബി, ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സിയെ നേരിടും.