നിലവിലെ ചാമ്പ്യന്മാർ കെ എസ് ഇ ബി എന്തുകൊണ്ട് കേരള പ്രീമിയർ ലീഗിൽ ഇല്ല

കഴിഞ്ഞ തവണ വമ്പന്മാരായ ടീമുകളെ മുഴുവൻ മറികടന്ന് കേരള പ്രീമിയർ ലീഗ് കിരീടം ഉയർത്തിയ ടീമാണ് കെ എസ് ഇ ബി. ഇത്തവണ കേരള പ്രീമിയർ ലീഗിന്റെ ആദ്യ വിവരങ്ങൾ വന്നപ്പോഴും ഗ്രൂപ്പ് തിരിച്ചപ്പോഴും ഒക്കെ കെ എസ് ഇ ബിയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അന്തിമ ഫിക്സ്ചർ വന്നപ്പോൾ കെ എസ് ഇ ബി രണ്ടു ഗ്രൂപ്പുകളിലും ഇല്ല.

അവസാന നിമിഷം കെ എസ് ഇ ബിയും മറ്റൊരു ഡിപാർട്മെന്റ് ടീമായ ഏജീസ് ഓഫീസും പിന്മാറുകയായിരുന്നു എന്നാണ് കേരള ഫുട്ബോൾ അസോസിയേഷൻ നൽകുന്ന വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയാണ് കെ എസ് ഇ ബി ഇത്തവണ കെ പി എല്ലിൽ നിന്ന് പിന്മാറാനുള്ള കാരണം. തങ്ങൾക്ക് പ്രീമിയർ ലീഗിൽ പങ്കെടുക്കാനുള്ള ഫണ്ട് ഇല്ല എന്നാണ് കെ എസ് ഇ ബി കെ എഫ് എയെ അറിയിച്ചിരിക്കുന്നത്.

അമ്പതിനായിരം രൂപയാണ് ഇത്തവണ പ്രീമിയർ ലീഗിന് മുമ്പായി സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്. ഒപ്പം പരിശീലനത്തിനും ടീമിന്റെ യാത്രാ ചിലവുമൊക്കെയായി വലിയ തുക തന്നെ ഒരോ ക്ലബിനും ചിലവുണ്ട്. കിരീടം നേടിയാൽ വരെ ഈ ചിലവിനെ നേരിടാനുള്ള മെച്ചം കേരള പ്രീമിയർ ലീഗിൽ നിന്നുണ്ടാകില്ല എന്നതുമാണ് ടീമുകൾ കേരള പ്രീമിയർ ലീഗിൽ നിന്ന് പിന്മാറാനുള്ള കാരണം.

ഡിപാർട്മെന്റിന് അകത്തുള്ള സാങ്കേതിക പ്രശ്നങ്ങൾ എന്നു പറഞ്ഞാണ് ഏജീസ് ഓഫീസ് ടൂർണമെന്റിൽ നിന്ന് പിന്മാറിയിരിക്കുന്നത്. എന്തായാലും ചാമ്പ്യന്മാർക്ക് കേരള പ്രീമീയർ ലീഗിൽ കളിക്കാൻ കഴിയുന്നില്ല എന്നത് ഫുട്ബോൾ പ്രേമികളെ തന്നെ നിരാശയിലാഴ്ത്തുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലിൻഷയെ ഞെട്ടിച്ച് ഫ്രണ്ട്സ് മമ്പാട്
Next articleഫിഫാ മഞ്ചേരിക്ക് ജയം