കേരള പ്രീമിയർ ലീഗ് ജയത്തോടെ സാറ്റ് തിരൂർ തുടങ്ങി

കേരള പ്രീമിയർ ലീഗിന് സ്പോർട്സ് അക്കാദമി തിരൂരിന്റെ വിജയത്തോടെ തുടക്കം. പുതിയ മാറ്റങ്ങളുമായി വന്ന കേരള പ്രീമിയർ ലീഗിന് തിരൂരിൽ സ്പോർട്സ് അക്കാദമി തിരൂരും എഫ് സി തൃശ്ശൂരും തമ്മിലുള്ള മത്സരത്തോടെയാണ് കിക്കോഫായത്. സാറ്റിന്റെ ഹോം ഗ്രൗണ്ട് മത്സരമായിരുന്നിട്ടും സാറ്റിനെ വിറപ്പിച്ച ശേഷമേ എഫ് സി തൃശ്ശൂർ കീഴടങ്ങിയുള്ളൂ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സാറ്റ് എഫ് സി തൃശ്ശൂരിനെ പരാജയപ്പെടുത്തിയത്.

ഫ്ലഡ് ലൈറ്റിനു കീഴിലുള്ള മത്സരമായതു കൊണ്ട് തന്നെ നിറഞ്ഞ ഗ്യാലറിയുമായാണ് തിരൂരിൽ മത്സരം ആരംഭിച്ചത്. ഹോം ഗ്രൗണ്ട് ആയിരുന്നിട്ടും മുന്നേറ്റങ്ങളും ഒത്തിണക്കവും കാണിച്ച് ഗ്യാലറിയെ കൈയ്യിലെടുത്തത് എഫ് സി തൃശ്ശൂർ ആയിരുന്നു. വിദേശ താരങ്ങളില്ലാതെ മികച്ച യുവനിരയുമായി ഇറങ്ങിയ എഫ് സി തൃശ്ശൂർ മികച്ച അവസരങ്ങളുമായി ആദ്യ നിമിഷങ്ങൾ മുതൽ കളം നിറഞ്ഞു. ഗോൾ പോസ്റ്റും അവസരങ്ങൾ തുലച്ചതും മാത്രമാണ് തൃശ്ശൂരിനെ ലീഡെടുക്കുന്നതിൽ നിന്ന് തടഞ്ഞത്.

കളി നിയന്ത്രിച്ചത് എഫ് സി തൃശ്ശൂർ ആണെങ്കിലും ആദ്യ ഗോൾ വന്നത് സാറ്റിന്റെ ആക്രമണത്തിൽ നിന്നായൊരുന്നു. മുഹമ്മദ് ഷിബിലിയാണ് കേരള പ്രീമിയർ ലീഗിലെ ഈ സീസണിലെ ആദ്യ ഗോളിനുടമയായത്. 1-0ന് അവസാനിച്ച ആദ്യ പകുതിക്കു ശേഷം സാറ്റ് കളി മെച്ചപ്പെടുത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫസലു റഹ്മാനിലൂടെ സാറ്റ് രണ്ടാം ഗോളും കണ്ടെത്തി. അവസാന നിമിഷം ഒരു ഗോൾ മടക്കി കളിയിലേക്ക് തിരിച്ചുവരാൻ എഫ് സി തൃശ്ശൂർ ശ്രമിച്ചുവെങ്കിലും വിജയം സാറ്റിനൊപ്പം നിന്നു.

 

Previous articleറയലിന്റെ പ്രതീക്ഷകളെ തല്ലി തകർത്ത് അത്ലറ്റികോ
Next articleആരിഫിന് ഹാട്രിക്ക്, സെൻട്രൽ എക്സൈസിനെ തകർത്ത് ഗോകുലം എഫ് സി ഫൈനലിൽ