ക്ലബുകൾക്ക് ഇരുട്ടടി, കേരള പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ഫുട്ബോൾ അസോസിയേഷൻ വീണ്ടും വിചിത്രമായ തീരുമാനം എടുത്തിരിക്കുകയാണ്. കേരള പ്രീമിയർ ലീഗിൽ ഇന്ന് മുതൽ നടക്കാൻ ഇരിക്കുന്ന എല്ലാ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുന്നതായി കെ എഫ് എ ടീം ഭാരവാഹികളെയും മാധ്യമങ്ങളെയും അറിയിച്ചു. സന്തോഷ് ട്രോഫി ക്യാമ്പ് നടക്കുന്നതിനാലാണ് കെ എഫ് എയുടെ ഈ തീരുമാനം.

സന്തോഷ് ട്രോഫി ക്യാമ്പിൽ കേരള പ്രീമിയൽ ലീഗിൽ പങ്കെടുക്കുന്ന നിരവധി താരങ്ങൾ ഉണ്ട് എന്നും അതിനാൽ തന്നെ ക്ലബുകളെ ഇത് ബാധിച്ചേക്കും എന്നുമാണ് കെ എഫ് എ പറയു‌ന്നത്. എന്നാൽ കളി നടക്കുന്നതിന് തലേ ദിവസം മാത്രം കളി മാറ്റിവെച്ചത് അറിയുന്ന ക്ലബുകൾ ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

കേരള പ്രീമിയർ ലീഗ് മാത്രം ലക്ഷ്യം വെച്ച് വിദേശ താരങ്ങളെ വരെ എത്തിച്ച് ടീം ഒരുക്കിയവരാണ് പല ക്ലബുകളും. ഈ ടീമുകൾ എല്ലാം ഇനി ലീഗ് എന്ന് തുടങ്ങും എന്ന് അറിയാതെ ടീമിനെയും ഒരുക്കി കാത്തിരിക്കണം. ഇത് അമിത ചിലവുകൾ ഉണ്ടാക്കുകയും ക്ലബുകളെ കൂടുതൽ പ്രസന്ധിയിൽ എത്തിക്കുകയും ചെയ്യും. എല്ലാവർഷവും സന്തോഷ് ട്രോഫി ക്യാമ്പുകൾ നടക്കും എന്ന് കെ എഫ് എയ്ക്ക് അറിയാവുന്നതാണ് അതിനനുസരിച്ച് ഫിക്സ്ചർ ഇടാതെ കളിയുടെ തലേ ദിവസം തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത് കേരള ഫുട്ബോളിനെ ഗുണം ചെയ്യില്ല.

ലീഗ് തുടങ്ങി പല ടീമുകളും അവരുടെ ആദ്യ മത്സരം വരെ കളിച്ചിട്ടില്ല. അതിനു മുന്നെ ഈ തീരുമാനം എത്തി. സന്തോഷ് ട്രോഫിക്ക് പിറകെ സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ വരുമ്പോൾ വീണ്ടും കെ എഫ് എ കേരള പ്രീമിയർ ലീഗ് നീട്ടിവെക്കുമോ എന്നും കണ്ടറിയണം. കഴിഞ്ഞ തവണ സെക്കൻഡ് ഡിവിഷൻ കാരണം പലപ്പോഴും മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നിരുന്നു.