കേരള പ്രീമിയർ ലീഗിൽ ഇന്ന് കെ എസ് ഇ ബിയും എഫ് സി കേരളയും

കേരള പ്രീമിയർ ലീഗിന്റെ രണ്ടാം മത്സരത്തിൽ ഇന്ന് ജനങ്ങളുടെ ക്ലബ് ആയ എഫ് സി കേരള കരുത്തരായ കെ എസ് ഇ ബിയെ നേരിടും. എഫ് സി കേരളയുടെ ഹോം ഗ്രൗണ്ടായ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് നാലു മണിക്കാണ് മത്സരം. ഇന്നലെ തിരൂരിൽ ഉണ്ടായതു പോലെ മികച്ച ജനപങ്കാളിത്തം ഇന്നത്തെ മത്സരത്തിനും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെ എഫ് എ. മത്സരത്തിന് പ്രവേശനം സൗജന്യമായിരിക്കും.

കഴിഞ്ഞ ആഴ്ച നടന്ന ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ മത്സരം തന്നെ പരാജയപ്പെട്ട് മടങ്ങേണ്ടി വന്ന ക്ഷീണത്തിലാണ് കെ എസ് ഇ ബി. അതിനു പരിഹാരമായി ഒരു വിജയത്തോടെ ലീഗിൽ തുടക്കം കുറിക്കാനാകും കെ എസ് ഇ ബി ലക്ഷ്യമിടുന്നത്. പക്ഷെ മൂന്നു വർഷങ്ങൾ കൊണ്ട് മികച്ച നടത്തിപ്പു കൊണ്ട് ഫുട്ബോൾ ലോകത്ത് മികച്ച സ്വീകാര്യതയും റിസൾട്ടും കൈവരിച്ചിരിക്കുന്ന എഫ് സി കേരള കെ എസ് ഇ ബി ശക്തമായ വെല്ലുവിളിയാകും.

മുൻ ചർച്ചിൽ ബ്രദേഴ്സ് താരം ബിനീഷ് ബാലന്റെ നേതൃത്വത്തിലാണ് എഫ് സി കേരള പ്രീമിയർ ലീഗിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ സെമി വരെ കുതിച്ച് എഫ് സി കേരള ഇത്തവണ കപ്പു തന്നെയാണ് ലക്ഷ്യം വെക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലെ ഫുട്ബോൾ സ്നേഹികൾക്ക് ക്ലബിനെ ഏൽപ്പിച്ചു കൊണ്ട് വളരുന്ന എഫ് സി കേരള കേരള ഫുട്ബോളിന്റെ പുതിയ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ക്ലബായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleനെയ്മറിന് ചുവപ്പ് കാർഡ് , കിരീടം കൈവിട്ട് ബാഴ്‌സ
Next articleകണക്കു തീർത്തു ഫൈനലിൽ കയറാൻ എസ് ബി ഐ ഇന്ന് കേരള പോലീസിനെതിരെ