കേരള പ്രീമിയർ ലീഗ് ഇനിയും നീളും, മുടന്തൻ കാരണങ്ങളുമായി കെ എഫ് എ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ഇത്തവണത്തെ കേരള പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ ഇനിയും കാലങ്ങൾ എടുക്കും. സന്തോഷ് ട്രോഫി ക്യാമ്പ് ആരംഭിച്ച കാരണം പറഞ്ഞ് ജനുവരി ആദ്യത്തിൽ നിർത്തിവെച്ച് ലീഗ് ഈ മാസവും തുടങ്ങാൻ ആവില്ല എന്ന് കെ എഫ് എ അറിയിച്ചു‌. മാർച്ചിൽ മാത്രമെ ലീഗ് പുനരാരംഭിക്കൂ എന്നാണ് കെ എഫ് എ അറിയിച്ചിരിക്കുന്നത്.

ഇത്രകാലവും സന്തോഷ് ട്രോഫി എന്നായിരുന്നു കാരണം എങ്കിലും സന്തോഷ് ട്രോഫിയിൽ നിന്ന് പുറത്തായതോടെ പുതിയ കാരണം കെ എഫ് എ കണ്ടു പിടിച്ചു. ക്ലബുകൾ പല ടൂർണമെന്റുകളുടെ ഭാഗമാകുന്നു എന്നതിനാലാണ് ഫെബ്രുവരിയിൽ കളിക്കാൻ കഴിയാത്തത് എന്നാണ് കെ എഫ് എ സർക്കുലറിൽ അറിയിച്ചിരിക്കുന്നത്.

കേരള പ്രീമിയർ ലീഗ് മാത്രം ലക്ഷ്യം വെച്ച് വിദേശ താരങ്ങളെ വരെ എത്തിച്ച് ടീം ഒരുക്കിയ ക്വാർട്സ് ലീഗ് പെട്ടെന്ന് നീട്ടിവെച്ചതിൽ പ്രതിഷേധിച്ച് ലീഗിൽ നിന്ന് പിന്മാറിയിരുന്നു. ലീഗ് നീളുന്നത് അമിത ചിലവുകൾ ഉണ്ടാക്കുകയും ക്ലബുകളെ കൂടുതൽ സാമ്പത്തിക പ്രസന്ധിയിൽ എത്തിക്കുകയും ചെയ്യും എന്ന കാരണം പറഞ്ഞായിരുന്നു ക്വാർട്സിന്റെ പിന്മാറ്റം. ക്വാർട്സിന് പകരം ഷൂട്ടേഴ്സ് പടന്നയ്ർ കെ എഫ് എ ലീഗിലേക്ക് എടുത്തിട്ടുണ്ട്. പക്ഷെ ലീഗ് തുടങ്ങാൻ ഇനിയും വൈകും എന്ന വാർത്ത ക്ലബുകളെ എല്ലാം നിരാശയിലാക്കിയിട്ടുണ്ട്‌

ലീഗ് തുടങ്ങി പല ടീമുകളും അവരുടെ ആദ്യ മത്സരം വരെ കളിച്ചിട്ടില്ല. അതിനു മുന്നെ തന്നെ ലീഗ് നിർത്തിവെച്ചു എന്നതും ദയനീയ കാര്യമാണ്. 6 മാസം നീണ്ടു നിക്കുന്ന ലീഗ് എന്ന മുദ്രാവാക്യം ആയിരുന്നു കെ എഫ് എ ഈ സീസൺ തുടക്കത്തിൽ പറഞ്ഞത്‌. അത് ഇത്ര ഇടവേള എടുത്തു കൊണ്ടാകുമെന്ന് കേരള ഫുട്ബോൾ ആരാധകർക്ക് പ്രവചിക്കാൻ കഴിഞ്ഞില്ല എന്നു മാത്രം.