നമിക്കണം കേരള ഫുട്ബോൾ അസോസിയേഷനെ, ഒരിക്കലും തീരാത്ത ഒരു ലീഗ് തന്നതിന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും വലിയ രണ്ടു ലീഗുകളായ ഐ എസ് എല്ലും ഐ ലീഗും ഒക്കെ കേരള പ്രീമിയർ ലീഗ് കണ്ടാൽ നമിച്ച് പോകും. പത്തും പതിനൊന്നും ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന നൂറോളം മത്സരങ്ങൾ നടക്കുന്ന ഐ എസ് എല്ലും ഐ ലീഗും ഒക്കെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തിട്ടും അനന്തമായി നീളുകളാണ് നമ്മുടെ സ്വന്തം കേരള പ്രീമിയർ ലീഗ്. ലീഗിൽ അത്രയധികം മത്സരങ്ങൾ ഉള്ളത് കൊണ്ടല്ല കെ പി എൽ ഇങ്ങനെ നീണ്ടു പോകുന്നത്. കെ എഫ് എയുടെ ഗംഭീര പ്ലാനിംഗിന്റെ ഗുണമാണ് കെ പി എല്ലിനെ മലയാളം സീരിയൽ പോലെ എന്ന് ഇത് അവസാനിക്കും എന്ന് മനസ്സിലാകാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്.

ഡിസംബറിൽ ആരംഭിച്ചതാണ് കേരള പ്രീമിയർ ലീഗിന്റെ ഈ സീസൺ. ലീഗ് മത്സരങ്ങളായി 44 മത്സരങ്ങളാണ് ആകെ ലീഗിൽ നടക്കേണ്ടത്. ഇതുവരെ നടന്നത് ആകെ 20 മത്സരങ്ങൾ. ലീഗ് തുടങ്ങിയിട്ട് നാലു മാസമായി എന്നത് ഓർക്കണം. ഒരു മാസം ശരാശരി 5 മത്സരങ്ങൾ നടക്കുന്ന ലീഗിനെയും ആ ലീഗ് നടത്തുന്നവരെയും എങ്ങനെ ആണ് ഫുട്ബോൾ പ്രേമികൾക്ക് സ്നേഹിക്കാൻ ആവുക.

ലീഗിൽ ഏതൊക്കെ ടീമുകൾ കളിക്കും ഏതൊക്കെ ടീമുകൾ പിന്മാറി, ആ പിന്മാറിയ ടീമുകളുടെ മത്സരങ്ങൾ എന്തു ചെയ്യും… ഇതിനൊന്നും എവിടെയും ഉത്തരമില്ല. ലീഗ് നടത്തിപ്പ് വൈകുന്നതിൽ മനം മടുത്താണ് ക്വാർട്സും, എസ് ബി ഐയും ലീഗിന് പകുതിക്ക് വെച്ച് ലീഗിൽ നിന്ന് പിന്മാറിയത്. ക്വാർട്സ് ഒരു കളി പോലും കളിക്കാതെയും എസ് ബി ഐ കുറച്ച് മത്സരങ്ങൾ കളിച്ചുമായിരുന്നു പിന്മാറിയത്. എസ് ബി ഐയുടെ ബാക്കി മത്സരങ്ങൾ എന്ത് ചെയ്യും എന്ന് പോലും കെ എഫ് എ വ്യക്തമാക്കിയില്ല.

ഇപ്പോഴും ലീഗിൽ ഉള്ള ഇന്ത്യൻ നേവി എന്ന ടീമാകട്ടെ ഇതുവരെ ഒരു മത്സരം കളിച്ചിട്ടില്ല. സന്തോഷ് ട്രോഫിയിൽ താരങ്ങൾ കളിക്കുന്നതിനാലാണ് ഇന്ത്യൻ നേവിക്ക് കളിക്കാബ് കഴിയാത്തത്. തങ്ങൾ ലീഗിൽ നിന്ന് പിന്മാറിക്കോളാം എന്ന് ഇന്ത്യൻ നേവി അറിയിച്ചു എങ്കിലും അതിന് കെ എഫ് എ അനുവദിച്ചില്ല. ലീഗിൽ നിന്ന് പിന്മാറിയാൽ എ ഐ എഫ് എഫിന് പരാതി നൽകും എന്ന് കെ എഫ് എ പറഞ്ഞതോടെ ഇന്ത്യൻ നേവി കളിക്കും എന്ന് ഉറപ്പായി. അതായത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മുഴുവൻ കഴിഞ്ഞ് ഇന്ത്യൻ നേവി എത്തുന്നത് വരെ ലീഗ് മുന്നോട്ട് പോകാൻ കാത്തിരിക്കേണ്ടി വരും എന്ന് ചുരുക്കം. അടുത്ത മഴ എത്തും മുമ്പ് ഈ ലീഗ് കഴിഞ്ഞാൽ കഴിഞ്ഞു എന്ന് പറയാം.

അവസാന രണ്ട് സീസണിൽ കെ എഫ് എ ലീഗ് നടത്തിയതിൽ നല്ല മതിപ്പ് ഉള്ളത് കൊണ്ടു തന്നെ അടുത്ത തവണ കെ പി എൽ കളിക്കാൻ ടീമിനെ കിട്ടിയാൽ അത്ഭുതം എന്ന് പറയാം. ഒരു ടീമിന് പരിശീലനത്തിനായി ആകെ അഞ്ചി പന്തുകളാണ് കെ എഫ് എ കൊടുക്കുന്നത് എന്നതിൽ തുടർന്ന് പരാതികൾ മാത്രമാണ് ഈ ലീഗിന്റെ സമ്പാദ്യം. ലീഗ് ആരംഭത്തിൽ ആഘോഷത്തോടെ തുടങ്ങിയ ലൈവ് ടെലിക്കാസ്റ്റ് ഒക്കെ എവിടെ മറഞ്ഞെന്ന് ആർക്കും അറിയില്ല. ഒക്കെ സഹിക്കാം. ലീഗിന്റെ ഒരു പോയിന്റ് ടേബിൾ എങ്കിലും കെ എഫ് എ എവിടെയെങ്കിലും നൽകിയിരുന്നെങ്കിൽ എന്നാണ് ഫുട്ബോൾ ആരാധകർ ആഗ്രഹിച്ചു പോകുന്നത്.