കേരള യുണൈറ്റഡിന്റെ വിജയത്തോടെ കെ പി എൽ സീസണ് തുടക്കം

Img 20210306 Wa0036
- Advertisement -

കേരള പ്രീമിയർ ലീഗിന്റെ ഏഴാം സീസണ് കേരള യുണൈറ്റഡിന്റെ വിജയത്തോടെ തുടക്കം. ഇന്ന് കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോവളം എഫ് സിയെ ആണ് കേരള യുണൈറ്റഡ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു കേരള യുണൈറ്റഡ് വിജയം. ഐ എം വിജയനം അടക്കമുള്ള പ്രമുഖരെ സാക്ഷികളാക്കി ആരംഭിച്ച മത്സരം ആദ്യ പകുതിയിൽ പതിയെ ആണ് നടന്നത്.

സീസണിലെ ആദ്യ മത്സരമായതിനാൽ തന്നെ ടീമുകൾ താളം കണ്ടെത്താൻ തുടക്കത്തിൽ വിഷമിച്ചു. ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും പിറന്നുമില്ല. രണ്ടാം പകുതിയിൽ കേരള യുണൈറ്റഡ് പതിയെ ആധിപത്യം സ്ഥാപിച്ചു. അറുപതാം മിനുട്ടിൽ അവർ അവരുടെ ആദ്യ ഗോളും കണ്ടെത്തി. അറുപതാം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ബുജൈറിന്റെ ഹെഡർ ആണ് വലയിൽ എത്തിയത്. അഞ്ചു മിനുട്ട് കഴിഞ്ഞ് കേരള യുണൈറ്റഡിന്റെ രണ്ടാം ഗോളും വന്നു.

ഇടതു വിങ്ങിൽ നിന്ന് കേരള യുണൈറ്റഡ് ക്യാപ്റ്റൻ അർജുൻ ജയരാജ് നൽകിയ പാസ് സ്വീകരിച്ച് കുതിച്ച മൗസൂഫ് നൈസാൻ ഗോളിയെ വെട്ടിച്ച് വീഴ്ത്തി പന്ത് വലയിൽ എത്തിച്ചു. മനോഹരമായ നീക്കത്തോടെ കേരള യുണൈറ്റഡ് 2-0ന് മുന്നിലായി. 70ആം മിനുട്ടിൽ മുഹമ്മദ് സഫീറിന്റെ ഒരു ഇടം കാലൻ ഷോട്ട് കേരള യുണൈറ്റഡിന്റെ മൂന്നാം ഗോളും മൂന്ന് പോയിന്റും ഉറപ്പിച്ചു.

Advertisement