കേരള പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി തൃശ്ശൂരിനെതിരെ

കേരള പ്രീമിയർ ലീഗ് ആവേശത്തിന് ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തുടക്കമാകും. ലീഗിലെ ഉദ്ഘാടന മത്സരത്തിൽ എഫ് സി തൃശ്ശൂർ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെയാണ് നേരിടുന്നത്. 10 ടീമുകളാണ് ഇത്തവണ കേരള പ്രീമിയർ ലീഗിൽ കിരീടത്തിനായി ഇറങ്ങുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കെ എസ് ഇ ബിയുടെ അസാന്നിദ്ധ്യം ടൂർണമെന്റിന്റെ ഒരു പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നുണ്ട്.

കഴിഞ്ഞ തവണ കേരള പ്രീമിയർ ലീഗിലെ അത്ഭുത ടീമായിരുന്നു എഫ് സി തൃശ്ശൂർ. മ്മടെ ക്ലബ് എന്നറിയപ്പെടുന്ന എഫ് സി തൃശ്ശൂരിന്റെ കരുത്ത എം ഡി കോളേജിന്റെ താരങ്ങളും പരിശീലകൻ ജാലിയുമാണ്. ജാലിയുടെ കോച്ചിംഗ് ബ്രില്യൻസിന് കഴിഞ്ഞ തവണ കേരള പ്രീമിയറ്റ് ലീഗ് സാക്ഷിയായിരുന്നു. ചെറിയ ടീമുമായി എത്തിയ എഫ് സി തൃശ്ശൂർ കഴിഞ്ഞ സീസണിൽ വലിയ അത്ഭുതങ്ങൾ കാട്ടി ഫൈനൽ വരെ എത്തിയിരുന്നു. ഇത്തവണയും അതുകൊണ്ട് തന്നെ എഫ് സി തൃശ്ശൂരിൽ ഫുട്ബോൾ നിരീക്ഷകർ വലിയ പ്രതീക്ഷയാണ് അർപ്പിക്കുന്നത്.

ഷമീൽ ചെമ്പകത്ത് എന്ന യുവ പരിശീലകന്റെ കീഴിലാണ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഇറങ്ങുന്നത്. സെക്കൻഡ് ഡിവിഷനിൽ ഇതിനകം തന്നെ അരങ്ങേറ്റം കുറിച്ച കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ആദ്യം പതറിയെങ്കിലും ഇപ്പോൾ ഫോമിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് സൂപ്പർ കപ്പിനായി ഭുവനേശ്വറിലേക്ക് സീനിയർ ടീമിനൊപ്പം പോയ സഹൽ അബ്ദുൽ സമദ്, ജിഷ്ണു ബാലകൃഷ്ണൻ തുടങ്ങിയ പ്രധാന താരങ്ങൾ ഇല്ലാതെയാകും ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.

വൈകിട്ട് 4 മണിക്ക് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial