ഗോകുലം വീണു!!! ഇന്ത്യൻ നേവിക്ക് കേരള പ്രീമിയർ ലീഗ് കിരീടം!!

തുടർച്ചയായ രണ്ടാം കേരള പ്രീമിയർ ലീഗ് കിരീടം എന്ന ഗോകുലം കേരള എഫ് സിയുടെ സ്വപ്നം പൊലിഞ്ഞു. കേരള ഫുട്ബോളിലെ ചാമ്പ്യന്മാർ ആരാണെന്ന് തീരുമാനിക്കാനുള്ള കലാശ പോര് വിജയിച്ച് ഇന്ത്യൻ നേവി കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഗോകുലം കേരള എഫ് സിയെ ഇന്ത്യൻ നേവി പരാജയപ്പെടുത്തിയത്. തങ്ങളുടെ ആദ്യ ലീഗ് സീസണിൽ തന്നെ കിരീടം ഉയർത്തിയിരിക്കുകയാണ് നേവി.

ഇന്ന് കോഴിക്കോട് നടന്ന ഫൈനലിൽ ശക്തമായ പോരാട്ടം തന്നെയായിരുന്നു കണ്ടത്. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരം ലഭിച്ചു എങ്കിലും ഗോൾ പിറന്നില്ല. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. പെനാൾട്ടി ആയിരുന്നു രണ്ട് ഗോളുകളിലേക്കും നയിച്ചത്. ആദ്യം 78ആം മിനുട്ടിൽ ഇന്ത്യൻ നേവിക്കാണ് പെനാൾട്ടി ലഭിച്ചത്. പെനാൾട്ടി എടുത്ത ബ്രിട്ടോവിന് പിഴച്ചില്ല. നേവി ഒരു ഗോളിന് മുന്നില.

ആ ഗോൾ വീണ് അടുത്ത മിനുട്ടിൽ തന്നെ ഗോകുലത്തിനും പെനാൾട്ടി ലഭിച്ചു. സബായെ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി. സബാ തന്നെ പെനാൾട്ടി കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. പിന്നീട് കളിയുടെ അവസാന നിമിഷത്തിൽ ഇന്ത്യൻ നേവിക്ക് വിജയിക്കാൻ ഒരു സുവർണ്ണാവസരം ലഭിച്ചു എങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

പെനാൾട്ടി ഷൂട്ടൗട്ടിൽ ഇരു ടീമുകളും ഒരോ കിക്ക് മിസ്സാക്കി 4-4 എന്നായതോടെ ഷൂട്ടൗട്ട് സഡൻ ഡത്തിലേക്ക് കടന്നു. അവസാനം ഗോകുലം കിക്ക് നഷ്ടപ്പെടുത്തുകയും ഇന്ത്യൻ നേവി ചാമ്പ്യന്മാരാവുകയും ചെയ്തു‌.

വളരെ വൈകി ലീഗിൽ എത്തിയ ഇന്ത്യൻ നേവി എല്ലാവരെയും മറികടന്ന് ആയിരുന്നു സെമിയിലേക്ക് എത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നാണ് നേവി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. സെമിയിൽ എഫ് സി കേരളയെയും നേവി തോൽപ്പിച്ചു. രജിസ്റ്റർ ചെയ്യാത്ത താരങ്ങളെ കളിപ്പിക്കുന്നുണ്ട് എന്ന പരാതി ഉയരുന്നുണ്ട് എങ്കിലും അത് വകവെക്കാതെ മുന്നേറിയാണ് ഇന്ത്യൻ നേവി കിരീടം ഉറപ്പിച്ചത്. ഒരു വർഷത്തിനു ശേഷം വീണ്ടും കെ പി എൽ കിരീടം ഒരു ഡിപാർട്മെന്റ് ടീം സ്വന്തമാക്കിയിരിക്കുകയാണ്‌‌‌. കഴിഞ്ഞ സീസണു മുമ്പത്തെ സീസണിൽ ഡിപാർട്നെന്റായ കെ എസ് ഇ ബി കെ പി എൽ കിരീടം സ്വന്തമാക്കിയിരുന്നു.