ബ്രിട്ടോയുടെ മാസ്മരിക ഫ്രീകിക്ക്, എഫ് സി കേരളയെ വീഴ്ത്തി ഇന്ത്യൻ നേവി ഫൈനലിൽ

- Advertisement -

കേരള പ്രീമിയർ ലീഗിൽ ഈ സീസണിലെ ആദ്യ ഫൈനലിസ്റ്റുകൾ തീരുമാനമായി. ഇന്ത്യൻ നേവി ആണ് ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ഇന്ന് മാറിയത്. ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എഫ് സി കേരളയെ വീഴ്ത്തിയാണ് ഇന്ത്യൻ നേവി ഫൈനൽ ഉറപ്പിച്ചത്. ആദ്യ മുതൽ അവസാനം വരെ വിരസമായ മത്സരത്തിനായിരുന്നു ഇന്ന് ഇ എം എസ് സ്റ്റേഡിയം സാക്ഷിയായത്.

എന്നാൽ രണ്ടാം പകുതിയിലെ ഒരു നിമിഷത്തെ ബ്രിട്ടോയുടെ ബ്രില്യൻസ് വിജയം ഇന്ത്യൻ നേവിക്ക് നൽകി. 25 വാരെ അകലെ നിന്ന് ബ്രിട്ടോ എടുത്ത ഫ്രീകിക്ക് ഇന്ത്യൻ നേവിക്ക് അനുകൂലമാക്കി കളി മാറ്റി. ലോക നിലവാരത്തിൽ ഉള്ള ഫ്രീകിക്ക് തൊടാൻ പോലുൻ എഫ് സി കേരള ഗോൾ കീപ്പർക്ക് ആയില്ല. ആ ഗോൾ പിറന്നതിനു ശേഷവും മത്സരത്തിൽ ഇരുടീമുകൾക്കും കാര്യമായ അവസരമൊന്നും സൃഷ്ടിക്കാനായില്ല‌. പക്ഷെ കളിയുടെ 86ആം മിനുട്ടിൽ ഒരു ഡിഫൻസീവ് മിസ്റ്റേക്ക് മുതലെടുത്ത് ബിപാക താപ ഇന്ത്യൻ നേവിയുടെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. ബോക്സിന് പുറത്ത് നിന്ന് ഒരു കിടിലൻ സ്ട്രൈക്കിലൂടെ ആയിരുന്നു താപയുടെ ഗോൾ.

ഇന്ത്യൻ നേവിയുടെ ആദ്യ കേരള പ്രീമിയർ ലീഗ് ആയിരുന്നു ഇത്. സന്തോഷ് ട്രോഫിയിൽ സർവീസസിനായി തിളങ്ങിയ പ്രമുഖർ അടങ്ങിയതാണ് നേവിയുടെ ടീം. നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഗോകുലം കേരള എഫ് സിയും കേരള ബ്ലാസ്റ്റേഴ്സുമാണ് ഏറ്റുമുട്ടുന്നത്‌.

Advertisement