ഗോകുലം കേരള, ഇനി കേരളത്തിന്റെ ചാമ്പ്യൻസ്!!!

- Advertisement -

കേരള പ്രീമിയർ ലീഗ് കിരീടം ഗോകുലം എഫ് സിക്ക് സ്വന്തം. ഇന്ന് നടന്ന കേരള പ്രീമിയർ ലീഗ് ഫൈനലിൽ ക്വാർട്സ് എഫ് സിയെ ആണ് ഗോകുലം പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ ഉടനീളം അത്ഭുതങ്ങൾ കാണിച്ചെത്തിയ ക്വാർട്സിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഗോകുലം എഫ് സി പരാജയപ്പെടുത്തിയത്. ഗോകുലത്തിന്റെ ആദ്യത്തെ കേരള പ്രീമിയർ ലീഗ് കിരീടമാണിത്. കഴിഞ്ഞ തവണ സെമി ഫൈനലിൽ ഗോകുലത്തിന്റെ യാത്ര അവസാനിച്ചിരുന്നു.

ഗ്രൂപ് ഘട്ടത്തിൽ എട്ടിൽ ഏഴു മത്സരങ്ങക്കും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഗോകുലം എഫ് സി സെമിയിലേക്ക് എത്തിയത്. സെമിയിൽ സാറ്റ് തിരൂരിനെ ആയിരുന്നു ഗോകുലം പരാജയപ്പെടുത്തിയത്. ഇന്ന് നടന്ന ഫൈനലിൽ കളിയുടെ രണ്ടാം പകുതിയിൽ സബ്സ്റ്റിട്യൂട്ടായി എത്തിയ ബ്രയാൻ ഉമ്നോയ് ആണ് ഗോകുലത്തിന്റെ രക്ഷകനായത്. ഉമ്നോയിലൂടെ ലീഡെടുത്ത ഗോകുലത്തിന് വേണ്ടി 87ആം മിനുട്ടിൽ രണ്ടാം ഗോൾ നേടി യുവതാരം അർജുൻ ജയരാജ് കിരീടം ഉറപ്പിച്ച് കൊടുക്കുകയായിരുന്നു. ലീഗിൽ 10 ഗോളുകൾ അടിച്ചു കൂട്ടിയ ക്വാർട്സിന്റെ ഉഗാണ്ടൻ സ്ട്രൈക്കർ ഇമ്മാനുവലിനെ പിടിച്ചു കെട്ടാൻ കഴിഞ്ഞതും ഗോകുലത്തിന്റെ വിജയത്തിലേക്ക് വഴി തെളിച്ചു.

സെമിയിൽ എഫ് സി തൃശ്ശൂരിനെ തോൽപ്പിച്ചായിരുന്നു ക്വാർട്സ് എഫ് സി ഫൈനലിലേക്ക് എത്തിയത്. ലീഗിൽ ഗോകുലത്തിനെ തോൽപ്പിച്ച ഒരേയൊരു ടീമായ ക്വാർട്സിന് ആ മികവ് ഫൈനലിൽ ആവർത്തിക്കാനായില്ല. 10 ഗോളുകൾ നേടിയ ക്വാർട്സിന്റെ ഇമ്മാനുവൽ ലീഗിലെ സ്കോററായി സീസൺ അവസാനിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement