കേരളത്തിൽ ഗോകുലത്തിന് എതിരില്ല!! കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം ഫൈനലിൽ

- Advertisement -

കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ് സി ഒരിക്കൽ കൂടെ ഫൈനലിൽ. ഇന്ന് കേരളം കാത്തു നിന്ന വമ്പൻ പോരാട്ടം വിജയിച്ചാണ് ഗോകുലം കേരള എഫ് സി ഫൈനൽ ഉറപ്പിച്ച്. ഇന്ന് കോഴിക്കോട് വെച്ച് നടന്ന സെമിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ഗോകുലം കേരള എഫ് സി തോൽപ്പിച്ചത്.

കേരള പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ കാണികൾ സാക്ഷികളായ മത്സരത്തിന് പക്ഷെ ഗോകുലം – കേരള ബ്ലാസ്റ്റേഴ്സ് പോരിന്റെ ആവേശം ഒന്നും ഉണ്ടായില്ല. ഐ എസ് എൽ ഐ ലീഗ് താരങ്ങൾ ഇരുടീമിലും അണിനിരന്നിട്ടും മികച്ച ഗോൾ അവസരങ്ങൾ പോലും സൃഷ്ടിക്കപ്പെട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിനായി വിദേശ താരം സ്റ്റൊഹാനോവിച് ഇറങ്ങിയപ്പോൾ ഗോകുലത്തിനായി സബായും അർജുൻ ജയരാജും ഒക്കെ കളത്തിൽ ഇറങ്ങി.

മത്സരത്തിൽ ആർക്കും വ്യക്തമായ ആധിപത്യം ഒന്നിം ഉണ്ടായിരുന്നില്ല. അർജുൻ ജയരാജ് സബ് ആയി എത്തിയ ശേഷം അവസാന നിമിഷങ്ങളിൽ ഗോകുലം മത്സരത്തിൽ നേരിയ ആധിപത്യം നേടി. ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ അവസാന നിമിഷങ്ങളിൽ സമ്മർദ്ദത്തിൽ ആക്കാനും ഗോകുലത്തിനായി.

പെനാൾട്ടി ഷൂട്ടൗട്ടിൽ കളി എത്തിയപ്പോൾ 5-4 എന്ന സ്കോറിനാണ് ഗോകുലം കേരള എഫ് സി വിജയിച്ചത്. ആദ്യ പെനാൾട്ടി കിക്ക് തന്നെ നഷ്ടപ്പെടുത്തിയതാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്. ഫൈനലിൽ ഇന്ത്യൻ നേവിയെ ആകും ഗോകുലം കേരള എഫ് സി നേരിടുക. നിലവിലെ കെ പി എൽ ചാമ്പ്യന്മാരാണ് ഗോകുലം. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് റെക്കോർഡ് ഇട്ടാണ് ഗോകുലം കേരള എഫ് സി സെമി ഫൈനലിലേക്ക് എത്തിയത്

Advertisement