കോട്ടപ്പടിയിൽ കേരള പോലീസിന് വീഴ്ച പറ്റി, തൃശ്ശൂരിന് രണ്ടാം ജയം

കോട്ടപ്പടി സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റുകൾക്ക് കീഴെ സ്വന്തം തട്ടകത്തിൽ ഇറങ്ങിയ കേരള പോലീസ് ടീമിന് കേരള പ്രീമിയർ ലീഗിൽ പരാജയത്തോടെ തുടക്കം. പ്രീമിയർ ലീഗിൽ നടത്തിയ മികച്ച തുടക്കം തുടരുന്ന എഫ് സി തൃശ്ശൂരിനു മുന്നിലാണ് കേരള പോലീസ് വീണത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി തൃശ്ശൂരിന്റെ ജയം.

മലപ്പുറത്തെ തങ്ങളുടെ ലീഗിലെ രണ്ടാം വരവ് പരാജയം ആവർത്തിക്കാനാകരുത് എന്ന് നിർബന്ധമുണ്ടായിരുന്നു എഫ് സി തൃശ്ശൂരിന്. മികച്ച കളി കാഴ്ചവെച്ചിട്ടും സാറ്റിനോട് തിരൂരിൽ ഏറ്റ പരാജയം മറന്ന തരത്തിലായിരുന്നു തൃശ്ശൂരിന്റെ ഇന്നത്തെ പ്രകടനം. ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകളുമായി തൃശ്ശൂർ കേരള പോലീസിന്റെ നടുവൊടിച്ചു. ആഷിഖും അഷ്ഫറുമാണ് എഫ് സി തൃശ്ശൂരിനു വേണ്ടി ഇന്ന് ലക്ഷ്യം കണ്ടത്‌. ലഭിച്ച ഒരു പെനാൾട്ടി കളഞ്ഞില്ലായിരുന്നു എങ്കിലും തൃശ്ശൂരിന് ലീഡ് ഇതിലും വലുതാക്കാമായിരുന്നു.

എഫ് സി തൃശ്ശൂർ ഈ ജയത്തോടെ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തെത്തി. മൂന്നു മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു പരാജയവുമായി ആറു പോയന്റുകളാണ് എഫ് സി തൃശ്ശൂരിനിപ്പോൾ. ഗ്രൂപ്പ് ബിയിൽ നാളെ നടക്കുന്ന മത്സരത്തിൽ എസ് ബി ഐ സാറ്റ് തിരൂരിനെ നേരിടും. തിരുവനന്തപുരത്തു വെച്ചാണ് മത്സരം.