ആദ്യ പരാജയം മറക്കാൻ എഫ് സി തൃശ്ശൂർ സെൻട്രൽ എക്സൈസിനെതിരെ

- Advertisement -

കേരള പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽ ഏറ്റ പരാജയം മറന്ന് വിജയ വഴിയിലേക്ക് വരാൻ ഇന്ന് എഫ് സി തൃശ്ശൂർ സെൻട്രൽ എക്സൈസിനെതിരെ ഇറങ്ങും. കേരള പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ സാറ്റിനെതിരെ മികച്ച കളി പുറത്തെടുത്തിട്ടും വിജയിക്കാൻ എഫ് സി തൃശ്ശൂരിനായിരുന്നില്ല. ഡിഫൻസിന്റെ പരാജയത്തിൽ അന്ന് നഷ്ടപ്പെട്ട ഫലം ഇന്ന് സ്വന്തം ഹോം ഗ്രൗണ്ടായ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ ആവർത്തിക്കാതിരിക്കാനാകും തൃശ്ശൂർ ശ്രദ്ധിക്കുക. ആദ്യ കളിയിൽ തൃശ്ശൂരിനു വേണ്ടി ലക്ഷ്യം കണ്ട രാജേഷിന്റെ ബൂട്ടുകളിൽ ഇന്നും എഫ് സി തൃശ്ശൂർ പ്രതീക്ഷ കൽപ്പിക്കുന്നു.

തൃശ്ശൂരിന്റെ എതിരാളികളായി എത്തുന്നത് സെൻട്രൽ എക്സൈസാണ്. ഇക്കഴിഞ്ഞ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയ സെൻട്രൽ എക്സൈസ് ആ പ്രകടനം പ്രീമിയർ ലീഗിലും നടത്താനാകും ഇറങ്ങുക. അവസാന മത്സരത്തിൽ ഗോകുലത്തോട് ഏറ്റുമുട്ടിയപ്പോൾ ഗോൾ വാരിക്കൂട്ടിയ ഡിഫൻസാകും സെൻട്രൽ എക്സൈസിന്റെ പ്രധാന തലവേദന. ഇന്ന് വൈകിട്ട് നാലു മണിക്ക് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.

Advertisement