ബാസ്കോ ഒതുക്കുങ്ങൽ ഗ്രൂപ്പ് ചാമ്പ്യന്മാർ, കേരള പ്രീമിയർ ലീഗ് സെമി ഫൈനൽ ലൈനപ്പ് ആയി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അപരാജിതരായി ബാസ്‌കോ എ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

അവസാന മത്സരത്തില്‍ സാറ്റ് തിരൂരിനും ജയം

തൃശൂര്‍: രാംകോ കേരള പ്രീമീയര്‍ ലീഗില്‍ ബാസ്‌കോ ഒതുക്കുങ്ങലിന്റെ അപരാജിതക്കുതിപ്പ് തുടരുന്നു. നേരത്തെ സെമിഫൈനല്‍ ഉറപ്പാക്കിയ ടീം ബുധനാഴ്ചയിലെ അവസാന മത്സരവും ജയിച്ച് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്‌സി കേരളയെ 3-0നാണ് ബാസ്‌കോ തകര്‍ത്തുവിട്ടത്. 10 മത്സരങ്ങളില്‍ 7 ജയം നേടിയ ടീം 24 പോയിന്റുകള്‍ സ്വന്തമാക്കി. ലീഗില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ബാസ്‌കോയുടെ നേട്ടം. എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സാറ്റ് തിരൂരും, പറപ്പൂര്‍ എഫ്‌സിയെ തോല്‍പ്പിച്ച് (2-0) സെമിഫൈനല്‍ മുന്നൊരുക്കം ഗംഭീരമാക്കി. സാറ്റ്, പത്ത് മത്സരങ്ങളില്‍ 7 ജയവും 2 സമനിലയും ഉള്‍പ്പെടെ 23 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി ഫിനിഷ് ചെയ്തു. 20220406 220719

എ ഗ്രൂപ്പിലെ ആദ്യരണ്ടു സ്ഥാനങ്ങള്‍ നിര്‍ണയിക്കപ്പെട്ടതോടെ സെമിലൈനപ്പും വ്യക്തമായി. എപ്രില്‍ 8ന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യസെമിയില്‍ ബാസ്‌കോ ഒതുക്കുങ്ങല്‍, ഗ്രൂപ്പ് ബി റണ്ണേഴ്‌സ്അപ്പായ കെഎസ്ഇബിയെ നേരിടും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ബി ഗ്രൂപ്പ് ജേതാക്കളായ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി, സാറ്റ് തിരൂരിനെ നേരിടും. ഇരു മത്സരങ്ങളുടെയും കിക്കോഫ് വൈകിട്ട് 4ന്. ഏപ്രില്‍ 10ന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് കലാശക്കളി. ഗോകുലം കേരള എഫ്‌സിയാണ് നിലവിലെ രാകോം കെപിഎല്‍ ചാമ്പ്യന്‍മാര്‍.

ബുധനാഴ്ച തൃശൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ സാറ്റിനായി അര്‍ഷാദ് പി (45), മുഹമ്മദ് തബ്‌സീര്‍ (48) എന്നിവര്‍ ഗോള്‍ നേടി. അര്‍ഷാദ് കളിയിലെ താരമായി. രണ്ടാം മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ വിദേശതാരം ലിയാന്റി മറാബെ ഹാട്രിക് നേടി ബാസ്‌കോയുടെ വിജയമുറപ്പിച്ചു. പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യഗോള്‍.

കെപിഎലില്‍ വ്യാഴാഴ്ച ബി ഗ്രൂപ്പിലെ അവസാന മത്സരം നടക്കും. വൈകിട്ട് നാലിന് അവസാന സ്ഥാനക്കാരായ ലിഫയും എംഎ അക്കാദമിയും തമ്മിലാണ് മത്സരം. തൃശൂരിലെ എ ഗ്രൂപ്പ് മത്സരത്തില്‍ വൈകിട്ട് ഏഴിന് വയനാട് യുണൈറ്റഡ് എഫ്‌സി, ഐഫയെ നേരിടും.