Site icon Fanport

കേരള പോലീസ് പഞ്ചാബിനോട് തകര്‍ന്നു

മലപ്പുറം: 67-ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് നാലാം സ്ഥാനം.  ഇന്ന് (07-02-19)രാവിലെ കോട്ടപ്പടി മൈതാനത്ത് 7.30ന്  മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ പഞ്ചാബ് പോലീസിനോട് എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് തകര്‍ന്നത്.    പഞ്ചാബിന് വേണ്ടി ജഗദീപ് സിംങ് ഹാട്രിക് നേടി. അമന്‍ദീപ് ഒരു ഗോളും സ്‌കോര്‍ ചെയ്തു. സെമിയില്‍ പരാജയപ്പെട്ടതിന്റെ നിരാശയില്‍ ടീമിന്റെ പ്രകടനം വളരെ മോശം നിലവാരം പുലര്‍ത്തി.

പരിക്ക് മൂലം ഗോള്‍കീപ്പര്‍ നിഷാദിന് പകരം  മെല്‍ബിനെ പരീക്ഷിച്ചു.നാലു ഗോളുകളും വീണത് ആദ്യ പകുതിയിലാണ്. രണ്ടാംപകുതിയില്‍ കേരള പോലീസ് ടീം കൃത്യതയുള്ള വണ്‍ ടെച്ച് ഗെയിം പുറത്തെടുത്തെങ്കിലും ലക്ഷ്യം നേടാനായില്ല. ഒരുതവണ അഖില്‍ജിതും രണ്ട് തവണ സുജിലും മാത്രമാണ് പഞ്ചാബ് ഗോള്‍കീപ്പറെ പരീക്ഷിച്ചത്.  പന്ത് കൈമാറുന്നതിലുള്ള വേഗതയില്ലായ്മയാണ് പലപ്പോഴും ടീമിന് തടസ്സമായത്.   

കളി തീരാന്‍ 10 മിനിറ്റ് ബാക്കി നില്‍ക്കെ  ഉയര്‍ന്നു വന്ന പന്ത് പിടിച്ചെടുക്കുന്നിനിടെ ജഗദീപ് സിങ്ങുമായി കൂട്ടിയിടിച്ച വീണ മെല്‍ബിനെ സ്ട്രച്ചറിലാണ് കൊണ്ടു പോയത്. പകരം ഡിഫന്റര്‍ ശ്രീരാഗ് ആണ് പിന്നീട് വല കാത്തത്. ഇന്നലെ ഐ എം വിജയനെ പുറത്തിരുത്തിയാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഇന്ന് 5 മണിക്ക് നടക്കുന്ന ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ബിഎസ്എഫ് സിആര്‍പിഎഫിനെ നേരിടും.

Exit mobile version