സി കെ വിനീത്, ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മാത്രം സ്വത്ത്

- Advertisement -

അതെ, അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിട. കേരളത്തിന്റെ സൂപ്പർ സ്റ്റാർ ഇനി മഞ്ഞപ്പടയുടെ മാത്രം സ്വന്തം. കളിക്കാരെ നിലനിർത്തും എന്നും നിലനിർത്തില്ലാ എന്നും വാർത്തകൾ വന്നതിൽ വിഷമത്തിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ജീവശ്വാസം പോലെ ആ വാർത്ത ഔദ്യോഗികമായി വന്നിരിക്കുകയാണ്. സി കെ വിനീതിനെ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ തീരുമാനിച്ചിരിക്കുന്നു. രണ്ടു കളിക്കാരെ ഡ്രാഫ്റ്റിനും മുന്നേ നിലനിർത്താം എന്ന തീരുമാനത്തിൽ കേരളം നിലനിർത്താൻ തീരുമാനിച്ച ആദ്യ താരം സി കെ വിനീത് തന്നെ.

കഴിഞ്ഞ സീസണിലെ ഐ എസ് എല്ലിലേയും ഐ ലീഗിലേയും ഇന്ത്യൻ ടോപ്പ് സ്കോറർ ആയിരുന്നു വിനീത്. തന്റെ കരിയറിന്റെ പീക്കിൽ എത്തി നിൽക്കുന്ന വിനീത് , ഫെഡറേഷൻ കപ്പിൽ ബെംഗളൂരു എഫ് സിക്ക് ഒറ്റയാൾ പോരാട്ടത്തിലൂടെ കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. സൂപ്പർ സബായി ഫെഡറേഷൻ കപ്പ് ഫൈനലിൽ ഇറങ്ങിയ വിനീതിന്റെ ഇരട്ട ഗോളുകളാണ് മോഹൻ ബഗാനെ മറികടന്ന് ബെംഗളൂരുവിനെ കിരീടം നേടാൻ സഹായിച്ചത്.

കഴിഞ്ഞ ഐ എസ് എല്ലിൽ കേരളം മോശം തുടക്കത്തിലൂടെ പിറകോട്ട് പോയപ്പോൾ സ്റ്റീവ് കോപ്പലിന്റെ തന്ത്രങ്ങൾക്കൊപ്പം തന്നെ കേരളത്തിന്റെ തിരിച്ചുവരവിലെ പ്രധാന പങ്കു വിനീതിനുമുണ്ടായിരുന്നു. സീസൺ പകുതിക്ക് ശേഷം മാത്രം മഞ്ഞ ജേഴ്സി അണിഞ്ഞ സി കെ വിനീത് ഐ എസ് എല്ലിലെ ഇന്ത്യൻ ടോപ്പ് സ്കോററായാണ് കഴിഞ്ഞ ഐ എസ് എൽ സീസൺ അവസാനിപ്പിച്ചത്. അഞ്ചു ഗോളുകളുമായി കേരളത്തിന്റെ ഫൈനൽ വരെയുള്ള യാത്രയിൽ താരമായതും വിനീതായിരുന്നു. ചെന്നൈയിൻ എഫ് സിക്കെതിരെ അവസാന മിനുറ്റുകളിൽ നേടിയ ഇരട്ട ഗോളുകൾ ഇതിൽ പ്രധാനമാണ്.

കേരള ബ്ലാസ്റ്റേഴ്സ് വിനീതിനെ നിലനിർത്താൻ തീരുമാനിച്ചത് മാനേജ്മെന്റ് ആരാധകരെ അറിയുന്നു എന്ന പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് തങ്ബോയ് സിംഗ്ടോയെ പോലൊരു കോച്ചിനെ കേരളത്തിലേക്ക് എത്തിച്ചതും ഒപ്പം കേരളത്തിലെ 14 ജില്ലകളിലേക്കും ഗ്രാസ്റൂട്ട് പദ്ധതികൾ വ്യാപിപ്പിച്ചു കൊണ്ട് പുതിയ ഗ്രാസ്റൂട്ട് പദ്ധതി പ്രഖ്യാപിച്ചതും ബ്ലാസ്റ്റേഴ്സിൽ കേരള ഫുട്ബോൾ ആരാധകർക്കുള്ള പ്രതീക്ഷ കൂട്ടിയിരുന്നു. വിനീത് കൂടെ എത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് കിരീടം എന്ന ലക്ഷ്യത്തോടൊപ്പമാണ് നീങ്ങുന്നത് എന്നു വേണം കരുതാൻ.

കേരള ഫുട്ബോൾ ഐക്കണായി തന്നെ മാറിയ താരത്തെ മറ്റൊരു ജേഴ്സിക്കും വിട്ടുകൊടുക്കാത്തത് ഫുട്ബോൾ പ്രേമികൾക്ക് ഒരേസമയം ആത്മവിശ്വാസം കൂട്ടുകയും ഒപ്പം എതിരായി വിനീതിന്റെ ബൂട്ടുകളില്ലാ എന്നാ ആശ്വാസവും നൽകുകയാണ്.

Vineeth’s Stats in ISL Season 2016-17

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement