
സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ ടോപ്പ് സ്കോറർ ആയ ജിതിൻ എം എസിനെ സ്വന്തമാക്കാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയ ജിതിൻ എം എസ്സുമായി കേരള ബ്ലാസ്റ്റേഴ്സ് പ്രാരംഭഘട്ട ചർച്ചകളിലാണ്. എഫ് സി കേരളയുടെ താരമാണ് ഇപ്പോൾ ജിതിൻ എം എസ്.
കേരളത്തിനായി സന്തോഷ് ട്രോഫിയിൽ വലതുവിങ്ങിലായിരുന്നു ജിതിൻ എം എസ് കളിച്ചത്. സന്തോഷ് ട്രോഫിയിൽ ഫൈനലിലെ ഗോൾ അടക്കം 5 ഗോളുകൾ ജിതിൻ എം എസ് നേടിയിരുന്നു. കേരളവർമ്മ കോളേജ് വിദ്യാർത്ഥിയായ ജിതിൻ എം എസിനെ ടീമിലേക്ക് എത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ വർഷത്തെ സന്തോഷ് ട്രോഫിയിൽ മികവു തെളിയിച്ച ജിഷ്ണു ബാലകൃഷ്ണനേയും സഹൽ അബ്ദുൽ സമദിനേയും ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ വർഷം ടീമിൽ എത്തിച്ചിരുന്നു.
ഐ എസ് എല്ലിൽ കാര്യമായി അവസരം ലഭിക്കാത്ത സഹൽ അബ്ദുൽ സമദും ജിഷ്ണു ബാലകൃഷ്ണനും ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനൊപ്പമാണ്. ജിതിൻ എം എസും ടീമിലെത്തിയാൽ റിസേവ്സ് ടീമിലായി ഒതുങ്ങുമോ എന്ന ആശങ്ക ഫുട്ബോൾ നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial