കവരത്തി ലീഗ് ഫുട്ബോളിനു(KLF) നാളെ തുടക്കം.

- Advertisement -

എട്ടാമത് സീസൺ കവരത്തി ലീഗ് ഫുട്ബോൾ ( കെ.എൽ.എഫ്) നാളെ തുടങ്ങും. കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് എല്ലാ മത്സരങ്ങളും. ഉദ്ഘാടന ദിവസം കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ വിസിസി, റിഥം ക്ലബ്ബിനെ നേരിടും. വൈകുന്നേരം 4:30 നാണ് കളികൾ. തുടർന്ന് എല്ലാ ദിവസവും ഈരണ്ട് കളികളാണ്. 3:00 മണിക്കും 4:30 നുമാണ് മത്സരങ്ങൾ. ഐ.പി.എൽ മാതൃകയിൽ നടക്കുന്ന മത്സരങ്ങളിൽ ഫൈനൽ ജൂലൈ 22 നാണ്‌.

ആകെ ഏഴു ടീമുകളാണ് കെ.എൽ.എഫിൽ പങ്കെടുക്കുന്നത്. പ്ലയിംഗ് ഇലവനിൽ മാക്സിമം 4 അന്യദ്വീപുകാർക്കോ രണ്ട് മെയിൻ ലാൻഡ് കളിക്കാർക്കോ കളിക്കാവുന്നതാണ്. പല ടീമുകളിലായി മലയാളി കളിക്കാരും കെ.എൽ.എഫിൽ പങ്കെടുക്കുന്നുണ്ട്.

8 കൊല്ലം ഏറ്റവും മികച്ച രീതിയിൽ നടന്ന് വരുന്ന കെ.എൽ.എഫ്(KLF) ലക്ഷദ്വീപ് ഫുട്ബോളിന് നൽകിയ നേട്ടങ്ങൾ അനവധിയാണ്. മറ്റ് ദ്വീപ്കാർക്കും, കേരളത്തിനു തന്നെയും മാതൃകയാവുന്ന പ്രൊഫഷണൽ സമീപനമാണ് KLF സംഘാടകരിൽ നിന്നുണ്ടാവുന്നത്. കേരളത്തിലെ സെവൻസ് ഫുട്ബോളിനെ ഓർമ്മിപ്പിക്കുന്ന ആവേശവും ആരവവും എന്നും KLF ന്റെ മുതൽകൂട്ടാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും, ദ്വീപിലെ ഏക മൈതാനത്ത് എല്ലാ മത്സരങ്ങളും സംഘടിപ്പിക്കണം എന്നീ ബുദ്ധിമുട്ടലുകൾക്കിടയിലും KLF കൈവരിച്ച വിജയം അത്ഭുതാവാഹമാണ്.

വെറും ഒന്നോ രണ്ടോ സീസൺ മാത്രം ഒടുങ്ങുന്ന ദ്വീപിലെ മറ്റ് ടൂർണമെന്റുകൾക്ക്‌ എങ്ങനെ വിജയിക്കാം എന്നതിന്റെ പാഠം കൂടിയാണ് KLF. ടീമിനായി ദ്വീപിലെ ചെറിയ കടകളിൽ നിന്ന് സ്പോൺസർമാരെ ഒപ്പിക്കാൻ സാധിച്ച KLF നു ഈ കുറഞ്ഞ കാലം കൊണ്ട് മികച്ച ആരാധകരേയും ഉണ്ടാക്കാൻ സാധിച്ചു. കഴിഞ്ഞ രണ്ട് വർഷമായി മികച്ച രീതിയിൽ അണ്ടർ 14 കുട്ടികളെ യൂത്ത് ടീമുകളായി തന്നെ തിരിച്ച് പരിശീലനവും അവർക്കായി ടൂർണമെന്റ് സംഘടിപ്പിക്കാനും KLF നായി. ഏതാണ്ട് 125 ഓളം കുട്ടികൾക്ക് ഇങ്ങനെ പരിശീലനം നൽകാൻ KLF നായി.

സമീപകാലത്ത് ഇന്റർ ഐലന്റ് ടൂർണമെന്റിൽ ലക്ഷദ്വീപിൽ കവരത്തി പുലർത്തുന്ന മൃഗീയ ആധിപത്യത്തിനു കാരണവും KLF അല്ലാതെ മറ്റൊന്നല്ല. സമീപകാലത്ത് ആദ്യമായി സന്തോഷ് ട്രോഫി കളിച്ച് തെലുങ്കാനയെ തോൽപ്പിച്ച് ചരിത്രമെഴുതിയ ലക്ഷദ്വീപിന്റെ കുതിപ്പിന്റെ പ്രധാനപങ്കും KLF നു തന്നെ അവകാശപ്പെട്ടതാണ്. ഈ അടുത്ത് സന്തോഷ് ട്രോഫിയിൽ ലക്ഷദ്വീപിനെ പരിശീലിപ്പിച്ച ദീപക് സാറിനെ നാട്ടിലെത്തി ചെറിയ നിലയിൽ ഫുട്ബോൾ ക്യാമ്പ് നടത്താനും ഫുട്ബോൾ അസോസിയേഷനായി. ഇങ്ങനെ സകല നിലക്കും ലക്ഷദ്വീപ് ഫുട്ബോളിനു സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് KLF.

KLF ൽ ലക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബ് ആയിരുന്നു കഴിഞ്ഞ വർഷത്തെ ജേതാക്കൾ. ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അന്നവർ വിസിസിയെ പരാജയപ്പെടുത്തിയത്. ഒരു ലക്ഷം രൂപയും, ട്രോഫിയുമാണ് ചാമ്പ്യന്മാർക്ക് ലഭിക്കുക. 40,000 രൂപയാണ് രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കുക. കിരീടം നിലനിർത്താൻ ലക്കഡീവ്സ് സ്പോർട്ടിംഗ് ക്ലബും, കിരീടത്തിനായി മറ്റുള്ളവരും പൊരുതുമ്പോൾ തീ പാറുന്ന ഫുട്ബോൾ ദിനങ്ങൾക്കാണ് കവരത്തി വരും ദിവസങ്ങളിൽ സാക്ഷ്യം വഹിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement