കവരത്തിൽ ലീഗ് ഫുട്ബോളിനു തുടക്കം, ആദ്യദിനം ഷാർക്ക് എഫ്സിക്കും റിഥത്തിനും ജയം

- Advertisement -

ഒമ്പതാം സീസൺ കവരത്തി ലീഗ് ഫുട്ബോൾ ( കെ.എൽ.എഫ്) മത്സരങ്ങൾക്ക് തുടക്കം. ആദ്യ ദിവസത്തെ കളിയിൽ ഷാർക്ക് എഫ്സി 2-1 നു വിക്ടറി ക്ലബ്ബിനേയും എതിരില്ലാത്ത ഒരു ഗോളിനു റിഥം ക്ലബ്ബ് പുഷ്പ കവരത്തിയേയും തോൽപ്പിച്ചു. കവരത്തി ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് എല്ലാ മത്സരങ്ങളും. ദിവസേന രണ്ട് കളികളാണ്. 3:00 മണിക്കും 5:00 മണിക്കുമാണ് മത്സരങ്ങൾ. ഐ.പി.എൽ മാതൃകയിൽ നടക്കുന്ന മത്സരങ്ങളുടെ ഫൈനൽ മെയ് 15നാണ്. ഈ വർഷത്തെ ട്രോഫികൾ സ്പോൺസർ ചെയ്തിരിക്കുന്നത് ബോബി ആൻഡ് മറഡോണ ഗോൾഡ് ഡയമണ്ട്സാണ്.

യുഎഫ്സി, പുഷ്പ, വിക്ടറി‌ ക്ലബ്, റിഥം , ഷാർക്ക് എഫ്സി എന്നീ അഞ്ച് ടീമുകളാണ് ഈ സീസണിൽ കവരത്തി ലീഗ് ഫുട്ബോളിൽ അണിനിരക്കുന്നത്. കഴിഞ്ഞ വർഷം യുഎഫ്സിയെ പെനാൽറ്റിയിൽ തോൽപ്പിച്ച് ചാമ്പ്യന്മാരായ നദീം എന്റർപ്രൈസസ് ഈ സീസണിൽ കളിക്കുന്നില്ല. പകരം പുഷ്പ ക്ലബ് പങ്കെടുക്കുന്നുണ്ട്. പ്ലയിംഗ് ഇലവനിൽ പരമാവധി 4 അന്യദ്വീപുകാർക്കോ രണ്ട് മെയിൻ ലാൻഡ് കളിക്കാർക്കോ കളിക്കാവുന്നതാണ്. പല ടീമുകളിലായി മലയാളി കളിക്കാരും കെ.എൽ.എഫിൽ പങ്കെടുക്കുന്നുണ്ട്.

9 കൊല്ലം ഏറ്റവും മികച്ച രീതിയിൽ നടന്ന് വരുന്ന കെ.എൽ.എഫ്(KLF) ലക്ഷദ്വീപ് ഫുട്ബോളിന് നൽകിയ നേട്ടങ്ങൾ അനവധിയാണ്. മറ്റ് ദ്വീപ്കാർക്കും, കേരളത്തിനു തന്നെയും മാതൃകയാവുന്ന പ്രൊഫഷണൽ സമീപനമാണ് KLF സംഘാടകരിൽ നിന്നുണ്ടാവുന്നത്. കേരളത്തിലെ സെവൻസ് ഫുട്ബോളിനെ ഓർമ്മിപ്പിക്കുന്ന ആവേശവും ആരവവും എന്നും KLF ന്റെ മുതൽകൂട്ടാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും, ദ്വീപിലെ ഏക മൈതാനത്ത് എല്ലാ മത്സരങ്ങളും സംഘടിപ്പിക്കണം എന്നീ ബുദ്ധിമുട്ടലുകൾക്കിടയിലും കഴിഞ്ഞ വർഷങ്ങളിൽ KLF കൈവരിച്ച വിജയം അത്ഭുതാവാഹമാണ്.

വെറും ഒന്നോ രണ്ടോ സീസൺ മാത്രം ഒടുങ്ങുന്ന ദ്വീപിലെ മറ്റ് ടൂർണമെന്റുകൾക്ക്‌ എങ്ങനെ വിജയിക്കാം എന്നതിന്റെ പാഠം കൂടിയാണ് KLF. ഇത്രയും വർഷങ്ങൾ ടീമിനായി ദ്വീപിലെ ചെറിയ കടകളിൽ നിന്ന് സ്പോൺസർമാരെ ഒപ്പിക്കാൻ സാധിച്ച KLFനു ഈ വർഷം മെയിൻ സ്പോൺസേഴ്സായി ബോബി ആൻഡ് മറഡോണയെ തന്നെ കിട്ടിയതും വലിയൊരു അംഗീകാരമാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി മികച്ച രീതിയിൽ അണ്ടർ 14 കുട്ടികളെ യൂത്ത് ടീമുകളായി തന്നെ തിരിച്ച് പരിശീലനവും അവർക്കായി ടൂർണമെന്റ് സംഘടിപ്പിക്കാനും KLF നായി. സമീപകാലത്ത് സന്തോഷ് ട്രോഫിയിലെ ലക്ഷദ്വീപിന്റെ മികച്ച പ്രകടനത്തിലും കവരത്തി ലീഗ് ഫുട്ബോളിന്റെ പങ്ക് സ്ത്യുത്യർഹമാണ്. സന്തോഷ് ട്രോഫി യോഗ്യത നഷ്ടമായെങ്കിലും അവസാന മത്സരത്തിൽ ഡാമൻ വലയിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾ നിറച്ച് തലയുയർത്തിക്കൊണ്ടായിരുന്നു ദീപക് സാറിന്റെ കുട്ടികൾ മടങ്ങിയത്.

ഇന്ന് നടക്കുന്ന ആദ്യ കളിയിൽ റിഥം ഷാർക്ക് എഫ്സിയേയും രണ്ടാമത്തെ കളിയിൽ അൺഎമ്പ്ലോയീസ് ക്ലബ് വിക്ടറി ക്ലബ്ബിനേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement