ഇംഗ്ലണ്ടിൽ ലീഗ് കിരീടം ഉയർത്തി ഒരു തൃശ്ശൂരുകാരൻ കോച്ച്, ചരിത്രമെഴുതി ജസ്റ്റിൻ ജോസ്

ജസ്റ്റിൻ ജോസ് എന്ന പേര് മലയാളി ഫുട്ബോൾ പ്രേമികൾ ഇതിനു മുമ്പ് കേട്ടിട്ടില്ല എങ്കിൽ ഇനി കേൾക്കണം. തൃശ്ശൂർ മാള സ്വദേശിയായ, മുമ്പ് ഇവിടെ സെവൻസ് ഫുട്ബോൾ കളിച്ചും വിഷൻ ഇന്ത്യയിൽ പരിശീനത്തിന്റെ ആദ്യ പാഠം പഠിച്ചും നടന്ന ജസ്റ്റിൻ ജോസ് എന്ന ആ യുവ ഫുട്ബോൾ പ്രേമി ഇന്ന് മലയാളത്തിന്റെ അഭിമാനമായിരിക്കുകയാണ്.

അങ്ങ് ഇംഗ്ലണ്ടിൽ സൗത്ത് ഡിവിഷൻ വനിതാ ലീഗിൽ സട്ടൺ യുണൈറ്റഡ് ഇന്ന് കിരീടം ഉയർത്തിയപ്പോൾ ആ കിരീടത്തിന്റെ പിറകിലെ കരുത്ത് ജസ്റ്റിൻ ജോസ് ആയിരുന്നു. അതെ ക്രിസ്റ്റൽ പാലസ് അടക്കം കളിക്കുന്ന ലീഗിലെ കിരീടം സട്ടൺ വനിതകളെ ഉയർത്താൻ സഹായിച്ച മുഖ്യ പരിശീലകൻ ഈ മാളക്കാരനാണ് എന്ന് പറഞ്ഞാൽ ആരും അത്ഭുതപ്പെടേണ്ട. ജസ്റ്റിൻ ജോസിന്റെ ഫുട്ബോളിനോടുള്ള സമർപ്പണത്തിന് ലഭിക്കാൻ പോകുന്ന ഫലങ്ങളുടെ ഒരു എളിയ തുടക്കം മാത്രമായിരിക്കും ഇത്.

2017 ജൂണിലാണ് സട്ടൺ യുണൈറ്റഡിന്റെ മുഖ്യ പരിശീലകന്റെ വേഷം ജസ്റ്റിൻ ജോസിൽ എത്തുന്നത്. മുമ്പ് ആഴ്സണലിന്റെ അണ്ടർ 10, അണ്ടർ 8 ടീമുകളുടെ കോച്ചായിട്ടുള്ള ജസ്റ്റിൻ റൊഹാമ്പ്ടൺ യിഒണുവേഴ്സിറ്റി പരിശീലകന്റെ വേഷം ഉപേക്ഷിച്ചാണ് സട്ടൺ വനിതകൾക്കൊപ്പം എത്തുന്നത്. ഡുങ്കൺ മുള്ളർ മാനേജറായ ടീമിന്റെ ഹെഡ് കോച്ച് ജസ്റ്റിനാണ്. സീസൺ തുടക്കം മുതൽ ജസ്റ്റിൻ മാജിക്ക് സട്ടണിൽ ഫലം കണ്ടു തുടങ്ങി.

കരുത്തരായ ക്രിസ്റ്റൽ പാലസ് അടക്കമുള്ള ലീഗ് എതിരാളികളെ മലർത്തിയടിച്ച് മുന്നേറിയ സട്ടൺ ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരം വിജയിച്ചതോടെയാണ് കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനക്കാരായ എ എഫ് സി ഫീനിക്സിനോടായിരുന്നു സട്ടൺ വനിതകളുടെ പോരാട്ടം. കിരീടം ഉറപ്പിക്കാൻ സമനില മതിയായിരുന്നു സട്ടണ് ഇന്ന്. പക്ഷെ 4-3ന്റെ വൻ വിജയത്തോടെയാണ് ജസ്റ്റിനും സംഘവും കിരീടം ആഘോഷമാക്കിയത്.

18 മത്സരങ്ങളിൽ 14 ജയവും 3 സമനിലയും വെറും ഒരു തോൽവിയുമായി 45 പോയന്റുകളുമായാണ് സട്ടൺ യുണൈറ്റഡിന്റെ കിരീട നേട്ടം. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി പരിശീലകൻ ഇംഗ്ലണ്ടിൽ ഒരു ലീഗ് കിരീടം നേടുന്നത്.

തൃശ്ശൂരുകാരായ ഇ കെ ജോസിന്റെയും മാരി ജോസിന്റെയും മകനാണ് ജസ്റ്റിൻ. ഏറോനോട്ടിക്കൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞാണ് ഫുട്ബോൾ പരിശീലനത്തിലേക്ക് ജസ്റ്റിൻ ഇറങ്ങിയത്. തോമസ് കോച്ചിനൊപ്പം കല്ലേറ്റുംകരയിൽ വിഷൻ ഇന്ത്യയിലൂടെയാണ് ജസ്റ്റിൻ തന്റെ പരിശീലന കരിയർ ആരംഭിച്ചത്. സെപ്റ്റിലും മുമ്പ് ജസ്റ്റിന് പ്രവർത്തിച്ചിട്ടുണ്ട്. ആഴ്സണലിന്റെ മികച്ച ആരാധകനായ ജസ്റ്റിൻ ലണ്ടണിൽ എത്തി ആഴ്സണൽ ഡെവലപ്മെന്റ് ടീമുകളുടെയും, ടൂട്ടിങ് മിച്ചിങ് യുണൈറ്റഡിന്റെ അണ്ടർ 14 ടീമിനെയും പരിശീലിപ്പിച്ചുണ്ട്. ആഴ്സണലിൽ ഉള്ളപ്പോൾ ആഴ്സണൽ ഇതിഹാസം ടോണി ആഡംസിന്റെ കയ്യിൽ നിന്ന് കമ്മ്യൂണിറ്റി കോച്ച് ഓഫ് ദി ഇയർ അവാർഡും ജസ്റ്റിൻ സ്വന്തമാക്കി.

കഴിഞ്ഞ വർഷം യുവേഫ എ ലൈസൻസ് വർക്ഷോപ്പിൽ പങ്കെടുത്ത ജസ്റ്റിൻ അടുത്തു തന്നെ ഒരു യുവേഫ എ ലൈസൻസ് കോച്ചുമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial