ഫുട്ബോളിലെ യൂദാസുമാർ

- Advertisement -

ഒരു ഫുട്ബോൾ ക്ലബ് എന്നത്, അത് എത്ര വലുതാവട്ടെ, ചെറുതാവട്ടെ അതിന്റെ ആരാധകർക്ക് ബാഴ്സലോണയുടെ പ്രസിദ്ധമായ വാക്യം പോലെ എന്നും ‘More than a Club’ തന്നെയാണ്. ആരാധകർ തമ്മിലുള്ള ഏത് തർക്കവും അന്തമില്ലാതെ ആർക്കും ജയിക്കാനാവാതെ നീണ്ട് പോവുന്ന ഒന്ന് തന്നെയാവുന്നത് അത് കൊണ്ട് തന്നെയാണ്. തന്റെ പ്രിയ ക്ലബിനോട് അവർ പകരുന്ന ഇഷ്ടമാണ് താരങ്ങളിൽ അവർ നിറക്കുന്നത്(താരാരാധകരെ പറ്റിയല്ല ഇവിടെ പറയുന്നത്). അത് കൊണ്ടാണ് ലാറ്റിനമേരിക്കക്കാരൻ റൊണാൾഡീന്യോയും ലയണൽ മെസ്സിയും കാറ്റലോണിയയുടെ സ്വന്തമാകുന്നത്, അത് കൊണ്ടാണ് ഫ്രഞ്ച് കാരൻ സിദാനും പോർച്ചുഗീസ്കാരൻ റൊണാൾഡോയും മാഡ്രിഡിസ്റ്റുകളാവുന്നത്, അത് കൊണ്ടാണ് അർജന്റീനക്കാരൻ ഡീഗോ മറഡോണ ഇന്നും നേപ്പിൾസിന്റെ, നാപ്പോളിയുടെ ഏറ്റവും വലിയ പോരാളിയാവുന്നത്, അത് കൊണ്ടാണ് ഫ്രഞ്ച്കാരൻ എറിക് കാന്റോണ മാഞ്ചസ്റ്ററിന്റേതും തിയറി ഹെൻറി ലണ്ടന്റേയും ഏറ്റവും വലിയ നായകരാകുന്നത്, അത് കൊണ്ടാണ് അർജന്റീനക്കാരൻ കാർലോസ് ടെവസ് ബ്രസീലിന്റെ സ്വന്തമാകുന്നത്.

ഇങ്ങനെ തങ്ങളുടെ സ്വന്തമാണെന്ന് ആരാധകർ വിശ്വസിക്കുന്ന ഈ താരങ്ങളുമായാണ് അവർ ഒരോ നിമിഷവും ആഘാഷിച്ചത്, കരഞ്ഞ് തീർത്തത്, ദേഷ്യപ്പെട്ടത്, തലയിൽ കൈവച്ചത്. ഇങ്ങനെ ആരാധകർ നെഞ്ചിലേറ്റിയ പല താരങ്ങളുടേയും മരണത്തിനായി പോലും ഇതേ ആരാധകർ ആഗ്രഹിച്ച ഒരുപാട് കഥകളുണ്ട് ഫുട്ബോൾ ലോകത്ത്. അത്തരത്തിൽ സമീപകാലത്ത് പ്രസിദ്ധമായ ചില കഥകളിലൂടെ കണ്ണോടിക്കുകയാണിവിടെ. യേശുവിനെ ചതിച്ച യൂദാസിന്റെ പേരിട്ട് ആരാധകർ വിളിച്ച ചിലർ.

ലൂയിസ് ഫിഗോ : ആധുനിക ഫുട്ബോളിന്റെ ചരിത്രത്തിൽ ഇത്രയും വിവാദമായ ഒരു ട്രാൻസ്ഫർ ഒരിക്കലുമുണ്ടായിട്ടില്ല, ഇത്രയും വെറുക്കപ്പെട്ട ഒരു ഫുട്ബോളറും. എന്താണ് ഫിഗോ ചെയ്ത തെറ്റ്? സാക്ഷാൽ പെപ്പ് ഗാർഡിയോളയും, ലൂയിസ് എൻറിക്വയും അടക്കം ബാഴ്സലോണക്കും റയൽ മാഡ്രിഡിനുമായി ബൂട്ട് കെട്ടിയ നിരവധി താരങ്ങൾ ഉണ്ടന്നിരിക്കെ ലോകത്ത് ഒരു താരവും നേരിടേണ്ടി വരാത്ത വെറുപ്പ് ലൂയി ഫിഗോ എന്ന ഫുട്ബോൾ ഇതിഹാസം നേരിട്ടെതെങ്ങനെയാണ്? ഫുട്ബോളും രാഷ്ട്രീയവും വംശവും ദേശിയതയും ഒക്കെ കൂടിക്കലർന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ബാഴ്സ, റയൽ ശത്രുത ലോകത്തിന് മൊത്തം അറിയാം. അന്നും ഇന്നും എന്നും ബാഴ്സ വിട്ട് റയലിലേക്കോ റയൽ വിട്ട് ബാഴ്സയിലേക്കോ ഒരു താരം പോവുകയെന്നത് അത്ര സ്വഭാവികമായ സംഗതിയല്ല. പോർച്ച്ഗീസുകാരനായിരുന്നെങ്കിലും ബാഴ്സയിലൂടെ വളർന്ന ഫിഗോ കറ്റലോണിയക്ക്, ബാഴ്സക്ക് തങ്ങളിലൊരാളായിരുന്നു. ബാഴ്സക്കായി കിരീടങ്ങളുയർത്തിയ ഫിഗോ, ലോകഫുട്ബോളർ പട്ടം നേടിയ ഫിഗോ, കറ്റലോണിയയുടെ സ്വാതന്ത്രത്തെ പിന്തുണച്ച ഫിഗോ, കറ്റലോണിയയുടെ, ബാഴ്സലോണയുടെ മാത്രം സ്വത്തായിരുന്നു. പക്ഷെ ഒരൊറ്റ തീരുമാനം അയാളെ കാറ്റലോണിയയുടെ ഏറ്റവും വലിയ ശത്രുവാക്കി. അത് ബാഴ്സ വിട്ട് പെരസിന്റെ ഗലാറ്റിക്കോ എന്ന സ്വപ്നസംഘത്തിലേക്കുള്ള കൂടുമാറ്റമായിരുന്നു. പെരസ് റയൽ ബോർഡിന് നൽകിയ ഉറപ്പ് ഫിഗോയിലൂടെ പൂർത്തിയാക്കുമ്പോൾ കറ്റാലിയൻ ജനത അവിശ്വസനീയതയോടെ അത് നോക്കി കണ്ടു. ഒരർത്ഥത്തിൽ ഫിഗോ കാണിച്ചത് അനീതിയും വഞ്ചനയും തന്നെയായിരുന്നു. തന്നെ താനാക്കിയ ക്ലബിനെ വഞ്ചിച്ച ഫിഗയോട് ക്ഷമിക്കാൻ ബാഴ്സ ആരാധകർ ഒരുക്കമായിരുന്നില്ല.

ഓരോ തവണ ന്യൂ ക്യാമ്പിലെത്തിയപ്പോയും ‘നിങ്ങൾ കോർണർ എടുക്കാൻ പോകരുത്’ എന്ന അപേക്ഷകളുമായി പോലീസുകാർ അയ്യാൾക്ക് പിറകെ ചെന്നു. ഒരോ തവണയും അസാധാരണമായ മനസാന്നിധ്യത്തോടെ അയ്യാൾ തന്റെ ചോരക്കായി ദാഹിക്കുന്ന ആ ആരാധകർക്ക് നേരെ നടന്നടുത്തു. ഓരോ തവണയും അലറി വിളിക്കുന്ന കാണികൾ അയ്യാൾക്ക്‌ നേരെ കയ്യിൽ കിട്ടിയതെന്തും വലിച്ചെറിഞ്ഞു. ഒരോ തവണ അയ്യാൾ കോർണറെടുക്കാൻ വരാനായി ആ ആരാധകർ ആയുധങ്ങളുമായി കാത്തിരുന്നു. ഒരിക്കൽ പന്നിയുടെ തലവരെ അയ്യാൾക്ക് നേരെ എറിയപ്പെട്ടു. ലൂയിസ് ഫിഗോ മരിക്കണം എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ബാഴ്സ ആരാധകരേയും ലോകം കണ്ടു. അന്നാധാരണമായ മനക്കരുത്ത് പക്ഷെ ഫിഗോയെ നിലനിർത്തി. ഇന്നും ഫിഗോയോട് പൊറുക്കാൻ കറ്റലോണിയൻ ജനത ഒരുക്കമല്ല. ഇന്നും അധിക്ഷേപങ്ങൾ ഏറ്റ് വാങ്ങി മാത്രമേ അയ്യാൾക്ക് ന്യൂ ക്യാമ്പിൽ കയറാനാവൂ, 2010 ൽ ഇന്റർ മിലാന്റെ ഒഫീഷ്യലായി ന്യൂ ക്യാമ്പിൽ എത്തിയപ്പോൾ അയാളത് മനസ്സിലാക്കിയതാണ്.

മരണം വരെ ഒരു കാലത്ത് തന്റെ എല്ലാമായിരുന്ന ജനത തനിക്ക് മാപ്പ് നൽകില്ലെന്ന് അയ്യാൾ വേദനയോടെ തിരിച്ചറിഞ്ഞിരിക്കണം. എന്ത് കൊണ്ട് ഫിഗോ എന്നാണെങ്കിൽ അതിനുള്ള ഉത്തരവും ന്യൂ ക്യാമ്പിൽ ഉയർന്ന പ്ല കാർഡും പറഞ്ഞിരുന്നു. ‘ലൂയിസ് ഫിഗോ നിന്നെ ഞങ്ങൾ വെറുക്കുന്നു, കാരണം അത്രമാത്രം ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.’ അതെ ഫിഗോയോടുള്ള അടങ്ങാത്ത ഇഷ്ടം തന്നെയാണ് അയ്യാളോടുള്ള വെറുപ്പായി പിന്നീട് ബാഴ്സ ആരാധകരുടെ ഉള്ളിൽ നിറഞ്ഞത്. അതിനാൽ തന്നെ ഫിഗോ ചെയ്ത ചതി ബാഴ്സ ആരാധകരുടെ ഹൃദയത്തിൽ എന്നും ഉറങ്ങാത്ത മുറിവായി നിലനിൽക്കും.

പിൻകുറിപ്പ് : പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനാവാതെ റയലിന്റെ ഗലാറ്റിക്കോ നിലം പതിച്ചപ്പോൾ ഗലാറ്റിക്കോ തഴഞ്ഞ റൊണാൾഡീന്യോക്കും പിന്നീട് മെസ്സിക്കും ഒപ്പം ബാഴ്സയുടെ സുവർണകാലത്തിനാണ് ഫിഗോക്ക് ശേഷം ലോകം സാക്ഷ്യം വഹിച്ചത്. ചില പ്രകടനങ്ങൾ ഒഴിച്ച് നിർത്തിയാൽ ബാഴ്സയിൽ കണ്ട ലൂയിസ് ഫിഗോയെ റയലിൽ ഒരിക്കലും കാണാനായില്ല, ഒരർത്ഥത്തിൽ അവസാനചിരി ബാഴ്സക്ക് ഒപ്പം തന്നെയായിരുന്നു.

സോൾ കാംമ്പൽ : ഒരർത്ഥത്തിൽ ഫിഗോക്ക് ഒപ്പമോ അതിന് മുകളിലോ ആണ് സോൾ കാംമ്പലിന്റെ കഥ. ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ ട്രാൻസ്ഫർ അതായിരുന്നു സോൾ കാംമ്പലിന്റേത്. വെറുപ്പ് അതിന്റെ പാരമര്യത്തിൽ എത്തിനിൽക്കുന്നത്ര വെറുപ്പ് അത് തന്നെയാണ് എന്നും നോർത്ത് ലണ്ടൻ ക്ലബുകൾക്കിടെയിൽ എന്നും നില നിന്നിരുന്നത്. ആർസനൽ, ടോട്ടനം ടീമുകൾക്കിടയിൽ നിലനിന്ന നൂറ്റാണ്ടിന്റെ പഴക്കമുള്ള ശത്രുതക്ക് മുറിവ് കൂട്ടുകയായിരുന്നു 2001 ൽ സോൾ കാംമ്പലിന്റെ ട്രാൻസ്ഫർ. ആഴ്സൺ വെങ്ങർക്ക് കീഴിൽ പുത്തൻ ആർസനൽ ഇംഗ്ലണ്ടിൽ പുതുചരിത്രം എഴുതുന്ന സമയത്താണ് ടോട്ടനവുമായി കരാർ അവസാനിച്ച അവരുടെ ക്യാപ്റ്റൻ കൂടിയായ ഇംഗ്ലീഷ് താരം സോൾ കാംമ്പൽ ആർസനലിലേക്ക് ചേക്കേറുന്നത്. റയൽ മാഡ്രിഡിലിലേക്കോ, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ കാംമ്പൽ പോകുമെന്ന് കരുതിയിരുന്ന ടോട്ടനം ആരാധകർക്ക് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല ഈ വാർത്ത. അതും ഒരിക്കലും ആർസനലിലേക്ക് പോവില്ല എന്ന വാക്ക് ലംഘിച്ച് കൊണ്ടായിരുന്നു കാംമ്പലിന്റെ ഈ നീക്കം. ഒരു കാലത്തും പൊറുക്കാനാവാത്ത കുറ്റം തന്നെയായിരുന്നു ടോട്ടനം ആരാധകർക്ക് അത്.

ആർസനലിനൊപ്പം വൈറ്റ് ഹാർട്ട് ലൈനിലെത്തിയ സോൾ കാംമ്പലിനെ അവർ സ്വീകരിച്ചത് സമാനതകളില്ലാതെയായിരുന്നു. താങ്ങിനിറഞ്ഞ ടോട്ടനം ആരാധകർ ‘യുദാസ്’ എന്നെഴുതിയ പ്ല കാർഡുകളുമായി ഗാലറി മൊത്തം നിറഞ്ഞു. ഓരോ തവണ അയ്യാൾ പന്ത് തൊടുമ്പോഴും കേൾക്കാനറക്കുന്ന അധിക്ഷേപങ്ങൾ അയ്യാൾക്ക് നേരെ ചൊരിഞ്ഞു. യൂദാസ് എന്നെഴുതിയ വെള്ളയും കറുപ്പും നിറമുള്ള ബലൂണുകൾ കൊണ്ട് വൈറ്റ് ഹാർട്ട് ലൈനിന്റെ ആകാശം നിറഞ്ഞു. തൊണ്ട പൊട്ടുമാറു ഉച്ചത്തിൽ യൂദാസ് വിളികളുമായി ഒരു കാലത്തെ അവരുടെ നായകനെ അവർ സ്വീകരിച്ചു. പക്ഷെ എന്നത്തേയും പോലെ സോൾ കാംമ്പൽ ശാന്തനായിരുന്നു. ഓരോ തവണയും ആർസനൽ പ്രതിരോധ ഇളകാതെ അയ്യാൾ കാത്തു. 2004 ലിൽ അതെ വൈറ്റ് ഹാർട്ട്ലൈനിൽ വച്ച് ഒരൊറ്റ മത്സരവും തോൽക്കാതെ പ്രീമിയർ ലീഗ് കിരീടമുയർത്തി ടോട്ടനം ആരാധകരെ നിശബദ്ധരാക്കി.

ഇൻവിസിബിൾ സീസൺ അടക്കം 2 പ്രീമിയർ ലീഗും, എഫ്.എ കപ്പും ആർസനലിനൊപ്പം ഉയർത്തിയ കാംമ്പൽ 2006 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ആർസനലിനായി ഗോളും നേടി സോൾ കാംമ്പൽ ഗണ്ണേർസിന്റെ എക്കാലത്തേയും വലിയ ഇതിഹാസങ്ങളിലൊരാളായി ഉയർന്നു. മറുവശത്ത് ആർസനൽ ആരാധകർ ക്രൂരമായ തമാശകളുമായി ടോട്ടനം ആരാധകരെ അവഹേളിച്ച് കൊണ്ടേയിരുന്നു. അത്തരമൊരു തമാശയായിരുന്നു ‘വൈറ്റ് ഹാർട്ട് ലൈനിൽ വച്ച് പ്രീമിയർ ലീഗ് ഉയർത്തലായിരുന്നു എന്റെ സ്വപ്നം, അതിനാൽ തന്നെ ഞാൻ ആർസനലിൽ ചേർന്നു.’ എന്നത്. ഒരിക്കൽ തങ്ങളുടെ നായകനായിരുന്ന കാംമ്പലിനോട് ഒരിക്കലും പൊറുക്കാൻ ടോട്ടനാമോ, ടോട്ടനം ഫാൻസോ ഒരുക്കമല്ല എന്നതിന് തെളിവായിരുന്നു കഴിഞ്ഞ സീസൺ അവസാനം വൈറ്റ് ഹാർട്ട് ലൈൻ പൊളിച്ച് മാറ്റുന്നതിന് മുമ്പ് നടന്ന അനുസ്മരണയോഗത്തിൽ സോൾ കാംമ്പലിനെ മനപ്പൂർവ്വം ഒഴിവാക്കിയത്. എങ്കിലും അവസാനചിരി സോൾ കാംമ്പലിനൊപ്പം തന്നെയായിരുന്നു.

പിൻകുറിപ്പ് : കളി നിർത്തിയ ശേഷം രാഷ്ട്രീയത്തിലും ഇടപെട്ട് തുടങ്ങിയ സോൾ കാംമ്പൽ കഴിഞ്ഞ ലണ്ടൻ മേയർ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥി ആവും എന്നൊരു വാർത്ത പുറത്ത് വന്നിരുന്നു. അന്ന് പക്ഷെ ലേബറിന്റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന ലണ്ടനിൽ കാംമ്പലിന് വില്ലനായത് ടോട്ടനം ആരാധകർ എങ്ങനെ പ്രതികരിക്കും എന്ന സംശയമാണ്. എത്ര വലിയ ലിബറലും ലേബർ പാർട്ടിക്കാരനായാലും സോൾ കാംമ്പൽ എന്ന യൂദാസിന് വോട്ട് ചെയ്യാൻ ഒരു ടോട്ടനം ആരാധകൻ തയ്യാറാവും എന്ന് കരുതുക വയ്യ.

മോ ജോൺസ്റ്റൺ : ജീവഭയം കാരണം സ്വന്തം നാട് വിട്ട് ലണ്ടനിൽ താമസിക്കേണ്ടി വന്ന ഒരു ഫുട്ബോൾ താരത്തെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? എങ്കിൽ അതാണ് മോ ജോൺസ്റ്റൺ എന്ന സ്കോട്ടിഷ് താരം. എന്താണ് മോ ചെയ്ത തെറ്റെന്നെല്ലേ? അയ്യാൾ സ്കോട്ടിലാന്റിലെ ലോകപ്രസിദ്ധമായ രണ്ട് ക്ലബുകൾക്കുമായി ബൂട്ട് കെട്ടി എന്നത് തന്നെ. ഫുട്ബോളിനേക്കാൾ പഴക്കമുള്ള മതവും, രാഷ്ട്രീയവും ഒക്കെ കെട്ടുപിണഞ്ഞ ചരിത്ര പ്രസിദ്ധമായ ശത്രുതയാണ് കെൽറ്റിക്കും റേഞ്ചേർസും തമ്മിലുള്ളത്. റോമൻ കത്തോലിക്കരുടെ കെൽറ്റിക്കും പ്രൊട്ടസ്റ്റന്റുകളുടെ റേഞ്ചേർസും. അതിനാൽ തന്നെ മുൻ കെൽറ്റിക്ക് താരവും ആരാധകനുമായ റോമൻ കത്തോലിക്കനായ മോ റേഞ്ചേർസ് ടീമിലെത്തിയത് ഇരുവിഭാഗത്തിലുള്ള ആരാധകർക്കും ഉൾകൊള്ളാവുന്നതിനപ്പുറമായിരുന്നു. കെൽറ്റിക് ആരാധകർ മാത്രമല്ല സ്വന്തം ക്ലബ് റേഞ്ചേർസ്‌ ആരാധകർ വരെ കൂക്കി വിളികളികളുമായാണ് മോയെ ഓരോ തവണയും സ്വീകരിച്ചത്. ഇരു വിഭാഗം ആരാധകരും ഒരുപോലെ വെറുത്ത മോ അധികകാലം റേഞ്ചേർസിൽ തുടരാതെ ജീവഭയം കൊണ്ട് ലണ്ടനിലേക്ക് താമസം മാറ്റുകയാണ് പിന്നീടുണ്ടായത്.

വെയ്ൻ റൂണി : രസകരമാണ് എവർട്ടണിന്റെ അത്ഭുത ബാലന്റെ കഥ. ചെറുപ്പത്തിലെ എവർട്ടൺ ആരാധകനായ റൂണി 77 മത്സരങ്ങൾ എവർട്ടണായി കളിച്ച് തന്റെ സ്വപ്നപൂർത്തീകരണം നടത്തുമ്പോഴാണ് സർ അലക്സ് ഫെർഗൂസണിൽ നിന്ന് നിരസിക്കാനാവാത്ത വിളി വരുന്നത്. പിന്നീട് എവർട്ടണിന്റെ അത്ഭുത ബാലൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ, പ്രീമിയർ ലീഗിന്റെ ഇതിഹാസമായി വളരുന്ന കാഴ്ച്ചക്കാണ് ലോകം സാക്ഷിയായത്. എവർട്ടണെതിരെ ഗുഡിസൺ പാർക്കിൽ യുണൈറ്റഡിനായി ഗോളടിച്ച് എവർട്ടൺ ആരാധകർക്ക് മുമ്പിൽ യുണൈറ്റഡ് ബാഡ്ജ് ചുംബിക്കുന്ന റൂണിയെ അവിശ്വസനീയതോടെ ലോകം കണ്ടു. ‘Once a Blue, Now a Red, In Our Hearts, You are Dead’ എന്ന പ്ലക്കാർഡുമായി വന്ന എവർട്ടൺ ആരാധകർ റൂണി തങ്ങളുടെ ഹൃദയത്തിൽ മരിച്ചെന്നു തന്നെ സാക്ഷ്യം പറഞ്ഞു. പക്ഷെ ഈ സീസൺ തുടക്കത്തിൽ തന്റെ എവർട്ടണിലേക്ക്‌ തിരിച്ചെത്തിയ റൂണി എവർട്ടൺ ആരാധകരുടെ മനസ്സിൽ ഒരു പുനർജന്മത്തിനാണ് ശ്രമിക്കുക. മാപ്പ് നൽകി വീണ്ടും എവർട്ടൺ ആരാധകർ റൂണിയെ ഹൃദയത്തിൽ ഏറ്റെടുക്കുമായിരിക്കും കാരണം അത്രമേൽ അവരവനെ സ്നേഹിച്ചു പോയി.

ആഷ്ലി കോൾ : ചെറുപ്പത്തിലെ ആർസനൽ ആരാധകനായിരുന്ന കോളിന്റെ സ്വപ്നസാക്ഷാത്കാരമായിരുന്നു ആർസനലിനായി കളിക്കലും ഇൻവിൻസിബിളായി ലീഗ് കിരീടമുയർത്തലും. എന്നാൽ എമിറേറ്റ്സ് സ്റ്റേഡിയനിർമ്മാണം ആർസനലിനെ സാമ്പത്തികനെരുക്കത്തിലേക്ക് തള്ളിവിട്ടപ്പോൾ പലരേയും പോലെ ശമ്പളപ്രശ്നമുയർത്തി ടീം വിടലാണ് ആഷ്ലി കോളും ചെയ്തത്. എന്നാൽ സ്ഥിരവൈരികളായ ചെൽസിയിലേക്കുള്ള കൂടുമാറ്റവും പരസ്യ വിവാദപ്രസ്ഥാവനകളും കോളിനെ ആർസനൽ ആരാധകർക്കിടയിൽ പൊറുക്കപ്പെടാത്ത വില്ലനാക്കി മാറ്റി. പിന്നീട് ആത്മകഥയിൽ വരെ ആർസനലിലെ തന്റെ ശമ്പളത്തെ പരിഹസിച്ച കോൾ ആർസനൽ ആരാധകർക്കിടയിൽ ഏറ്റവും വെറുക്കപ്പെട്ടവനായി. എങ്കിലും റഷ്യൻ പൈസ ചെൽസിയെ ഇംഗ്ലീഷ് ഫുട്ബോളിലെ പുതിയ ശക്തിയായി ഉയർത്തിയപ്പോൾ അവർക്കൊപ്പം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്.എ കപ്പ് എന്നിവ ഉയർത്തിയ കോളിനൊപ്പം തന്നെയായിരുന്നു അവസാനചിരി.

റോബർട്ടോ ബാജിയോ : ഇറ്റാലിയൻ ഫുട്ബോളിലെ എക്കാലത്തേയും മഹാനായ താരം ഫിയോന്റീന ആരാധകർക്ക് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തത്. ക്ലബിനോടുള്ള കൂറിന് ലോകപ്രസിദ്ധമായ ഇറ്റാലിയൻ താരങ്ങൾ ചിരവൈരികളിലേക്ക് കൂറുമാറ്റുക(ഈ സീസണിൽ ക്ലബിലെ ആഭ്യന്തരപ്രശ്നം ബെനൂച്ചിയെ യുവന്റെസിൽ എ.സി മിലാനെത്തിച്ചത് ഇന്നും യുവെ ആരാധകർ ഉൾക്കൊണ്ടിട്ടില്ല) എന്നത് എന്നും അപൂർവ്വ കാഴ്ച്ച തന്നെയാണ്. അതിനാൽ തന്നെ ഫിയോറെന്റീനയെ ഹൃദയത്തിൽ സൂക്ഷിക്കുന്നു എന്ന് പ്രഖ്യാപിച്ച ബാജിയോ യുവന്റെസിലേക്ക് കൂട് മാറിയപ്പോൾ അത് ഫിയോറെന്റീന ആരാധകർക്ക് ഉൾക്കൊള്ളാവുന്നതായിരുന്നില്ല. അതിനാൽ തന്നെ ഈ ബാജിയോ ട്രാൻസ്ഫർ കാരണം പൊട്ടി പുറപ്പെട്ട കലാപത്തിൽ 50 തിലേറെ പേർക്കാണ് പരുക്കേറ്റത്.

ഡീഗോ കോസ്റ്റ : മറ്റ് പലതാരങ്ങളും ക്ലബുമായുള്ള തങ്ങളുടെ ബന്ധമുപേക്ഷിച്ച് ആരാധകർക്ക് ശത്രുക്കളായതെങ്കിൽ ജന്മനാട് ഉപേക്ഷിച്ച് കൊണ്ടാണ് ഡീഗോ കോസ്റ്റ ആരാധകരുടെ കണ്ണിലെ കരടായത്. ബ്രസീൽ ടീമിൽ അവസരം ലഭിക്കാതിരുന്നപ്പോൾ സ്പെയിനിനെ തിരഞ്ഞെടുത്ത കോസ്റ്റ ബ്രസീൽ ആരാധകർക്ക് എന്നത്തേയും വില്ലനായി മാറി. ബ്രസീലിൽ നടന്ന ലോകകപ്പിൽ കോസ്റ്റയുടെ സ്പെയിൻ ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ ബ്രസീൽ ആരാധകർ ആഹ്ലാദിച്ചിരുന്നിരിക്കണം.

ലൂയിസ് എൻറിക്വ : റയൽ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റം വഴി വളർന്ന് വന്ന എൻറിക്വ അവസരങ്ങൾ കുറഞ്ഞപ്പോയാണ് ബാഴ്സയിലേക്ക് കൂടുമാറുന്നത്. റയലുമായി കരാറവസാനിച്ച് ബാഴ്സയിലെത്തിയ എൻറിക്വ തന്റെ മികച്ച ദിനങ്ങളാണ് ബാഴ്സക്കായി നൽകിയത്. ബെർണബ്യാവുവിൽ എന്നും വില്ലനായ എൻറിക്വ പിന്നീട് ബാഴ്സ പരിശീലകനായും നേട്ടങ്ങൾ സ്വന്തമാക്കി. കളിക്കാരായി തുടങ്ങിയ പ്രസിദ്ധമായ സിദാൻ – എൻറിക്വ ശത്ര്യത പരിശീലകരെന്ന നിലയിലും അടുത്ത് ലോകം കണ്ടതാണ്.

ഫ്രാങ്ക് ലമ്പാർഡ്‌ : ചെൽസി, ഇംഗ്ലീഷ് ഇതിഹാസതാരം ഫ്രാങ്ക് ലമ്പാർഡ് പക്ഷെ വെസ്റ്റ് ഹാമിന് എന്നും വെറുക്കപ്പെട്ടവൻ മാത്രമാണ്. വെസ്റ്റ് ഹാമിന്റെ യുവനിരയിൽ നിന്ന് ചെൽസിയിലേക്ക് പോയ ലമ്പാർഡിനോട് ഒരിക്കലും പൊറുക്കാൻ ഹാമ്മേർസിന്റെ കുപ്രസിദ്ധമായ ആരാധകർക്കായില്ല(Green Street Hooligans). അതിനാൽ തന്നെ ലമ്പാർഡിന്റെ കാൽ ഒടിഞ്ഞപ്പോൾ അവർ ആഘോഷിച്ചു, പൊണ്ണതടിയൻ ലമ്പാർഡ് എന്ന പേരിൽ അവർ പാട്ടുകൾ പാടി. പക്ഷെ ഇതിഹാസമായി വളർന്ന ലമ്പാർഡ് അതൊന്നും അത്ര കാര്യമാക്കിയതേയില്ല.

ഗോൺസാലോ ഹിഗ്വയ്ൻ : മറഡോണക്ക് ശേഷം നാപ്പോളിക്ക് ലഭിച്ച രക്ഷകനെന്ന് ആരാധകർ അയ്യാളെ വാഴ്ത്തി. പക്ഷെ റെക്കോർഡ് തുക അയ്യാളെ യുവന്റെസിലേക്കെത്തിച്ചപ്പോൾ മറഡോണക്കൊപ്പം സങ്കടത്തോടെ നാപ്പോളി ആരാധകരും അത് നോക്കി കണ്ടു. സങ്കടം ദേഷ്യമായി മാറിയപ്പോൾ അത് വരെ കണ്ട നാപ്പോളി ആരാധകരുടെ മറ്റൊരു മുഖം ഹിഗ്വയിൻ കണ്ടു. അധിക്ഷേപങ്ങളുമായി കാത്തിരുന്ന, താൻ പന്ത് തൊടുമ്പോൾ തൊണ്ട പൊട്ടുമാറു കൂക്കി വിളിക്കുന്ന ഒരു നാപ്പോളിയെ അയ്യാൾ കണ്ടു. വെറുക്കപ്പെട്ടവനിൽ വെറുക്കപ്പെട്ടവൻ മാത്രമാണ് നാപ്പോളി ആരാധകർക്ക് ഹിഗ്വയിൻ ഇപ്പോൾ.

കാർലോസ് ടെവസ് : ടെവസ് ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്ര പ്രിയപ്പെട്ടവനായിരുന്നില്ല എന്നത് തന്നെയായിരുന്നു വാസ്തവം. യുണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും നേടിയ ടെവസ് എന്നും തനിക്ക് വേണ്ടത്ര പരിഗണന യുണൈറ്റഡ് ആരാധകരോ, സർ അലക്സ് ഫെർഗൂസന്നോ നൽകിയിട്ടില്ല എന്ന പരാതിക്കാരനായിരുന്നു. അതിനാൽ തന്നെ മാഞ്ചസ്റ്റർ സിറ്റിയും, ആരാധകരും അയ്യാളെ തങ്ങളിലൊരാളായി സ്വീകരിച്ചപ്പോൾ അയാൾ മതിറന്നാഘോഷിച്ചു. അതിനാൽ തന്നെ യുണൈറ്റഡ് ആരാധകരെ അസഭ്യം പറയാനും, സർ അലക്സ് ഫെർഗൂസന്റെ ചിത്രത്തിൽ ചവിട്ടാനും അയ്യാൾ സമയം കണ്ടത്തി. അങ്ങനെ അയ്യാൾ യുണൈറ്റഡിന് വെറുക്കപ്പെട്ടവനും സിറ്റിക്ക് താരരാജാവുമായി മാറി.

വില്യം ഗലാസ് : ചെൽസിയിൽ നിന്ന് ആർസനലിൽ എത്താൻ സെൽഫ് ഗോൾ അടിക്കും എന്ന് ഭീക്ഷണി മുഴക്കിയ ഈ മുൻ ആർസനൽ ക്യാപ്റ്റൻ പിന്നീട് ടോട്ടനത്തിനുമായി ബൂട്ട് കെട്ടി. 3 ലണ്ടൻ ശത്രുക്കൾക്കായി കളിച്ചതിനാൽ തന്നെ ഇന്നും പ്രീമിയർ ലീഗിലെ ഏറ്റവും വെറുക്കപ്പെടുന്ന പ്രതിരോധനിരക്കാരൻ എന്ന പേര് ഗലാസിന് സ്വന്തം.

റോബിൻ വാൻ പെഴ്സി : ആർസനലിലൂടെ വളർന്ന് അവരുടെ ക്യാപ്റ്റനായ താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി ലീഗ് കിരീടം നേടുന്ന കാഴ്ച്ച ഏത് ആർസനൽ ആരാധകനാണ് സഹിക്കുക? തങ്ങളുടെ ഏറ്റവും മോശം സമയത്ത് ടീമിനെ കാത്ത വാൻ പെഴ്സിയോട് ഇഷ്ടം ഉള്ളിൽ സൂക്ഷിക്കുന്ന ചെറിയ വിഭാഗത്തേക്കാൾ വാൻ പെഴ്സിയോട് ഒരിക്കലും പൊറുക്കാൻ സാധിക്കാത്ത ആർസനൽ ആരാധകർ തന്നെയാണ് അധികവും.

സെസ്ക് ഫാബ്രിഗാസ് : വാൻ പെഴ്സിക്ക് സമാനമായ കഥ തന്നെയാണ് ഫാബ്രിഗാസിനും ഉള്ളത്. ചെൽസിയിലേക്ക് കൂടു മാറിയെങ്കിലും ഇന്നും ആർസനലിനെ ഹൃദയത്തിൽ പേറുന്ന ഫാബ്രിഗാസിനോട് ഇന്നും ഇഷ്ടം സൂക്ഷിക്കുന്ന ചെറുതെല്ലാത്ത ആർസനൽ ആരാധകർ ഉണ്ട്. എങ്കിലും തന്നെ താനാക്കിയ ക്ലബിനെ വഞ്ചിച്ചു എന്ന് അവർ കരുതുന്ന ഫാബ്രിഗാസിനോട് പൊറുക്കാൻ ഇന്നും വലിയ വിഭാഗം ആരാധകർ ഒരുക്കല്ല.

ടെഡി ഷെറിങ്ഹാം : മിൽവാൽ അക്കാദമിയിലൂടെ വളർന്ന് വന്ന ഇതിഹാസമെന്ന് മിൽവാൽ ആരാധകർ ഷെറിങ്ഹാം ടോട്ടനത്തിനായും യുണൈറ്റഡിനായും ഇംഗ്ലണ്ടിനായും കളിക്കുമ്പോൾ വീമ്പടിക്കാറുണ്ട്. തങ്ങളിലൊരാളെന്ന് അവർ രഹസ്യമായി ഷെറിങ്ഹാമിനെ ആഘോഷിച്ചു. പക്ഷെ കരിയറിന്റെ അവസാനം വർഗ്ഗശത്രുക്കളായ വെസ്റ്റ് ഹാമിന് കളിക്കാൻ ഷെറിങ്ഹാം തീരുമാനിച്ചപ്പോൾ മിൽവാൽ എല്ലാം മറന്നു. ഇന്ന് ഷെറിങ്ഹാം തങ്ങളുടെ യുവനിരയിൽ കളിച്ചിരുന്നു എന്ന് പറയാൻ പോലും മിൽവാൽ ആരാധകർക്ക് മടിയാണ്. ലോകഫുട്ബോളിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ ശത്രുതയാണ് മിൽവാൽ – വെസ്റ്റ് ഹാം ടീമുകൾ തമ്മിലുള്ളത്.

മൈക്കൾ ഓവൻ : ലിവർപൂളിന് പ്രീമിയർ ലീഗ് നേടി കൊടുക്കാൻ ഓവനോളം ആരും പരിശ്രമിച്ച് കാണില്ല. ലോകഫുട്ബോളർ പട്ടവും ലിവർപൂൾ ഇതിഹാസം എന്ന വിളിപ്പേരും കിട്ടിയിട്ടും അത് മാത്രം ഓവനെ കൊണ്ട് സാധിച്ചില്ല. നിർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ ഓവൻ റയൽ മാഡ്രിഡിലേക്ക് പോയ വർഷം ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ജേതാക്കളുമായി. വിധിയുടെ കളി പിന്നീട് ന്യൂ കാസ്റ്റിൽ വഴി ഓവനെ ഫെർഗൂസന്റെ യുണൈറ്റഡിലെത്തിച്ചു, അവിടെ ഓവൻ പ്രീമിയർ ലീഗ് കിരീടവുമുയർത്തി. യുണൈറ്റഡ് ആരാധകർക്ക് ലിവർപൂൾ ആരാധകരെ പരിഹസിക്കാൻ മറ്റൊരു കാരണം കൂടി. പാവം ലിവർപൂൾ ആരാധകർ ഇതിഹാസമെന്ന നിലയിൽ ഓവനെ തള്ളണോ കൊള്ളണോ എന്ന സംശയം അവരിൽ പലർക്കും ഇന്നുമുണ്ട്.

റൊണാൾഡോ : മുകളിൽ പറഞ്ഞ എല്ലാ കഥകളിലും വെറുപ്പാണ് മുന്നിട്ട് നിന്നതെങ്കിൽ ഇത് എല്ലാ ശത്രുക്കളും ഒരു പോലെ സ്വീകരിച്ച ഒരാളെ കുറിച്ചാണ്. ഫുട്ബോൾ ശത്രുതയുടെ, വെറുപ്പിന്റെ പര്യായങ്ങളായ ബാഴ്സലോണയും റയൽ മാഡ്രിഡും, ഇന്റർ മിലാനും എ.സി മിലാനും. ഇങ്ങനെയുള്ള ഈ 4 ക്ലബുകൾക്കുമായി കളിച്ച് അവരോർത്തരും ഇതിഹാസമായി വാഴ്ത്തുന്ന ഒരാൾ മാത്രമെ ലോകത്തുള്ളു. റൊണാൾഡോ! ബ്രസീലിയൻ ഫുട്ബോളിലെ ലോക ഫുട്ബോളിലെ എക്കാലത്തേയും മഹാനായ താരങ്ങളിലൊരാൾ. എന്തോ എല്ലാർക്കും ഇഷ്ടമാണ് റൊണോൾഡോയേ!

പിൻകുറിപ്പ് : വിരമിക്കലിന് നിന്ന് തിരിച്ച് വന്ന് അർജന്റീനക്കും കൂടെ ബൂട്ട് കെട്ടുന്ന റൊണോൾഡോയെ കൂടി കണ്ടാൽ ചിത്രം പൂർണ്ണമാവും.

ഇങ്ങനെ ഇത്രമേൽ വെറുക്കപ്പെടാൻ മുകളിൽ പറഞ്ഞ പലരും എന്ത് തെറ്റ് ചെയ്തു എന്ന ചോദ്യം ഇനിയും തോന്നുന്നെങ്കിൽ അതിന് ഒരൊറ്റ ഉത്തരമേയുള്ളു ഇവരെയൊക്കെ ജീവനക്കാളേറെ ആരാധകർ സ്നേഹിച്ചിരുന്നു, വിശ്വസിച്ചിരുന്നു. ആ വിശ്വാസമാണ് അവരിൽ പലരും തകർത്തത്, അതിനാൽ മാപ്പ് നൽകാനാവാത്ത യൂദാസുമാരായി അവരിൽ പലരും ആരാധകഹൃദയത്തിൽ എന്നും നിലനിൽക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement