
ജിതിൻ എം എസ് എന്ന പേര് ഈ സന്തോഷ് ട്രോഫിക്ക് മുമ്പ് എത്രപേർക്ക് അറിയാമായിരുന്നു എന്നത് മറക്കാം, പക്ഷെ ജിതിൻ എം എസ് എന്ന ഒല്ലൂരുകാരനെ ഇനി കേരള ഫുട്ബോൾ എത്ര കാലം കഴിഞ്ഞാലും മറക്കില്ല. കേരളത്തിന്റെ ചരിത്ര സന്തോഷ് ട്രോഫി വിജയത്തിൽ ജിതിൻ എം എസ്സിന്റെ പങ്ക് അത്രയ്ക്കുണ്ട്. കേരളത്തിന്റെ ഫൈനൽ റൗണ്ടിലെ ആദ്യ ഗോൾ മുതൽ ഫൈനലിലെ ആദ്യ ഗോൾ വരെ ജിതിൻ കേരള ജേഴ്സിയിൽ നിറഞ്ഞാടുകയായിരുന്നു.
വലതു വിങ്ങിൽ സതീവൻ ബാലൻ എന്ന പരിശീലകൻ കൊടുത്ത സ്വാതന്ത്ര്യം ജിതിൻ ആഘോഷിച്ചത് അഞ്ചു ഗോളുകളുമായാണ്. കേരളത്തിന്റെ സെന്റർ സ്ട്രൈക്കേഴ്സ് ആയി ഇറങ്ങിയവരേക്കാൾ ഗോളുകൾ. ജിതിന്റെ സോളോ നീക്കങ്ങളെ പിടിച്ചു കെട്ടാൻ നേരിട്ട ഒരു ടീമിനും ആയില്ല എന്നതാണ് സത്യം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളത്തെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കിയ ബംഗാളിനെതിരായ 89ആം മിനുട്ടിലെ ഗോളിനും ജിതിനായിരുന്നു ഉടമ. ഒപ്പം സെമി ഫൈനലിലെ അഫ്ദാലിന്റെ വിജയ ഗോളിന് വഴിതെളിയിച്ചതും ജിതിനായിരുന്നു. ജിതിന്റെ വലതുവിങ്ങിലൂടെയുള്ള കുതിപ്പായിരുന്നു മിസോറം ഡിഫൻസിനെ തകർത്തത്.
തൃശ്ശൂർ ഒല്ലൂർ സ്വദേശിയായ ജിതിൻ എം എസ് സെക്കൻഡ് ഡിവിഷൻ ഐലീഗ് ക്ലബായ എഫ് സി കേരളയുടെ താരമാണ്. ആറാം വയസ്സു മുതൽ ഫുട്ബോൾ തട്ടി തുടങ്ങിയ താരമാണ് ജിതിൻ. ഒല്ലൂരിലെ ജോസഫ് കാട്ടൂകാരന്റെ പരിശീലനത്തിലായിരുന്നു ജിതിൻ തന്റെ കരിയർ ആരംഭിച്ചത്. 2011, 2012, 2013 വർഷങ്ങളിൽ കേരളത്തെ വിവിധ ഏജ് കാറ്റഗറികളിലായി ജിതിൻ പ്രതിനിധീകരിച്ചു. ഇന്ത്യൻ അണ്ടർ 13 ക്യാമ്പിലും ജിതിൻ മുമ്പ് ഇടംപിടിച്ചിരുന്നു.
തൃശ്ശൂർ ജില്ലാ ടീമിലെ പ്രകടനം കണ്ട് പരിശീലകനായ ഉത്തമൻ സാറാണ് ജിതിനെ എഫ് സി കേരളയുടെ ഭാഗമാക്കിയത്. കേരള വർമ്മ കോളേജ് വിദ്യാർത്ഥിയായ ജിതിൻ കോളേജ് ടീമിന്റെയും അവിഭാജ്യ ഘടകമാണ്. ഇക്കഴിഞ്ഞ ഇന്ത്യൻ എക്സ്പ്രസ്സ് ഗോൾ ടൂർണമെന്റിൽ കേരള വർമ്മ കോളേജ് ചാമ്പ്യന്മാരായപ്പോൾ ജിതിൻ എം എസ് ആയിരുന്നു ടൂർണമെന്റിലെ മികച്ച താരം. അഞ്ചു ഗോളുകളാണ് ടൂർണമെന്റിൽ ജിതിൻ അടിച്ചിരുന്നത്.
അഞ്ചു തവണ തൃശ്ശൂർ ജില്ലാ ടീമിനു വേണ്ടി ബൂട്ടുകെട്ടിയ താരത്തിന്റെ ഇഷ്ടപ്പെട്ട കളിക്കാരൻ ബ്രസീൽ മജീഷ്യൻ റൊണാൾഡീനോയാണ്. സഹോദരന്മാരായ നിധിനും വിപിനുമാണ് തന്റെ പ്രധാന ഗുരുക്കൾ എന്നാണ് ജിതിൻ തന്നെ വിലയിരുത്തുന്നത്. സ്വന്തം നാട്ടിലെ ക്ലബുകളായ റെഡ്സ് ഏങ്ങണ്ടിയൂരും ടെമ്പിൾ സിറ്റി ഒല്ലൂരും ജിതിന്റെ വളർച്ചയിൽ പ്രധാനപങ്കു വഹിച്ച ക്ലബുകളാണ്. തെങ്ങുകയറ്റ തൊഴിലാളിയായ സുബ്രന്റെയും ലതയുടെയും മകനാണ് ജിതിൻ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial