ഇംഗ്ലണ്ടിന്റെ ഡേവിഡ് ജെയിംസ് മലപ്പുറത്ത് എത്തുന്നു, കുട്ടികളെ കളി പഠിപ്പിക്കാൻ

കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ഐ എസ് എൽ ആദ്യ സീസണിൽ ഡേവിഡ് ജെയിംസ് എത്തിയപ്പോൾ കേരള ഫുട്ബോൾ പ്രേമികൾക്ക് അതൊരു അത്ഭുതമായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പറായി തിളങ്ങിയ ആ ഗോൾ കീപ്പർ വീണ്ടും കേരളത്തിന്റെ മണ്ണിലേക്കെത്തുകയാണ്. ഇത്തവണ കളി പഠിപ്പിക്കാനാണ് എത്തുന്നത്, മലപ്പുറത്തിന്റെ മണ്ണിലേക്ക്. കൊച്ചിയിലെ അക്കാദമിയായ സ്പോർട്ടിക്കോ വെൻചേഴ്സാണ് ഡേവിഡ് ജെയിംസിനെ മലപ്പുറത്തിന്റെ മൈതാനങ്ങളിലേക്ക് എത്തിക്കുന്നത്.

വളർന്നു വരുന്ന താരങ്ങൾക്കു വേണ്ടി മികച്ച സൗകര്യങ്ങളാണ് അക്കാദമി ഒരുക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള മൈതാനങ്ങളും പരിശീലന ഗ്രൗണ്ടും മറ്റു സൗകര്യങ്ങളുമുൾപ്പെടെ വരും തലമുറയുടെ കഴിവിനെ പൂർണ്ണതയിലെത്തിക്കാനുള്ള അവസരമാണ് മലബാറിനു ഒരുങ്ങുന്നത്. പ്രഗത്ഭരായ വിദേശ കോച്ചുകളും കഴിവു തെളിയിച്ച സ്വദേശി കോച്ചുമാരും അടക്കം ഒരു വലിയ സംഘം തന്നെ അക്കാദമിയുടെ കരുത്തായി കൂടെയുണ്ടാകും. എട്ടുമുതൽ പതിനാലു വയസ്സുവരെയുള്ള കുട്ടികൾക്കാണ് അക്കാദമിയിൽ ചേരാൻ അവസരം ലഭിക്കുക.

ഇതിനോടനുബന്ധിച്ച് മലപ്പുറത്ത് ഈ അവധികാലത്ത് ഒരു സമ്മർ ഫുട്ബോൾ ക്യാമ്പ് സ്പോർട്ടിക്കോ അക്കാദമി സംഘടിപ്പിക്കുന്നുണ്ട്. വിദേശ കോച്ചിന്റെ കീഴിൽ നടക്കുന്ന സമ്മർ ക്യാമ്പിനും തുടർന്ന് അക്കാദമിയിൽ ചേർന്ന് കളി പഠിക്കാനും താല്പര്യമുള്ള കുട്ടികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 7593052008, 7593052006 എന്നീ നമ്പറുകളിലേക്ക് വിളിക്കാം.