
180 മിനുട്ടുകൾ പിന്നിട്ടിട്ടും ഐ എസ് എല്ലിൽ ആദ്യ ഗോൾ പിറന്നില്ല. ഇന്ന് ഗുവഹാത്തിയിൽ വെച്ച് നടന്ന രണ്ടാം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും ജംഷദ്പൂരും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഗോൾ രഹിത സമനിലയാണെങ്കിലും വിരസമായിരുന്നില്ല ഇന്നത്തെ മത്സരം. ബോക്സു ടു ബോക്സ് ആക്രമണങ്ങളാണ് 90 മിനുട്ടും ഇരുടീമുകളും കാഴ്ചവെച്ചത്.
അവസാന 12 മിനുട്ടുകൾ 10പേരുമായാണ് ജംഷദ്പൂർ കളിച്ചത്. എന്നിട്ടും നോർത്ത് ഈസ്റ്റിനെതിരെ ഗോൾ വഴങ്ങാതെ പിടിച്ചുനിക്കാൻ ജംഷദ്പൂരിനായി. പകരക്കാരനായി 70ആം മിനുട്ടിൽ എത്തിയ ജംഷദ്പൂർ വിദേശ താരം ആൻഡ്രെ ബികി ആണ് ചുവപ്പു കാർഡ് കണ്ട് പുറത്തായത്. ഹൈ ബൂട്ടിനാണ് ബികിക്ക് ചുവപ്പ് കാർഡ് കിട്ടിയത്.
നിരവധി അവസരങ്ങൾ ഇരു ടീമും സൃഷ്ടിച്ചു എങ്കിലും രഹ്നേഷ് നോർത്ത് ഈസ്റ്റ് ഗോൾ പോസ്റ്റിലും സുബ്രതാ പാൾ ജംഷദ്പൂർ പോസ്റ്റിലും വന്മതിലായി നിൽക്കുകയായിരുന്നു. ഒരു തവണ ഇരുടീമുകളുടേയും ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.
നോർത്ത് ഈസ്റ്റിനായി മലയാളി താരങ്ങളായി ഹക്കുവും രഹ്നേഷും മികച്ച പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. ജംഷദ്പൂരിനായി അനസും ഇന്ന് മികച്ചു നിന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial