ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും ഐ എസ് എല്ലിൽ, വിനീതും റിനോയും ജിംഗനും ഇനി ആർക്കു കളിക്കും?

ഐ എസ് എല്ലിലേക്കുള്ള പുതിയ ടീമുകളെ പ്രഖ്യാപിച്ചപ്പോൾ കേരളക്കരയുടെ സങ്കടം തിരുവനന്തപുരത്തിന് ടീം കിട്ടിയോ ഇല്ലയോ എന്നതായിരുന്നില്ല, കേരള ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചിടിപ്പായ ആ മൂന്നു താരങ്ങൾ ഇനി എവിടെ കളിക്കും എന്നതാണ്. സി കെ വിനീത്, റിനോ ആന്റോ പിന്നെ സന്ദേശ് ജിംഗൻ. മലയാളികളുടെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിന് ആ താരങ്ങൾക്കോ ഐ എസ് എല്ലിനു തന്നെയോ ഇനിയും മറുപടി കണ്ടെത്താൻ ആയിട്ടില്ല.

ഐ എസ് എല്ലിലെ മുഴുവൻ ടീമുകളെയും പൊളിച്ച് ഡ്രാഫ്റ്റ് സംവിധാനത്തിലൂടെ വീണ്ടും ലേലം വിളിച്ചെടുക്കാനാണ് ഐ എസ് എൽ തീരുമാനിച്ചിരിക്കുന്നത് എന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ. ഒരോ ടീമിനും തങ്ങളുടെ പഴയ രണ്ടു താരങ്ങളെ മാത്രം നിലനിർത്താം. ബാക്കിയുള്ള കളിക്കാരെ ഡ്രാഫ്റ്റിനായി വിട്ടുകൊടുക്കേണ്ടി വരും. അങ്ങനെയായാലും കേരള ബ്ലാസ്റ്റേഴ്സിനു ഈ മൂന്നു താരങ്ങളേഴും നിലനിർത്താൻ കഴിയില്ല.

സികെ വിനീതിനും റിനോ ആന്റോയ്ക്കും കരാറുള്ളത് ബെംഗളൂരു എഫ് സിയുമായാണ്. ഇരുവരുടെയും കരാറുകൾ സമീപ ഭാവിയിൽ അവസാനിക്കുന്നതുമാണ്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് ജിംഗൻ ബെംഗളൂരു എഫ് സിയിൽ എത്തിയത് എങ്കിലും ജിങ്കനുമായുള്ള കേരളത്തിന്റെ കരാറും സീസൺ അവസാനത്തോടെ കാലാവധി കഴിഞ്ഞിരിക്കുകയാണ്.

കേരളത്തിനു മാത്രമല്ല എല്ലാ ടീമുകൾക്കും ഇത്തരം തലവേദനകൾ നിലനിൽക്കുന്നുണ്ട്. ഐ എസ് എല്ലിൽ മുമ്പുള്ള ക്ലബുകളേക്കാൾ ഡ്രാഫ്റ്റ് സംവിധാനം ബുദ്ധിമുട്ടാവുക ബെംഗളൂരു എഫ് സിക്കാകും. നാലു വർഷത്തോളമായി ചിട്ടയായി വളർത്തിയെടുത്ത ഒരു ടീമിനെ ഏതാണ്ട് മൊത്തമായും ബെംഗളൂരുവിന് നഷ്ടപ്പെട്ടേക്കും. രാജ്യത്തെ മികച്ച താരങ്ങളാണ് മിക്ക ബെംഗളൂരു എഫ് സി താരങ്ങളും എന്നിരിക്കെ ഡ്രാഫ്റ്റിൽ എത്തിയാൽ ഈ താരങ്ങൾക്ക് ലേലത്തിൽ ആവശ്യക്കാരും കൂടും എന്നതും ബെംഗളുരുവിന് തിരിച്ചടിയാണ്.

ഡ്രാഫ്റ്റ് സംവിധാനം ലീഗിന് യോജിച്ചതല്ല എന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട് എങ്കിലും പുതിയ ടീമുകൾ വരുന്നതോടെ ഐ എസ് എല്ലിന് വേറെ വഴി ഉണ്ടാകില്ല. പൊതുവെ നല്ല കളിക്കാരെ വാങ്ങാൻ മടി കാണിച്ചിട്ടുള്ള കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഡ്രാഫ്റ്റിൽ മികവിലേക്ക് ഉയർന്നില്ലായെങ്കിൽ തങ്ങൾക്കു ബാക്കിയുണ്ടായിരുന്ന നല്ല കളിക്കാരേയും നഷ്ടപ്പെടുമല്ലോ എന്ന ആശങ്കയിലാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറെക്കോർഡ് തുകയ്ക്ക് ആൻഡ്രെ സിൽവ എസി മിലാനിൽ
Next articleസമ്മര്‍ദത്തെ അതിജീവിച്ച് പാക് വിജയം, സര്‍ഫ്രാസിനെയും മത്സരത്തെയും കൈവിട്ട് ലങ്ക