
ഐഎസ്എല്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിൽ എത്തിയതോടെ ഓരോ പോയിന്റും വിലപ്പെട്ടതാണെന്നു തിരിച്ചറിവോടു കൂടിയാണ് പുനെയും ഡൽഹിയും ബാലേവാദിയിൽ അങ്കത്തിനിറങ്ങുന്നത്. അതിനാല്‍ തന്നെ തീപ്പാറുന്നൊരു പോരോട്ടത്തിനു സാക്ഷ്യം വഹിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളുടെയും ആരാധകര്‍. ഒന്നാം സ്ഥാനത്തുള്ള ഡൽഹിയെ തറപറ്റിച്ചാൽ പൂനെയുടെ സെമി പ്രതീക്ഷകൾക്ക് ഊർജ്ജം പകരമെന്നതിനാൽ പൂനെക്ക് ഇത് നിർണായക മത്സരമാണ്. തോൽവി ഒഴിവാക്കിയാൽ തന്നെ ഡൽഹിക്കു സെമി സാധ്യത കൈയെത്തും ദൂരത്താണ്.
10 കളികളിൽ നിന്ന് 12 പോയിന്റുമായി പൂനെ ആറാം സ്ഥാനത്താണ്. തങ്ങളുടെ സീസണിലെ അവസാനത്തെ ഹോം മാച്ച് ജയിക്കാനുറച്ചു തന്നെയാവും ഹബാസിന്റെ ടീം ഇറങ്ങുക. അത്ലറ്റിക്കോ കൊൽക്കത്തക്കെതിരെയും മുംബൈ സിറ്റിക്കെതിരെയും ജയിച്ച പൂനെ ഉജ്ജ്വല ഫോമിൽ നിൽക്കുമ്പ്പോഴാണ് അവസാന മത്സരത്തിൽ ചെന്നൈയോട് രണ്ടു ഗോളിന് പരാജയപ്പെട്ടത്. പൂനെയുടെ പ്രതിരോധം സുരക്ഷിതമാക്കേണ്ട ചുമതല ഇത്തവണയും ഫെരേരയുടെ ചുമലിൽ ആവും. കൂട്ടിനു അഗസ്റ്റിൻ ഫെർണാഡസും ഉണ്ടാവും . അഞ്ചു പ്രതിരോധ നിരക്കാരെ ഇറക്കിയാവും ഹബാസിന്റെ ടീം ഇറങ്ങുക. മധ്യ നിരയിൽ ജോനാഥന് ലൂക്കയും മുഹമ്മദ് സിസോക്കോയും തന്നെയാവും പൂനെയ്ക്ക് കളി നിയന്ത്രിക്കുക.
10 കളികളിൽ നിന്ന് 17 പോയിന്റ് നേടിയ ഡൽഹി ഒന്നാം സ്ഥാനത്താണ്. ഇന്ന് ജയിച്ചു തങ്ങളുടെ സെമി സാധ്യത ഉറപ്പിക്കാൻ വേണ്ടിയാകും ഒന്നാം സ്ഥാനക്കാരായ ഡൽഹിയുടെ ശ്രമം. ഡൽഹി ടീം ഇതുവരെ പ്ലേ ഓഫ് സാധ്യത നേടിയിട്ടില്ല എന്ന് തന്നെയാണ് കോച്ച് സംബറോട്ടയുടെ വിശ്വാസം. അത് കൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും കോച്ച് പ്രതീക്ഷിക്കുന്നില്ല. സമനില പോലും അവരുടെ സെമി സാധ്യത വര്‍ദ്ധിപ്പിക്കുമെങ്കിലും വിജയത്തില്‍ കുറഞ്ഞൊന്നുമാവില്ല അവര്‍ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പത്തുപേരായി ചുരുങ്ങിയിട്ടും കൊൽക്കത്തക്കെതിരെ സമനില നേടിയെടുത്തത് ഡൽഹി താരങ്ങളുടെ ആത്മവിശ്വാസം ഉയർത്തും.
ഉജ്ജ്വല ഫോമിൽ കളിക്കുന്ന മാര്‍സെലീനോ ആണ് ഡൽഹിയുടെ കുന്തമുന. ഐ എസ് എൽ 2016ൽ 5 ഗോളും 4 അസിസ്റ്റും നേടി ഡൽഹിയുടെ മുന്നേറ്റത്തിന്റെ നെടും തൂണാണ് ഈ ബ്രസീലിയൻ ഫോർവേഡ്. ഡൽഹിയുടെ മറ്റു വിദേശ താരങ്ങളും നല്ല ഫോമിലാണ്. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ മിലൻ സിങ് സസ്പെൻഷൻ കാരണം ഇന്ന് കളിക്കില്ല. കഴിഞ്ഞ മത്സരത്തിൽ സബ്സ്ടിട്യൂറ്റ് ആയി ഇറങ്ങിയ ബെംഗളുരൂ എഫ് സി താരം ആൽവിൻ ജോർജ് ഇന്ന് ആദ്യ പതിനൊന്നിൽ തിരിച്ചെത്തിയേക്കും. മധ്യനിരയെ നിയന്ത്രിക്കുന്നത് മുന്‍ ഫ്രഞ്ച് താരം ഫ്ലോറന്റ് മലൂഡയാണ്. ടൂര്‍ണ്ണമെന്റ് തുടക്കത്തില്‍ ഫോം മങ്ങിയ മലൂഡ, അവസാന ഘട്ടത്തിലേക്ക് മത്സരങ്ങള്‍ എത്തിചേര്‍ന്ന അവസരത്തില്‍ മികച്ച ഫോമിലാണ്. റിച്ചാര്‍ഡ് ഗാഡ്സെയും കീന്‍ ലൂയിസും അടങ്ങുന്ന മുന്നേറ്റ നിര ഏത് സമയവും ഗോള്‍ നേടാന്‍ കെല്പുള്ളവരാണ്.
ഐ എസ് എല്ലിൽ ഡൽഹിക്കെതിരെ ഇതുവരെ ഒരു മത്സരം ജയിക്കാൻ പുനെക്കായിട്ടില്ല. കളിച്ച അഞ്ചു മത്സരങ്ങളിൽ മൂന്നെണ്ണം ഡൽഹി ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിൽ കലാശിച്ചു. വൈകീട്ട് 7 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാവുന്നതാണ്.