Site icon Fanport

വിബിന്‍ മോഹനൻ 4 വര്‍ഷത്തേക്ക് കൂടി കേരള ബ്ലാസ്‌റ്റേഴ്‌സിൽ

കൊച്ചി, സെപ്തംബര്‍ 18, 2024: മിഡ് ഫീല്‍ഡര്‍ താരം വിബിന്‍ മോഹനനുമായുള്ള കരാര്‍ 4 വര്‍ഷത്തേക്ക് കൂടി പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2029 വരെയുള്ള കരാറിൽ താരം ഒപ്പ് വച്ചു.

Picsart 24 05 09 18 20 33 749

2020-ല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് വിംങില്‍ ചേര്‍ന്ന വിബിന്‍ 2022-ലാണ് ഫസ്റ്റ് ടീമിലെത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍), ഡ്യൂറന്റ് കപ്പ്, സൂപ്പര്‍ കപ്പ് തുടങ്ങി ഒട്ടേറെ സുപ്രധാന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുവാന്‍ 21 കാരനായ ഈ മിഡ്ഫീല്‍ഡറിന് സാധിച്ചിട്ടുണ്ട്.

ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞ 28 മത്സരങ്ങളിൽ നിന്നായി തന്റെ കന്നി ഗോളും 4 അസിസ്റ്റുകളും വിബിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈയടുത്തായി അണ്ടര്‍ 23 ഇന്ത്യന്‍ ടീമിലേക്കും വിബിന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

‘എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും എന്റെ വളര്‍ച്ചയില്‍ പിന്തുണ നല്‍കുകയും ചെയ്യുന്ന കേരള ബ്ലാസ്റ്റേഴിസിനോട് അതിയായി കടപ്പെട്ടിരിക്കുന്നു. ക്ലബിനൊപ്പമുള്ള യാത്ര തുടരുന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. വരും വര്‍ഷങ്ങളിലും എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും.’ – വിബിന്‍ പറഞ്ഞു.

‘ദീര്‍ഘകാലയളവിലേക്ക് വിബിനെ ക്ലബില്‍ നിലനിര്‍ത്താന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. അപാരമായ പ്രകടന മികവുള്ള കളിക്കാരനായ അദ്ദേഹം വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്. വിബിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു പ്രധാന ഭാഗമാകുകയും കൂടുതല്‍ വളരുകയും ചെയ്യുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.’ – കെബിഎഫ്‌സി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്കിൻകിസ് പറഞ്ഞു.


Exit mobile version