നോർത്ത് ഈസ്റ്റ് താരങ്ങളാൽ നിറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്, ടീമിൽ ഒരു സിങ്ടോ ടച്ച്

റിനോയിൽ തുടങ്ങി അജിത് ശിവനിലാണ് കേരളത്തിന്റെ ഐ എസ് എൽ ഡ്രാഫ്റ്റിലെ പ്രകടനം അവസാനിച്ചത്. ആദ്യവും അവസാനവും മലയാളി താരങ്ങൾ ആയിരുന്നു എങ്കിലും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കളിക്കാരാണ് കേരള ടീമിന്റെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവും. കേരളം ഇന്ന് സ്വന്തമാക്കിയ 13 താരങ്ങളിൽ എട്ടും നോർത്ത് ഈസ്റ്റിൽ നിന്നാണ്.

ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് സിംഗ്ടോയുടെ സാന്നിദ്ധ്യമാണ് ഇത്രയും നോർത്ത് ഈസ്റ്റ് താരങ്ങളെ ടീമിലെത്താൻ വഴിയായത് എന്നു തന്നെ പറയാം. വർഷങ്ങളായി ഷില്ലോങ്ങ് ലജോങിന്റെ കൂടെ നിന്ന് നോർത്ത് ഈസ്റ്റ് ഫുട്ബോളിനെ കളിമികവിന്റെ തലസ്ഥാനമാക്കി മാറ്റിയ സിങ്ടോ നോർത്ത് ഈസ്റ്റിലുള്ള മികച്ച താരങ്ങളെ തന്നെ കേരളത്തിലേക്ക് എത്തിക്കുക ആയിരുന്നു.

ലാൽറുവത്താരയേയും ലാൽതകിമയും ഉൾപ്പെടെ പ്രതിരോധത്തിലേക്ക് നോർത്ത് ഈസ്റ്റിൽ നിന്നെത്തിയ നാലുപേരും യുവതാരങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഐ ലീഗിൽ ചാമ്പ്യന്മാരായ ഐസോളിനു വേണ്ടി ബൂട്ടുകെട്ടിയവരാണ് ലാൽറുവത്താരയും ലാൽതകിമയും. ഷില്ലോങ്ങ് ലജോങ്ങിൽ സിങ്ടോയ്ക്ക് കീഴിൽ കളിച്ച പ്രതിരോധ താരങ്ങളായ സാമുവൽ ശദപും പ്രിതം കുമാർ സിങ്ങും കേരളം ഡിഫൻസിലേക്ക് എടുത്ത താരങ്ങളിൽ ഉൾപ്പെടുന്നു. ജിങ്കന്റേയും റിനോയുടേയും സാന്നിദ്ധ്യം ഈ യുവതാരങ്ങൾക്ക് സഹായകമാകും.

മധ്യനിരയിൽ ഇറങ്ങുന്ന സിയാം ഹാങ്ങലും മൊയ്റങ്തമും നോർത്ത് ഈസ്റ്റിൽ നിന്നു തന്നെയാണ് വരുന്നത്. നോർത്ത് ഈസ്റ്റിൽ നിന്നു വന്ന എട്ടിൽ ആറു താരങ്ങളും ഇരുപത്തി നാലോ അതിൽ താഴെയോ പ്രായമുള്ള കളിക്കാരാണ്. യുവതാരങ്ങളെ എങ്ങനെ കളിപ്പിക്കണം എന്നു നനായി അറിയുന്ന സിങ്ടോയും റെനി മുലൻസ്റ്റീനും ബ്ലാസ്റ്റേഴ്സിലുള്ളപ്പോൾ താരങ്ങളുടെ പ്രായത്തെ കുറിച്ച് ആകുലതപ്പെടേണ്ടതില്ല എന്നതാണ് വസ്തുത.

നോർത്ത് ഈസ്റ്റിൽ നിന്നു തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഡ്രാഫ്റ്റിലെ പ്രധാന രണ്ടു താരങ്ങൾ വരുന്നതും. ഇന്ത്യ ഫുട്ബോൾ ടീമിന്റെ ഭാഗമായ ജാക്കിച്ചന്ദ് സിങും മിലൻ സിങ്ങും. ഇരുവരും കേരള ബ്ലാസ്റ്റേഴ്സ് ആഘോഷമാക്കാൻ പോകുന്ന താരങ്ങളാണ് എന്നതിൽ സംശയമില്ല. ആക്രമണ നിരയിൽ അറാറ്റ ഇസുമിയ്ക്കും വിനീതിനുമൊപ്പം ജാക്കിചന്ദും കൂടി ചേരുമ്പോൾ വിദേശി സാന്നിദ്ധ്യമില്ലാതെ തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമണ നിര മികച്ചതായി മാറുന്നു.

കേരള താരങ്ങളായ ഹക്കുവിനേയും ഷാഹിനേയും ഉബൈദിനെയും പോലുള്ളവരെ പരിഗണിക്കാത്തതിൽ പരാതി ഉയരുന്നുണ്ട് എങ്കിലും സിങ്ടോയും സംഘവും എത്തിച്ച താരങ്ങൾ അത്ര മോശമല്ല എന്നതാണ് സത്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകളിക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായി, മാപ്പ് പറഞ്ഞു തടിയൂരി ചെൽസി
Next articleതുർക്ക്മെനിസ്ഥാനെ തകർത്ത് ഇന്ത്യ, തല ഉയർത്തി യുവനിര മടങ്ങുന്നു