എഫ് സി ഗോവ ടീം പ്രിവ്യൂ; ഡെറിക് പെരേരയും ഗോവൻ രക്തവും

അസിസ്റ്റന്റ് കോച്ചായി മുൻ ചർച്ചിൽ ബ്രദേഴ്സ് കോച്ച് ഡെറിക് പെരേര എത്തിയതിന്റെ എല്ലാ ഗുണങ്ങളും എഫ് സി ഗോവയുടെ സ്ക്വാഡിൽ കാണാം. മുൻ സീസണുകളിലെ പോലെ ഗോവൻ ടാലന്റുകളെ നിലനിർത്തി നല്ലൊരു ടീമിനെ എങ്ങനെ ഒരുക്കാം എന്നാണ് ഇത്തവണയും എഫ് സി ഗോവ നോക്കിയത്. വൻ പേരുകൾക്കല്ല ടീമിന് ആവശ്യമായ താരങ്ങളെയാണ് ഗോവൻ നിരയിൽ കാണാൻ പറ്റുന്നത്. മറ്റു പല ടീമുകളെ പോലെ വലിയ പേരുകൾ ഇല്ലാതെ തന്നെ ആരാധകരെ സ്റ്റേഡിയത്തിൽ എത്തിക്കാൻ കഴിവുള്ള ടീമാണ് എഫ് സി ഗോവയും കേരള ബ്ലാസ്റ്റേഴ്സും ഒക്കെ. അതുകൊണ്ട് തന്നെ മികച്ച ടീമൊരുക്കിയാൽ മതി,ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടി വലിയ താരങ്ങളുടെ പേര് ടീമിൽ ഉൾപ്പെടുത്തണമെന്നില്ല. അത് ഡെറിക് പെരേര നന്നായി മനസ്സിലാക്കിയിരുന്നു.

ഗോവയിലെ ഏറ്റവും മികച്ച വിങ്ങറായ മന്ദർ റാവു ദേശായിയേയും ഗോൾകീപ്പർ കട്ടിമണിയേയും ആയിരുന്നു ഗോവ ഡ്രാഫ്റ്റിനു മുന്നേ നിലനിർത്താൻ തീരുമാനിച്ചത്. കട്ടിമണി കഴിഞ്ഞ സീസണിൽ ശരാശരി പ്രകടനമായിരുന്നു എങ്കിലും ഇന്ത്യൻ ഗോൾകീപ്പർ എന്നത് ഐ എസ് എല്ലിൽ മൂല്യം കൂടുതൽ ഉള്ളതായതു കൊണ്ട് ഗോവ കട്ടിമണിയെ നിലനിർത്തുക ആയിരുന്നു.

ഡ്രാഫ്റ്റിലാണ് എഫ് സി ഗോവ ശരിക്കും തിളങ്ങിയത്. പ്രൊണായ് ഹാൾദർ, ചിങ്ക്ലൻസന സിങ്, ബ്രണ്ടൺ ഫെർണാണ്ടസ് തുടങ്ങി മികച്ച ഇന്ത്യൻ ടാലന്റുകളാണ് ഗോവയിൽ ഡ്രാഫ്റ്റ് വഴി എത്തിയത്. ഡിഫൻസീവ് മിഡ്ഫീൽഡിൽ പ്രൊണായ് ഹാൾദറും തൊട്ടു മുന്നിൽ ബ്രണ്ടൻ ഫെർണാണ്ടസും അണിനിരക്കുമ്പോൾ അത് ലീഗിലെ തന്നെ മികച്ച സെന്റർ മിഡ്ഫീൽഡ് കോംബിനേഷൻ ആയേക്കും. മിഡ്ഫീൽഡിൽ വിദേശ താരമായ ബ്രൂണോയും എത്തിയിട്ടുണ്ട്. ഒരു വിങ് മന്ദർ റാവു ദേശായിയിൽ ഭദ്രമാകുമ്പോൾ മുൻ മല്ലോർക താരം മാനുവൽ അരാനയും വിങ്ങിൽ കരുത്താകാൻ എഫ് സി ഗോവയ്ക്ക് ഒപ്പമുണ്ട്. കൂടാതെ മുമ്പ് ചർച്ചിലിൽ ഡെറികിനൊപ്പം ഉണ്ടായിരുന്ന സെരിടൺ ഫെർണാണ്ടസ്, പ്രിതേഷ് ശിരോദ്കർ, ജോവൽ മാർട്ടിൻസ് എന്നിവരും മിഡ്ഫീൽഡിൽ ഇറങ്ങും.

കട്ടിമണിക്കൊപ്പം ഡെംപോയുടെ ഗോൾവല കാത്ത ബ്രൂണോ കൊളാസോയും മുൻ പൈലാൻ ആരോസ് താരം നവീൺ കുമാറുമാണ് ഗോൾ വല കാക്കാൻ ഗോവയിൽ ഉള്ളത്. ഒരു സീസൺ മുഴുവൻ അത്ഭുതങ്ങൾ കാണിക്കാനുള്ള ഒരു ഗോൾകീപ്പർ എഫ് സി ഗോവയ്ക്ക് ഇല്ലാ എന്നതാണ് സത്യം. കട്ടിമണി കഴിഞ്ഞ സീസണിലെ പോലെ അബദ്ധങ്ങൾ കാണിക്കില്ല എന്നു കരുതി ആശ്വസിക്കുകയേ ഗോവയ്ക്ക് നിവൃത്തിയുള്ളൂ.

സെന്റർ ബാക്കായി യുവ താരം ചിങ്ക്ലൻസന സിങിനൊപ്പം ഒരു വിദേശ സെന്റർ ബാക്ക് കൂടെ എത്തിയാൽ സെന്റർ ബാക്ക് പൊസിഷനിലും ഗോവ കരുത്താകും. ആറടിയിലധികം ഉയരമുള്ള കരുത്തനായ ചിങ്ക്ലൻസന ഒരു വിദേശ സെന്റർ ബാക്കിനൊപ്പം കളിക്കുന്നത് താരത്തേയും മെച്ചപ്പെടുത്തും. ലെഫ്റ്റ് ബാക്കായി രാജ്യത്തെ തന്നെ ഏറ്റവും മികച്ച രണ്ടു ലെഫ്റ്റ് ബാക്കിൽ ഒരാളായ നാരായൺ ദാസിനെയാണ് എഫ് സി ഗോവ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയുടെ ഇപ്പോഴത്തെ ലെഫ്റ്റ് ബാക്ക് കൂടിയാണ് നാരായൺ ദാസ്. 23 വയസ്സു മാത്രമുള്ള നാരായൺ ദാസ് ഇതിനകം തന്നെ പതിനഞ്ചോളം മത്സരങ്ങളിൽ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. മുൻ ഡെംപോ താരം മുഹമ്മദലിയും പിന്നെ അമേ റാണവാദയും ആണ് ഡിഫൻസിലെ മറ്റു താരങ്ങൾ.

മുന്നേറ്റനിരയിലാണ് എഫ് സി ഗോവയ്ക്കും മാനേജർ സെർജിയോ ലൊബേറയ്ക്കും തീർത്തും പിഴച്ചത്. ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ മൻവീർ സിങിനേയും ലിസ്റ്റണേയും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇരു താരങ്ങളും ഡ്രാഫ്റ്റിൽ ഉണ്ടായിരുന്നില്ല എന്നതുകൊണ്ടു തന്നെ സീനിയർ ടീം സ്ക്വാഡിൽ എത്താൻ കഴിയുമോ എന്നതു തീരുമാനമായിട്ടില്ല. റിസേർവ് ടീമിൽ ഒതുങ്ങിയില്ല എങ്കിൽ മൻവീറും ലിസ്റ്റണും എഫ് സി ഗോവയ്ക്കു വേണ്ടി ഇറങ്ങും. പക്ഷെ ഈ യുവതാരങ്ങൾ മതിയാകില്ല ആക്രമണം നയിക്കാൻ. വിദേശ റിക്രൂട്ട്മെന്റു തന്നെയാകും എഫ് സി ഗോവ ആക്രമണ നിരയിൽ ഇത്തവണ ഉണ്ടാവുക എന്നത് അതുകൊണ്ട് തന്നെ ഉറപ്പിക്കാം. സ്പാനിഷ് താരം ഫെരൻ കൊറോമിനസ് ഇതിനകം തന്നെ ഗോവ അറ്റാക്കിങ് നിരയിൽ ഉണ്ട്.

 

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാലാം ദിവസം മുട്ട് മടക്കി ശ്രീലങ്ക, ഗോളിലെ വിജയം മധുരപ്രതികാരം
Next articleഐബിഎസിനു തകര്‍പ്പന്‍ ജയം, ഗോള്‍ മഴ പെയ്യിച്ച് എന്‍വെസ്റ്റ്നെറ്റ്