മൂന്നു പതിറ്റാണ്ടിന്റെ ഫുട്ബോൾ സ്നേഹത്തെ അരങ്ങിലെത്തിക്കാൻ ടാറ്റ വരുന്നു ഐ എസ് എല്ലിൽ

പണം ഒഴുകി നടക്കുന്ന ഐ എസ് എൽ ഫുട്ബോൾ ലോകത്തേക്ക് ടാറ്റയും ബെംഗളൂരുവും കാലു വെക്കുമ്പോൾ ഐ എസ് എല്ലിനെ വിമർശിക്കുന്നവർക്കു പോലും ഐ എസ് എല്ലിൽ പ്രതീക്ഷ എവിടെയോ മുളയ്ക്കുകയാണ്. ഫുട്ബോളിനെ നെഞ്ചോടു ചേർത്തു നടക്കുന്ന കൂട്ടരായാണ് പണത്തിനുമപ്പുറം ജിൻഡാൽ ഗ്രൂപ്പും ടാറ്റയും അറിയപ്പെടുന്നത്.

ടാറ്റയ്ക്ക് ഫുട്ബോൾ വെറും പണത്തിന്റെ കളിയാകില്ല, മുപ്പതു വർഷങ്ങളായി അവർ ഫുട്ബോളിനായി ചെയ്യുന്നത് അരങ്ങിലെത്തിക്കാനുള്ള അവസരമാണ്. മറ്റു ഐ എസ് എൽ ടീമുകൾ ഒക്കെ സ്വന്തമായി ഒരു അക്കാദമി നടത്താൻ ഇപ്പോഴും വിയർക്കുമ്പോൾ മൂന്നു പതിറ്റാണ്ടുകളായി രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോൾ അക്കാദമി നടത്തുകയാണ് ടാറ്റ. ജംഷദ്പൂര് ആസ്ഥാനമായി സ്വന്തം സ്റ്റേഡിയവും വിപുലമായ ട്രെയിനിംഗ് സൗകര്യവുമുള്ള ട്രെയിനിംഗ് സെന്ററും സ്വന്തമായുണ്ട് ടാറ്റയ്ക്ക്. ഐ എസ് എല്ലിൽ വേറെയൊരു ടീമിനും ഇപ്പോഴും സ്വന്തമായി ഒരു സ്റ്റേഡിയമില്ല എന്നത് ഓർക്കുക.

ടാറ്റ അക്കാദമിയിയിലൂടെ വന്ന നൂറിലധികം പേരാണ് ഇന്ത്യയ്ക്കു വേണ്ടി ജേഴ്സി അണിഞ്ഞിട്ടുള്ളത്. റെനഡി സിംഗ്, ക്ലിഫോർഡ് മിറാൻഡ, സെയ്ദ് റഹീം നബി, സുബ്രത, ഗുർപ്രീത്, ഗൗരമാംഗി, റോബിൻ സിംഗ്, രാജു ഗെയ്ക്വാദ്, തുടങ്ങി ഇന്ത്യയുടെ ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ താരമായി മാറിയ ഉദാന്ത സിംഗ് വരെ നിരവധി കളിക്കാരെയാണ് ടാറ്റ അക്കാദമി ഇന്ത്യൻ ഫുട്ബോളിനായി സംഭാവന ചെയ്തിട്ടുള്ളത്. മലയാളി താരങ്ങളായ റിനോ ആന്റോയും ബിനീഷ് ബാലനും ടാറ്റ അക്കാദമിയിലൂടെ വളർന്നു വന്നതാണ്.

ടാറ്റയ്ക്ക് ടാറ്റ അക്കാദമി കൂടാതെ ടാറ്റ ട്രസ്റ്റും ഫുട്ബോളിനെ വളർത്താനായുണ്ട്. ജർമൻ ക്ലബായ ഡോർട്മെന്റുമായി ചേർന്ന് ഇന്ത്യയിലെ ഫുട്ബോൾ വളർത്താനും ടാറ്റ അടുത്തകാലത്ത് തീരുമാനിച്ചിരുന്നു. ടാറ്റ മുമ്പ് ബോംബെ ലീഗിൽ ടാറ്റ സ്പോർട്സ് ക്ലബ് എന്ന പേരിൽ ടീമിനെ ഇറക്കിയിരുന്നു. ടാറ്റ് ഫുട്ബോൾ അക്കാദമി 2008/09 സീസണിലും 2013/14 സീസണിലും അണ്ടർ 19 ഐ ലീഗ് ചാമ്പ്യന്മാരായിട്ടുണ്ട്. 2009 ജൂനിയർ ഫുട്ബോൾ ചാമ്പ്യന്മാരുമായിരുന്നു.

ടാറ്റയുടെ ഐ എസ് എല്ലിലേക്കുള്ള വരവ് ഐ എസ് എല്ലിനെ മെച്ചപ്പെടുത്തുകയേ ചെയ്യൂ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇനിയെങ്കിലും ടാറ്റ അക്കാദമിയിൽ വളരുന്നവർക്ക് ടാറ്റ പറഞ്ഞു മറ്റു ക്ലബുകളിലേക്ക് പോകേണ്ടി വരില്ല എന്ന നേട്ടവുമുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജയം തുടരാൻ സാംപോളി, മെസ്സിയില്ലാതെ അർജന്റീന ഇറങ്ങുന്നു
Next articleഅത്ലറ്റിക്കോയിൽ തുടരാൻ ഗ്രീസ്മാൻ, അടുത്ത വർഷം യുണൈറ്റഡിൽ എത്തിയേക്കും