ഇത് പുതിയ കേരള ബ്ലാസ്റ്റേഴ്സ്!! ഒഗ്ബെചെയുടെ മികവിൽ വിജയ തുടക്കം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ആറാം സീസണ് ഗംഭീര തുടക്കം. ഈ സീസൺ ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ തുക മുടക്കി ടീമൊരുക്കിയ, കിരീടം നേടാൻ വലിയ സാധ്യത കൽപ്പിക്കപ്പെട്ട എ ടി കെ കൊൽക്കത്തയെ മുട്ടുകുത്തിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് കലൂർ സ്റ്റേഡിയത്തിൽ നടന്ന പ്രകടനത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയം. ക്യാപ്റ്റൻ ഒഗ്ബെചെ ആയിരുന്നു ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ആയി മാറിയത്.

കളിയുടെ തുടക്കത്തിൽ എ ടി കെ ആക്രമണത്തിനു മുന്നിൽ വിറച്ചു എങ്കിലും പിന്നീട് കളിയിലേക്ക് മികച്ച രീതിയിൽ തിരികെ വന്നു കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ എ ടി കെയുടെ ഗോൾ വന്നിരുന്നു. അവരുടെ പുതിയ സൈനിംഗ് മാക്ഹ്യു ഒരു വോളിയിലൂടെയാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. ആ ഗോളിന് ശേഷം എ ടി കെ കളിയുടെ നിയന്ത്രണവും ഏറ്റെടുത്തു. ഗോളാക്കാനുള്ള രണ്ട് സുന്ദര അവസരങ്ങളും എ ടി കെ ഉണ്ടാക്കി. എന്നാൽ ഫിനിഷിങിലെ പോരായ്മ കേരളത്തെ രക്ഷിച്ചു.

കളിയുടെ 28ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ. ഒരു കോർണറിൽ കേരളത്തിന്റെ ഡിഫൻഡർ ജൈറോയെ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി കിട്ടിയത്. അത് സമ്മർദ്ദങ്ങൾ മറികടന്ന് ക്യാപ്റ്റൻ ഒഗ്ബെചെ വലയിൽ എത്തിച്ചു. ആ സമനില ഗോളിന് ശേഷം കളി കൂടുതൽ നിയന്ത്രിക്കാൻ കേരളത്തിനായി. ആദ്യ പകുതിയുടെ അവസാന നിമിഷമായിരുന്നു ഒഗ്ബെചെയുടെ രണ്ടാം ഗോൾ. വലതു വിങ്ങിൽ നിന്ന് പ്രശാന്ത് കൊടുത്ത ക്രോസിൽ നിന്ന് ഒരു ഗംഭീര സ്ട്രൈക്കിലൂടെ ആയിരുന്നു ഒഗ്ബെചെയുടെ ആ ഗോൾ.

രണ്ടാം പകുതിയിൽ ആ ലീഡ് നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സിനായി. സബ്ബായി എത്തിയ ആർക്കസ് പോലുള്ള താരങ്ങളുടെ മികവ് കാരണം കളിയിൽ സമ്മർദ്ദത്തിൽ ആവാതെ തന്നെ മൂന്ന് പോയന്റ് സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിനായി. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിൽ വലിയ പ്രതീക്ഷ നൽകുന്ന പ്രകടനം തന്നെയാണ് ഇന്ന് കൊച്ചിയിൽ കണ്ടത്.