ഒപ്പത്തിനൊപ്പം ചെന്നൈയും കൊല്‍ക്കത്തയും

- Advertisement -

39ാം മിനുട്ടില്‍ പോസ്റ്റിഗ നേടിയ ഗോളിലൂടെ മുന്നിലെത്തിയ കൊല്‍ക്കത്തയെ 77ാം മിനുട്ടിലെ ഡേവിഡ് സൂച്ചി ഗോളിലൂടെ സമനിലയില്‍ തളച്ച് ചെന്നൈ. ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ കൊല്‍ക്കത്തയ്ക്കായിരുന്നു മുന്‍തൂക്കും. ഹെല്‍ഡര്‍ പോസ്റ്റിഗ നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ സന്ദര്‍ശകര്‍ 1-0 നു ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച മുന്നേറ്റം നടത്തിയ ചെന്നൈയുടെ മേധാവിത്വം ആയിരുന്നു മറീന അരീനയില്‍ കാണുവാന്‍ സാധിച്ചത്. നിരന്തരമായ ശ്രമത്തിന്റെ ഫലമായി അവര്‍ക്ക് 77ാം മിനുട്ടില്‍ സമനില ഗോള്‍ നേടാനുമായി. കൊല്‍ക്കത്തയില്‍ ഇതിനു മുമ്പ് സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോളും മത്സരം 2-2 സമനിലയില്‍ അവസാനിക്കുകയായിരുന്നു.

മത്സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ കൊല്‍ക്കത്ത ചെന്നൈ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന കാഴ്ചയാണ് കണ്ടത്. റാള്‍ട്ടേ നല്‍കിയ ക്രോസ് ഹെഡ് ചെയ്ത പോസ്റ്റിഗയുടെ ശ്രമം പോസ്റ്റില്‍ തട്ടിയകലുകയായിരുന്നു. രണ്ട് മിനുട്ടുകള്‍ക്ക് ജെജെയുടെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 20ാം മിനുട്ടില്‍ ജെജെ പരിക്കേറ്റ് പുറത്ത് പോയത് ചെന്നൈയ്ക്ക് തിരിച്ചടിയായി. ആദ്യ പകുതി അവസാനിക്കാന്‍ 6 മിനുട്ട് ശേഷിക്കേ ഹെല്‍ഡര്‍ പോസ്റ്റിഗയുടെ ഹെഡ്ഡര്‍ ചെന്നൈ ഗോള്‍വല കുലുക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കുക എന്ന ലക്ഷ്യത്തോടു കൂടി ചെന്നൈ ആക്രമണം അഴിച്ചു വിട്ടപ്പോള്‍ മത്സരം ആവേശകരമായി. 56ാം മിനുട്ടില്‍ സൂച്ചിയുടെ ശ്രമം നേരിയ വ്യത്യാസത്തില്‍ ഗോളിനു പുറത്ത് പോയപ്പോള്‍ 66ാം മിനുട്ടില്‍ ബെര്‍ണാഡ് മെന്‍ഡിയാണ് അവസരം നഷ്ടമാക്കിയത്. രണ്ടാം പകുതിയില്‍ കൊല്‍ക്കത്തയെ നിഷ്പ്രഭമാക്കി ചെന്നൈ മച്ചാന്‍സാണ് ഗ്രൗണ്ടില്‍ നിറഞ്ഞു കളിച്ചതും അവസരങ്ങള്‍ സൃഷ്ടിച്ചതും. 13 മിനുട്ടുകള്‍ ശേഷിക്കെ മത്സരം സമനിലയിലാക്കി ഡേവിഡ് സൂച്ചി ഗോള്‍ നേടുകയായിരുന്നു. ഗോള്‍ നേടിയതോടു കൂടി ആക്രമണത്തിന്റെ തീവ്രത കൂട്ടിയ ചെന്നൈ വിജയത്തിനായി ശ്രമിക്കുന്നതാണ് മറീന അരീനയിലെ ചെന്നൈ ആരാധകക്കൂട്ടം കണ്ടത്. എന്നാല്‍ പിന്നീട് ഗോളുകളും ഒന്നും വഴങ്ങാതെ മത്സരം കൊല്‍ക്കത്ത പ്രതിരോധം പിടിച്ചു നിന്നപ്പോള്‍ മത്സരം സമനിലയില്‍ അവസാനിച്ചു.

ഡേവിഡ് സൂച്ചിയാണ് ഹീറോ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 15 പോയിന്റുകളോടു കൂടി കൊല്‍ക്കത്ത മൂന്നാം സ്ഥാനത്തും 14 പോയിന്റുകളുള്ള ചെന്നൈ ആറാമതുമാണ്.

നാളെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മത്സരങ്ങളൊന്നുമില്ല. നവംബര്‍ 22നു നോര്‍ത്തീസ്റ്റ് യുണൈറ്റഡും എഫ്സി പൂനെ സിറ്റിയും തമ്മില്‍ ഗുവഹാത്തിയിലാണ് അടുത്ത മത്സരം.

Advertisement