കോപ്പലാശാനില്ല പകരം ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ സ്റ്റുവർട്ട് പിയേർസ് എത്തും

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ ഇത്തവണ സ്റ്റീവ് കോപ്പൽ ഉണ്ടാകില്ലാ എന്ന് ഏറെക്കുറെ ഉറപ്പാകുന്നു. സ്റ്റീവ് കോപ്പലിനു പകരം മാനേജറാകാൻ മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് പിയേഴ്സുമായി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. സ്റ്റുവർട്ട് പിയേഴ്സ് ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ചാകുമെന്ന് ഇന്നലെ തന്നെ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മൈക്കൾ ചോപ്ര ട്വിറ്റർ വഴി അറിയിക്കുകയും ചെയ്തിരുന്നു.

മുൻ ഇംഗ്ലണ്ട് ഡിഫൻഡറായ സ്റ്റുവർട്ട് പിയേഴ്സ് മാഞ്ചസ്റ്റർ സിറ്റിയേയും നോടിംഗ്ഹാം ഫോറസ്റ്റിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. 2012ൽ താൽകാലികമായി ഇംഗ്ലണ്ട് നാഷണൽ ടീമിന്റേയും മാനേജറായിരുന്നു. 2012 ഒളിമ്പിക്സിൽ ഗ്രേറ്റ് ബ്രിട്ടൺ ടീമിനെ പരിശീലിപ്പിച്ചതും സ്റ്റുവർട്ട് പിയേഴ്സ് ആയിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി 78 മത്സരങ്ങളിൽ ബൂട്ടു കെട്ടിയിട്ടുള്ള സ്റ്റുവർട്ട് പിയേഴ്സ് മികച്ച ഡിഫൻഡറായാണ് അറിയപ്പെട്ടത്.

പുതിയ ഹെഡ് കോച്ചിനെ പ്രഖ്യാപിക്കാൻ ഐ എസ് എൽ പറഞ്ഞിരിക്കുന്ന സമയം ജൂലൈ 15ന് അവസാനിക്കും. ടാറ്റാ ജംഷദ്പൂർ ഒഴികെ ബാക്കിയുള്ള ഐ എസ് എൽ ടീമുകൾ ആര് തങ്ങളെ നയിക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. സ്റ്റീവ് കോപ്പൽ എന്ന കോപ്പലാശാൻ വരുമെന്ന പ്രതീക്ഷയിൽ ഇരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പുതിയ കോച്ചിനെ കുറിച്ചുള്ള വാർത്ത എങ്ങനെ സ്വീകരിക്കും എന്നാണ് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement