
സ്റ്റീഫന്‍ ജെയിംസ് കോപ്പല്‍ എന്ന് പറയുന്നതിനെക്കാൾ കോപ്പലാശാന് എന്നാവും കൂടുതല്‍ യോജിക്കുന്നതും സുപരിചിതവും. 1955ല്‍ ലിവർപൂളില്‍ ജനിച്ച ഈ ഇംഗ്ലീഷ്കാരന് ഇന്ന് കേരളത്തിനു കോപ്പലാശാനാണ്.
കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ പ്രവേശിച്ചതിന്റെ പിന്നില്‍ കോപ്പലാശാന്റെ തന്ത്രങ്ങളുണ്ടായിരുന്നു. ഏത് സാഹചര്യത്തിലും ഫ്രിഡ്ജില്‍ ചാരിനില്ക്കുന്ന കോപ്പലാശാനെ ഇന്ത്യന്‍ ഫുട്ബോള്‍ ലോകം കണ്ടതാണ്. ഈ വര്‍ഷം കോപ്പലാശാന് പുതുതായി വന്ന ജംഷഡ്പൂർ എഫ്.സി യിലേക്ക് പോയത് ബ്ലാസ്റ്റേഴ്സ് ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു.
ഈ സീസണിലും കോപ്പലാശാനെ സമനില ഭുതം പിടിക്കൂടിയിരിക്കുകയാണ്. ഐ.എസ്.എല്‍ന്റെ നാലാം സീസണില്‍ മൂന്ന് കളി അവസാനിക്കുമ്പോള്‍ കോപ്പലാശാന്റെ ടീമിന് ഒരു വിജയവും നേടാനായിട്ടില്ല. കളിച്ച മൂന്ന് കളിയും സമനില. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് ആദ്യ സമനില. രണ്ടാം മത്സരം കേരളത്തോട്, അതും കേരളത്തിന്റെ തട്ടകത്തില്‍, അതും സമനില. ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ എ.ടി.കെയോടും സമനില. മാത്രവുമല്ല ഐഎസ്എല്‍ മൂന്നു മത്സരം അവസാനിക്കുമ്പോള്‍ പുതുതായി വന്ന ജംഷഡ്പൂരിന് ഐഎസ്എല്ലിൽ ഇതുവരെ ഗോള്‍ അകൗണ്ട് തുറക്കാനായിട്ടില്ല.
കോപ്പലാശാന് സമനില കുരുക്കില്‍ അകപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരിക്കെ ബ്ലാസ്റ്റേഴ്സ് സമനിലയായത് നാല് തവണയാണ്. സീസണിന്റെ തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റിനോടും കൊല്‍ക്കത്തയോടും തോറ്റ് തുടങ്ങി അടുത്ത മത്സരത്തില്‍ ഡല്‍ഹിയോട് ആദ്യ സമനില. ഒരു മത്സരത്തിന് ശേഷം പൂന്നെയോട് രണ്ടാം സമനില. വീണ്ടും ഒരു മത്സരത്തിന് ശേഷം ചെന്നൈയോട് മൂന്നാം സമനില. അഞ്ച് മത്സരത്തിന് ശേഷം സെമി ഫൈനലിന് വേണ്ടിയുളള നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയോട് സമനില.
എന്നാല്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളും മറികടന്ന് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയെങ്കിലും നിർഭാഗ്യം കൊണ്ട് കൊല്‍ക്കത്തയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു. അതിനാല്‍ ജംഷഡ്പൂരിനെയും കോപ്പലിനെയും വെറുതെ എഴുതിതള്ളണ്ട. നിര്‍ണായക സാഹചര്യങ്ങളില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ കോപ്പലിനറിയാം. അതിന് അനിയോജ്യമായ കളിക്കാരും കോപ്പലിന്റെ കൈവശമുണ്ട്.
ഈ മാസം ആറിന് ഡല്‍ഹിക്കെതിരെ ഡല്‍ഹിയുടെ മൈതാനത്താണ് ജംഷഡ്പൂരിന്റെ അടുത്ത മത്സരം. ആ മത്സരത്തില്‍ കോപ്പല്‍ എന്ത് തന്ത്രമാണ് ഒരുക്കിയിരിക്കുന്നതെന്ന് കണ്ടറിയാം. ഈ മത്സരത്തിൽ ജംഷഡ്പൂർ എഫ്.സി അവരുടെ ഐ.എസ്.എൽ ചരിത്രത്തിലെ ആദ്യ ഗോളും നേടുമെന്ന് കരുതാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial