ടാറ്റയിലേക്ക് കോപ്പലാശാന്റെ ടാറ്റ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റുമായി ഉടക്കിയ സ്റ്റീവ് കോപ്പൽ ആശാൻ ടാറ്റ ജംഷദ്പൂരിലേക്ക് നീങ്ങുന്നതായി സൂചന. ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും താമസിയാതെ ടാറ്റയുമായി കരാറിൽ ഒപ്പിടും എന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മെഹ്താബിനെ ഡ്രാഫ്റ്റിൽ നിലനിർത്താതിരുന്നതാണ് മാനേജ്മെന്റിനേയും കോപ്പലിനേയും അകറ്റിയത് എന്നാണ് അറിയുന്നത്.

ഡ്രാഫ്റ്റിനു മുന്നേ നിലനിർത്തുന്ന രണ്ടു താരങ്ങളിൽ ഒന്ന് മെഹ്താബ് ആയിരിക്കണമെന്ന് സ്റ്റീവ് കോപ്പൽ നിർദേശിച്ചിരുന്നു. കഴിഞ്ഞ് സീസണിൽ ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡിന്റെ നെടുംതൂണായി നിന്നിരുന്നത് മെഹ്താബായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മെഹ്താബുമായി ചർച്ച ചെയ്ത് ഡ്രാഫ്റ്റിൽ അയക്കുകയും ഡ്രാഫ്റ്റിൽ സ്വന്തമാക്കാൻ കൂടുതൽ പ്രയാസമായ ജിങ്കനേയും സി കെ വിനീതിനേയും നിലനിർത്തുകയുമായിരുന്നു. നിലനിർത്തുന്ന താരങ്ങളുമായി രണ്ടോ മൂന്നോ വർഷത്തെ കരാറിൽ എത്തുന്നത് ക്ലബിന് ഗുണം ചെയ്യും എന്നതും കൂടി കണക്കിലെടുത്താണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മെഹ്താബിനേക്കാൾ പ്രായത്തിൽ ചെറുതായ താരങ്ങളെ നിലനിർത്താൻ തീരുമാനിച്ചത്.

മെഹ്താബിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് കഴിഞ്ഞ ആഴ്ച താനും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും തമ്മിൽ ബന്ധപ്പെടാറില്ല എന്ന മറുപടി ആയിരുന്നു മാധ്യമങ്ങൾക്ക് കോപ്പൽ നൽകിയത്. നേരത്തെ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഇഷ്ഫാഖ് അഹമ്മദ് ടാറ്റയുടെ അസിസ്റ്റന്റ് കോച്ച് ആയി ചുമതല ഏറ്റെടുത്തിരുന്നു. ഇഷ്ഫാഖ് അഹമ്മദിന്റെ സാന്നിദ്ധ്യമാണ് കോപ്പലിന്റെ ടാറ്റയിലേക്കുള്ള യാത്രയ്ക്ക് പിറകിൽ എന്നാണ് അറിയാൻ കഴിയുന്നത്.

ഹെഡ് കോച്ചിനെ പ്രഖ്യാപിക്കേണ്ട അവസാന തീയ്യതി അടുത്തു കൊണ്ടിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് മുൻ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് പിയേഴ്സിനെ കോച്ചായി എത്തിക്കാനുള്ള ചർച്ചകളും സജീവമാക്കി ഇരിക്കുകയാണ്. കോപ്പൽ ആശാൻ ബ്ലാസ്റ്റേഴ്സ് വിട്ടു പോകില്ലാ എന്ന് വിശ്വസിച്ചിരിക്കുന്ന ആരാധകർക്ക് ഞെട്ടലായി മാറിയിരിക്കുകയാണ് ഈ വാർത്തകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement