കൊൽകത്ത ഡർബികളുടെ കാലംകഴിഞ്ഞു ഇനി സൗത്ത് ഇന്ത്യൻ ഡർബികൾ

- Advertisement -

ഇന്ത്യയിലെ ഏറ്റവും വലിയ ഡർബിയായി ഇനിയും കുറേകാലം കൊൽകത്ത ഡർബിക്കു പിടിച്ചു നിൽക്കാൻ കഴിയുമോ? ഐ എസ് എല്ലിന്റെ ഭാഗമല്ലാതായതോടെ ഔദ്യോഗികമല്ലായെങ്കിലും മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും രണ്ടാം ലീഗിലേക്ക് തരംതാഴ്തപെട്ട അവസ്ഥയിലായിരിക്കുകയാണ്. സമാന്തര ലീഗ് എന്ന് ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പറയുന്നുണ്ട് എങ്കിലും എല്ലാവർക്കും അറിയാം ഒന്നോ രണ്ടോ വർഷങ്ങൾകൊണ്ട് ഐ ലീഗിനെ രണ്ടാം ഡിവിഷനാക്കി എ ഐ എഫ് എഫ് മാറ്റുമെന്ന്. ആ അവസരത്തിലാണ് ഈ ചോദ്യത്തിന് പ്രസക്തി. ഇനിയും ഏറ്റവും മികച്ച ഇന്ത്യൻ ഡർബിയായി കൊൽകത്ത ഡർബിയ്ക്കു നിലനിൽക്കാൻ പറ്റുമോ?

മികച്ച താരങ്ങളും ഫുട്ബോൾ ആരാധകരുടെ ശ്രദ്ധയുമൊക്കെ ഐ എസ് എല്ലിലേക്ക് മാറുമ്പോഴും കൊൽക്കത്തൻ ക്ലബുകൾക്ക് പിടിച്ചു നിൽക്കാൻ ആവുമോ? ഫുട്ബോൾ നിരീക്ഷകർ പറയുന്നത് സമീപഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന്റെ തലസ്ഥാനം തന്നെ കൊൽക്കത്ത വിട്ട് സൗത്ത് ഇന്ത്യ ആയി മാറുമെന്നാണ്. കാരണം ഫുട്ബോളിനെ അതിന്റെ എല്ലാവിധ പാഷനോടും കൂടെ കൊണ്ടാടുന്ന രണ്ടു ക്ലബുകൾ ഇങ്ങ് സൗത്ത് ഇന്ത്യയിലാണ് എന്നതു കൊണ്ടാണ്. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും.

ബെംഗളൂരു അവരുടെ പ്രൊഫഷണൽ അപ്രോച്ച് കൊണ്ടും കേരള ബ്ലാസ്റ്റേഴ്സ് അവർക്ക് കിട്ടുന്ന ജനപിന്തുണ കൊണ്ടും ഇന്ത്യൻ ഫുട്ബോളിന്റെ കരുത്തായി മാറാൻ പോവുകയാണ്. അതോടൊപ്പം ഇന്ത്യൻ ഫുട്ബോളിൽ ഒരു പുതിയ ഡർബിയും നടക്കാൻ പോവുകയാണ്. സൗത്ത് ഇന്ത്യൻ ഡർബി.

നേരത്തെ കേരളവും ചെന്നൈയിൻ എഫ് സിയും തമ്മിലുള്ള മത്സരത്തേയും സൗത്ത് ഇന്ത്യൻ ഡർബികൾ എന്നു വിളിക്കാറുണ്ട് എങ്കിലും സൗത്ത് ഇന്ത്യൻ ഡർബിക്ക് ബെംഗളൂരു-കേരള പോരാട്ടം വരുന്നതോടെ കൊൽക്കത്തൻ ഡർബിയോളം ശക്തിയായേക്കും.

ഇതിന്റെ പ്രധാന കാരണം രണ്ടു ടീമുകളുടേയും ആരാധക കൂട്ടാഴ്മയാണ്. നേരത്തെ ഇന്ത്യൻ ഫുട്ബോളിന്റെ പല മേഖലകളിലും ഒരുമിച്ചു പ്രവർത്തിച്ചവരാണ് ഈ ആരാധക കൂട്ടാഴ്മകൾ. ബെംഗളൂരു ഐ എസ് എല്ലിൽ എത്തിയതോടെ രണ്ടു ആരാധക കൂട്ടാഴ്മകൾക്കും ഇതുവരെ ഉണ്ടായിരുന്ന ഒരുമ വിട്ടു സഞ്ചരിക്കേണ്ടി വരും എന്നതു തീർച്ച.‌ഇരുടീമുകളും ഒരു ലീഗിൽ എത്തിയിരിക്കുന്നു എന്നത് തന്നെ കാരണം.

ഇതുവരെ ഇരുടീമുകളുടെയും ഒരുമയ്ക്കുണ്ടായ പ്രധാന കാരണങ്ങളിൽ ഒന്ന് ജിങ്കൻ, സികെ വിനീത്, റിനോ എന്നീ താരങ്ങളുടെ ഇരുടീമുകളിലും ഉള്ള സാന്നിദ്ധ്യം കൂടിയായിരുന്നു. ഇവിടെ നിന്നു തന്നെയാകും ആരാധക പോരാട്ടങ്ങൾ ആരംഭിക്കുകയും ചെയ്യുക. ഈ മൂന്നു താരങ്ങളിൽ രണ്ടു താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നു എന്നത് ഇപ്പോൾ തന്നെ വെസ്റ്റ് ബ്ലോക്ക് ആരാധകരെ വിഷമത്തിലാക്കിയിട്ടുണ്ട്.

ആരാധകരുടെ എണ്ണവും ആത്മാർത്ഥയും തങ്ങൾക്കാണ് കൂടുതൽ എന്നു പറഞ്ഞ് മഞ്ഞപ്പടയും മികച്ച ഫുട്ബോൾ പാഷണേറ്റായ മാനേജറും മാനേജ്മെന്റും ചാന്റ്സും ഉള്ളത് തങ്ങൾക്കാണ് എന്നു പറഞ്ഞ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസും നേരത്തെ തർക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശത്രുത നല്ലതല്ല എന്നു പറയാമെങ്കിലും ഇന്ത്യയുടെ ഫുട്ബോൾ റൈവൽറിയും ലോകനിലവാരത്തിലേക്ക് ഉയരുക ഇത്തരം മികച്ച ആരാധകർ രണ്ടു ഭാഗത്തും അണിനിരക്കുമ്പോഴാകും എന്നതാണ് സത്യം.

ഇനി വരുന്ന വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോളിന്റെ പിച്ചിലെ വളർച്ച മാത്രമല്ല ഗ്യാലറിയിലെ വളർച്ചയും കാണാം. അതിലേക്ക് വഴി തെളിക്കുക കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ് സി പോരാട്ടങ്ങളും അവരുടെ മഞ്ഞ-നീലപടകളുമാകും. കാത്തിരിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement