തങ്ബോയ് സിംഗ്ടോ, കേരള ബ്ലാസ്റ്റേഴ്സിന് കിട്ടിയ ജാക്ക്പോട്ട്

- Advertisement -

അസിസ്റ്റന്റ് കോച്ചായുള്ള തങ്ബോയ് സിങ്ടോയുടെ വരവ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ച ജാക്ക്പോട്ടായി തന്നെ കണക്കാക്കണം. കഴിഞ്ഞ ഐ എസ് എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നേറിയെങ്കിലും ആ മുന്നേറ്റത്തിലും പ്രധാന പിഴവായി ചൂണ്ടി കാണിക്കപ്പെട്ടത് നല്ല ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാൻ കഴിയാത്തതും എത്തിച്ചവരെ ശരിയായി ഉപയോഗിക്കാൻ കഴിയാത്തതും ആയിരുന്നു. വിനിത് റായിയും തങ്കോസിം ഹാവോകിപ്പും അതിനുള്ള ഉദാഹരണങ്ങളാണ്. ഇത്തവണ അതാവർത്തിക്കില്ല എന്നുറപ്പിക്കാനുള്ള കേരളത്തിന്റെ നീക്കമായി വേണം സിങ്ടോയുടെ വരവിനെ കാണാൻ.

പ്ലേയിംഗ് സ്ക്വാഡിൽ ഇന്ത്യൻ കളിക്കാരുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചു എന്നതു കൊണ്ട് തന്നെ ഇത്തവണ ഇന്ത്യൻ താരങ്ങളുടെ മികവായിരിക്കും ഒരോ ഐ എസ് എൽ ക്ലബിന്റേയും വിധി നിർണ്ണയിക്കുക. ആ വെല്ലുവിളി തരണം ചെയ്യാൻ ഏറ്റവും മികച്ച പരിഹാരം സിങ്ടോ തന്നെയാണ് എന്നു പറയാം. ഐ ലീഗ് ചാമ്പ്യന്മാരായ ഐസോൾ എഫ് സി സ്വന്തമാക്കൻ വേണ്ടി വലയെറിഞ്ഞു നടക്കുന്ന സന്ദർഭത്തിലാണ് ബ്ലാസ്റ്റേഴ്സ് സിങ്ടോയെ കേരളത്തിലേക്ക് എത്തിക്കുന്നത്. വർഷങ്ങളായി ഷില്ലോങ്ങ് ലജോങ്ങിന്റെ മുഖമായി മാറിയ സിങ്ടോ ഒരു ക്ലബിന്റെ അസിസ്റ്റന്റ് ആയി എത്തി എന്നതു തന്നെ ഇന്ത്യൻ ഫുട്ബോളിനെ അറിയുന്ന പലർക്കും അത്ഭുതമാണ്. എ എഫ്സി പ്രോ ലൈസൻസടക്കമുള്ള കോച്ചാണ് സിങ്ടോ.

സ്റ്റീവ് കോപ്പലിനു അസിസ്റ്റന്റായാണ് സിങ്ടോ എത്തുന്നത് എങ്കിലും കോപ്പലിനോളം തന്നെ പോന്ന സ്ഥാനം സിങ്ങ്ടോയ്ക്കും ബ്ലാസ്റ്റേഴ്സിൽ ലഭിച്ചേക്കും. കഴിഞ്ഞ വർഷം വളരെ ചെറിയ ടീമിനെ വെച്ച് കേരളത്തെ അവരുടെ ഏറ്റവും മികച്ച ലീഗ് ഫിനിഷിൽ എത്തിച്ചയാളാണ് കോപ്പൽ. കോപ്പലും സിങ്ടോയും ഒന്നിക്കുമ്പോൾ ഐ എസ് എല്ലിലെ തന്നെ ഏറ്റവും മികച്ച കോച്ചിംഗ് കൂട്ടുകെട്ടാവും അത്. ക്ഷമ കൈമുതലായ രണ്ടു പരിശീലകർ. സിങ്ടോയും സ്റ്റീവ് കോപ്പലിനെ പോലെ വളരെ ശാന്തനായ വളരെ ക്ഷമയുള്ള കോച്ചാണ്. പ്രശ്നങ്ങളിൽ ആൾക്കാരെ ബോധിപ്പിക്കാൻ വേണ്ടി ഉടൻ പരിഹാരം എന്നതിനപ്പുറം സമാധാനത്തിൽ ശാശ്വതമായ പരിഹാരം എന്ന നിലപാടാണ് സിങ്ടോയ്ക്കും കോപ്പലിനും പൊതുവായി ഉള്ളത്. ലീഗിന് നീളം കൂടുതലാണ് ഇത്തവണ എന്നതു കൊണ്ട് ഇരു കോച്ചുകളുടെയും ഈ തന്ത്രം കേരള ബ്ലാസ്റ്റേഴ്സിന് ലോംഗ് റണ്ണിൽ വലിയ ഗുണം ചെയ്യും. ഇത്തവണ ഐ എസ് എല്ലിന് ഫൈനൽ എന്ന അപവാദം ഇല്ലാ എന്നതും ഓർക്കുക. ലീഗിൽ ആരു ആദ്യമെത്തുന്നോ അവർക്കാകും കിരീടം.

കളിക്കാരെ മനസ്സിലാക്കാനും വളർത്തിക്കൊണ്ടുവരാനും അവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയുന്നതുമാണ് ഷിലോംഗിൽ സിങ്ടോ കാലഘട്ടം ഇത്ര മികച്ചതാകാനുള്ള കാരണം. നിരവധി ഭാഷകൾ കൈകാര്യം ചെയ്യുന്ന സിങ്ടോയ്ക്ക് കളിക്കാരുമായി അടുപ്പം സ്ഥാപിക്കൽ പ്രയാസമുള്ള കാര്യമല്ല. മണിപ്പൂരുകാരനായ സിങ്ടോ മണിപ്പൂരിയും ഹിന്ദിയും ഇംഗ്ലീഷിനും പുറമെ ബംഗാളി, ആസാമീസ്, കചാരീ തുടങ്ങി എട്ടോളം ഭാഷകൾ സംസാരിക്കും. ഇന്ത്യയിൽ ഇത്രയും ഭാഷകൾ സംസാരിക്കുന്ന വേറെ കോച്ചുണ്ടോ എന്ന് സംശയമാണ്. ഇന്ത്യയിൽ ഇപ്പോൾ ഫുട്ബോൾ ടാലന്റിന്റെ തട്ടകമായി മാറിയിരിക്കുന്ന നോർത്തീസ്റ്റിൽ നിന്നും താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ എളുപ്പം എത്താൻ സിങ്ടോയുടെ സാന്നിദ്ധ്യം കാരണമാകും.

യൂത്ത് ഡെവലപ്മെന്റ് കൂടെ സിങ്ടോയുടെ ചുമതലയാണ് എന്നതു കൊണ്ട് തന്നെ കേരളത്തെ പഴയ കേരളം പോലെ കഴിവുള്ള യുവതാരങ്ങളാൽ സമ്പന്നമായ സ്ഥലമാക്കി മാറ്റാനുള്ള ശ്രമങ്ങളും സിങ്ടോ ഉടൻ തുടങ്ങുമെന്നു പ്രതീക്ഷിക്കാം. കോപ്പലിലൂടെ ഐ എസ് എല്ലിലെ ഏറ്റവും മികച്ച വിദേശ കോച്ചും സിങ്ടോയിലൂടെ ഐ എസ് എല്ലിലെ ഏറ്റവും മികച്ച ഇന്ത്യൻ കോച്ചും കേരളത്തിനു സ്വന്തമായി എന്നു പറയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement