“ഷൈജുവേട്ടന്റെ കമന്ററി കേൾക്കാറില്ല” – ചിരി സമ്മാനിച്ച് സി കെ വിനീതിന്റെ വിമർശനം

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗ് എന്നാൽ ഷൈജു ദാമോദരന്റെ കമന്ററി ഇല്ലാതെ എങ്ങനെ ആണെന്നാണ് മലയാളിയുടെ രീതി. അങ്ങനെയാണെങ്കിൽ ഷൈജു ദാമോദരന്റെ കമന്ററിക്ക് എതിരെ വിമർശനം ഉയരാറുണ്ട്. ഇന്നലെ ഷൈജു ദാമോദരനും മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീതും തമ്മിൽ നടന്ന അഭിമുഖത്തിൽ ഈ വിമർശനത്തിന്റെ രസകരമായ അനുഭവം ഉണ്ടായി. കമന്റേറ്റേഴ്സിനെ കുറിച്ച് സി കെ വിനീതിന്റെ അഭിപ്രായം ചോദിച്ച ഷൈജു ദാമോദരന് സി കെ വിനീതിന്റെ വിമർശനം നേരിടേണ്ടി വന്നു.

താരങ്ങളെ സംബന്ധിച്ചെടുത്തോളം നോക്കുകയാണെങ്കിൽ ഷൈജുവിന്റെ കമന്ററിയിൽ ഉയരുന്ന കുറ്റം പറയൽ അത്ര സുഖകരമല്ല എന്നായിരുന്നു സി കെ വിനീതിന്റെ വാദം. അഭിമുഖത്തിന് മുമ്പ് ബ്ലാസ്റ്റേഴ്സിന്റെ പ്രശാന്ത് വിളിച്ച് ഷൈജുവേട്ടൻ എപ്പോഴും നെഗറ്റീവ് പറയുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നതായും രസകരമായി സി കെ ഷൈജു ദാമോദരനോട് പങ്കുവെച്ചു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലുള്ളത് ശ്രദ്ധിച്ചാൽ അവിടെ കമന്റേറ്റേഴ്സ് താരങ്ങളുടെ നെഗറ്റീവ് പറഞ്ഞിരിക്കാറില്ല എന്നും പോസിറ്റീവ് ആയ കാര്യങ്ങളാണ് അധികവും പരാമർശിക്കുക എന്നും സി കെ പറഞ്ഞു. താൻ ഷൈജുവേട്ടന്റെ കമന്ററി കേൾക്കാറില്ല എന്നും ഹോട്ട്സ്റ്റാറിൽ ഇംഗ്ലീഷ് കമന്ററി ആണ് കേൾക്കാറ് എന്ന് പറഞ്ഞതും ഷൈജു ദാമോദരനിലും അഭിമുഖം കണ്ട പ്രേക്ഷകരിലും ചിരി ഉയർത്തി.

Advertisement