കേരള ബ്ലാസ്റ്റേഴ്സിനോട് ഫൈനലിൽ ആര് മുട്ടും എന്ന് ഇന്ന് അറിയാം

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) 2021-22 സീസണിന്റെ സെമി-2-ന്റെ രണ്ടാം പാദത്തിൽ ബുധനാഴ്ച ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എഫ്‌സിയുമായി ഏറ്റുമുട്ടും. ഹൈദരാബാദ് ആസ്ഥാനമായുള്ള ക്ലബ് ആദ്യ പാദത്തിൽ 3-1 ന് വിജയിച്ചിരുന്നു. എടികെ മോഹൻ ബഗാൻ അന്ന് തുടക്കത്തിൽ ലീഡ് നേടിയെങ്കിലും ഹൈദരബാദ് ശക്തമായി തിരിച്ചടിച്ച് വിജയം സ്വന്തമാക്കുക ആയിരുന്നു‌.

20 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ എടികെ ഒരു പോയിന്റ് പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. എടികെ മോഹൻ ബഗാന് രണ്ടാം പാദത്തിൽ രണ്ട് ഗോളിന്റെ വ്യത്യാസത്തിൽ എങ്കിലും ജയിച്ചാൽ കളി എക്സ്ട്രാ ടൈമിലേക്ക് എങ്കിലും കൊണ്ട് പോകാൻ ആവുകയുള്ളൂ.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാല് വിജയങ്ങളാണ് ഹൈദരാബാദ് എഫ്‌സി നേടിയത്. ആ അഞ്ച് മത്സരങ്ങളിലൊന്നും അവർക്ക് ക്ലീൻ ഷീറ്റ് നിലനിർത്താൻ കഴിഞ്ഞിരുന്നില്ല.

എടികെ മോഹൻ ബഗാൻ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടാണ് വരുന്നത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയോട് തോൽക്കുന്നതിന് മുമ്പ് അവർ തോൽവി അറിയാതെ 15 മത്സരങ്ങളുടെ കുതിപ്പിലായിരുന്നു. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ഹോട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും തത്സമയം കാണാം.