തനിക്ക് എല്ലാം നൽകിയത് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന് സന്ദേശ് ജിങ്കൻ

- Advertisement -

തന്റെ ഫുട്ബോൾ ജീവിതത്തിൽ തനിക്ക് എല്ലാം നൽകിയത് കേരള ബ്ലാസ്റ്റേഴ്‌സ് ആണെന്ന് മുൻ താരം സന്ദേശ് ജിങ്കൻ. കേരളം തനിക്ക് രണ്ടാമത്തെ വീട് പോലെയാണെന്നും തന്നോടും തന്റെ കുടുംബത്തോടും അവിടെത്തെ ജനങ്ങൾ നല്ല രീതിയിലാണ് പെരുമാറിയതെന്നും ജിങ്കൻ പറഞ്ഞു. 2014ൽ ക്ലബ്ബിൽ ചേർന്നത് മുതൽ ക്ലബ് വിടുന്നത് വരെയുള്ള കാലം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമായിരുന്നെന്നും ഈ സമയത്താണ് ഒരു വ്യക്തി എന്ന നിലയിലും ഒരു കളിക്കാരൻ എന്ന നിലയിൽ താൻ ഒരുപാട് വളർന്നതെന്നും സന്ദേശ് ജിങ്കൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നെന്നും രണ്ട് തവണ ഫൈനലിൽ എത്തിയ കാര്യവും ജിങ്കൻ ഓർമിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം കുറിച്ച മത്സരം താൻ ഇപ്പോഴും ഓർക്കുന്നുണ്ടെന്നും അന്ന് കളിച്ചപ്പോൾ ആരാധകരെകൊണ്ട് ഗ്രൗണ്ട് മുഴുവൻ കുലുങ്ങുന്നത് പോലെ തോന്നിയെന്നും ജിങ്കൻ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ മത്സരവും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം നടത്തിയ മത്സരവും താൻ ജീവിതത്തിൽ എന്നും ഓർക്കുമെന്നും മുൻ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് സന്ദേശ് ജിങ്കൻ പ്രഖ്യാപിച്ചത്. എന്നാൽ ഏത് ക്ലബിലേക്കാണ് താൻ പോവുന്നതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഒരുപാട് ഓഫറുകൾ തനിക്ക് മുൻപിൽ ഉണ്ടെന്നും ജിങ്കൻ പറഞ്ഞു. നിലവിൽ മൂന്നിൽ കൂടുതൽ ഓഫറുകൾ തനിക്ക് മുൻപിൽ ഉണ്ടെന്നും എന്നാൽ അത് ഇന്ത്യൻ ക്ലബാണോ വിദേശ ക്ലബാണോ എന്ന് തനിക്ക് പറയാൻ കഴിയില്ലെന്നും ജിങ്കൻ പറഞ്ഞു.

Advertisement