കേരള ബ്ലാസ്റ്റേഴ്സും ജിംഗനും പിരിഞ്ഞു, ബ്ലാസ്റ്റേഴ്സിൽ ജഴ്‌സി നമ്പർ 21 ഇനി ആർക്കുമില്ല!!

- Advertisement -

കൊച്ചി, മെയ്‌ 21: 2020: കേരള ബ്ലാസ്റ്റേഴ്സും സെന്റർ ബാക്ക് സന്ദേഷ് ജിംഗനും പരസ്പരം വഴി പിരിഞ്ഞു. ക്ലബ് തന്നെ ഔദ്യോഗിക കുറിപ്പിലൂടെ ജിങ്കന്റെ വിടവാങ്ങൾ അറിയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണായ 2014ൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗൻ ക്ലബിനൊപ്പമുള്ള 6 സീസണുകൾക്ക് ശേഷമാണ് വഴി പിരിഞ്ഞത്. 26കാരനായ ജിംഗൻ ഇതുവരെ 76 മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് വളർത്തിയ സന്ദേഷ് ഒരു പുതിയ വെല്ലുവിളി പിന്തുടരാൻ ഒരുങ്ങുകയാണ്.

ആരാധകർ ‘ദി വാൾ’ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്. 2014ൽ തന്റെ ഐഎസ്എൽ അരങ്ങേറ്റം മുതൽ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേർജിങ് പ്ലയെർ പുരസ്‌കാരത്തിന് സന്ദേശ് അർഹനായിരുന്നു. രണ്ട് ഐ‌എസ്‌എൽ ഫൈനലുകളിൽ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളിൽ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എൽ സീസണിൽ സന്ദേശ് കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അർജുന അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട കളിക്കാരൻ കൂടിയാണ് ജിംഗൻ.

ക്ലബിൽ എത്തിയത് മുതൽ ഒരു കളിക്കാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവ് കണ്ടെത്തി ആദ്യം മുതലുള്ള ജിംഗന്റെ വളർച്ചയെ പിന്തുണച്ചതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അഭിമാനിക്കുന്നു എന്ന് ക്ലബ് ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. ജിങ്കനോടുള്ള ആദര സൂചകമായി കേരള ബ്ലാസ്റ്റേഴ്സിലെ 21ആം നമ്പർ ജേഴ്സി ഇനി ആർക്കും നൽകില്ല എന്നും ക്ലബ് വ്യക്തമാക്കി.

Advertisement