Picsart 23 07 14 12 19 10 380

ഔദ്യോഗികമായി!! സഹൽ കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞു!!

അങ്ങനെ ഔദ്യോഗിക പ്രഖ്യാപനം എത്തി. കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് ക്ലബ് വിട്ടു. ഇന്ന് ക്ലബ് താരത്തെ വിൽക്കാൻ ധാരണയിൽ എത്തിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. മോഹൻ ബഗാനിലേക്ക് ആകും സഹൽ പോകുന്നത്. സഹലിനായി ഒരു ട്രാൻസ്ഫർ ഫീയും ഒപ്പം പ്രിതം കോട്ടാലിനെയും കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കും. എങ്കിലും സഹൽ ക്ലബ് വിടുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശ നൽകും.

അവസാന വർഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പോസ്റ്റർബോയ് ആയിരുന്നു സഹൽ അബ്ദുൽ സമദ്. സഹൽ ഈ നീക്കത്തോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന ഫുട്ബോൾ താരങ്ങളുടെ പട്ടികയിൽ വരും. സഹലിന് 2.5 കോടി പ്രതിവർഷ വേതനം ആണ് മോഹൻ ബഗാൻ നൽകുന്നത്.

3 വർഷത്തെ കരാർ മോഹൻ ബഗാനിൽ പ്രാഥമികമായി സഹൽ ഒപ്പുവെക്കും. ഇതിന്റെ കൂടെ 2 വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഒരു വലയ ട്രാൻസ്ഫർ തുകയും ഒപ്പം പ്രിതം കോടാലിനെയും സഹലിന് പകരം ലഭിക്കും. പ്രിതം കോടാൽ ബ്ലാസ്റ്റേഴ്സിൽ മൂന്ന് വർഷത്തെ കരാർ ആകും ഒപ്പുവെക്കുക. അദ്ദേഹത്തിന് 2 കോടി ആകും ബ്ലാസ്റ്റേഴ്സിലെ വേതനം എന്നും റിപ്പോർട്ടുകൾ പറയുന്നു.

26കാരനായ സഹൽ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 96 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സഹലിന് അത്ര മികച്ച സീസൺ ആയിരുന്നില്ല. 2017 മുതൽ സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.

Exit mobile version