ഇനി എന്ന് കളിപ്പിക്കും സഹലിനെ? സീസൺ കഴിഞ്ഞിട്ടോ?

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരിയോട് കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇതാണ് ചോദിക്കാൻ ഉള്ളത്. എന്ന് സഹലിനെ കളിപ്പിക്കും. സീസൺ തുടക്കം മുതൽ സഹൽ ആദ്യ ഇലവനിൽ എത്താൻ കുറച്ച് സമയം എടുക്കും എന്നായിരുന്നു ഷറ്റോരി പറഞ്ഞിരുന്നത്. ഇപ്പോൾ സീസണിൽ പകുതി മത്സരങ്ങളും കഴിഞ്ഞിരിക്കുകയാണ്. അപ്പോഴും സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനു പുറത്ത് തന്നെ.

ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിയേറ്റീവ് മിഡ്ഫീൽഡർ ആയി ഉയരും എന്ന് ഏവരും വിലയിരുത്തുന്ന സഹലിനെ ഷറ്റോരിക്ക് മാത്രം യാതൊരു വിലയുമില്ല. സഹലിന് ഡിഫൻസീവ് മികവില്ല എന്നതാണ് പലപ്പോഴും ഷറ്റോരി താരത്തെ പുറത്തിരുത്താനുള്ള കാരണമായി പറയാറുള്ളത്. എന്നാൽ സഹൽ ഇല്ലാതെ ഇറങ്ങിയിട്ടും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ദുരന്തമായി തന്നെ തുടരുകയാണ്.

അവസാന എട്ടു മത്സരങ്ങളിലും വിജയമില്ലാഞ്ഞിട്ടും സഹലിനെ കൂടുതൽ കളിപ്പിച്ചു നോക്കാൻ വരെ ഷറ്റോരി തയ്യാറല്ല. കഴിഞ്ഞ മത്സരത്തിൽ ജംഷദ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് പിറകിൽ പോയ സമയത്ത് സഹൽ സബ്ബായി വന്ന് കളി മാറ്റുകയും 2-2 എന്ന സമനില നേടാൻ ആവുകയും ചെയ്തിരുന്നു. ഈ സീസണിൽ ആകെ 390 മിനുട്ടുകൾ മാത്രമാണ് സഹൽ കളിച്ചത്. കഴിഞ്ഞ സീസണിൽ 1232 മിനുട്ടുകൾ കളിച്ച താരത്തിനാണ് ഈ ഗതി. ഇനി മുഴുവൻ മത്സരങ്ങളും മുഴുവനായി കളിച്ചാൽ മാത്രമെ സഹൽ കഴിഞ്ഞ സീസണിലെ മിനുട്ടുകൾ മറികടക്കുകയുള്ളൂ.

ഈ സീസണിൽ അവസരം കുറവാണെങ്കിലും സഹൽ ഇറങ്ങിയപ്പോൾ ഒക്കെ താരത്തിന്റെ മികവ് എല്ലാവരും കണ്ടതാണ്. കഴിഞ്ഞ സീസണിൽ ഒരു അസിസ്റ്റു പോലും നൽകിയിട്ടില്ലാത്ത സഹൽ ഇത്തവണ രണ്ട് അസിസ്റ്റ് കേരള ബ്ലാസ്റ്റേഴ്സിന് സംഭാവന നൽകി. കഴിഞ്ഞ കളിയിൽ സബ്ബായി വന്ന് തിളങ്ങിയ സഹലിനെ ഇന്ന് രണ്ടാം പകുതിയിൽ ഷറ്റോരി വിങ്ങിലാണ് ഇറക്കിയത് എന്നതും തമാശയാണ്. അവസാന ഐ എസ് എൽ സീസണിൽ സഹലിന്റെ വളർച്ച മാത്രമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഏക ആശ്വാസം. എന്നാൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ ദയനീയ ഫലങ്ങൾക്ക് ഒപ്പം ഇന്ത്യൻ ഫുട്ബോളിന്റെ പ്രതീക്ഷയായ സഹലിനെ കളിപ്പിക്കാതിരിക്കുന്ന സങ്കടം കൂടെ സഹിക്കേണ്ട അവസ്ഥയിലാണ് കേരള ഫുട്ബോൾ പ്രേമികൾ.

Previous articleചെന്നൈയിലും കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേട്
Next articleഅരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി ഫുട്ബോളിൽ കരുവൻതിരുത്തി ബാങ്കിന് ഫൈനൽ ബെർത്ത്