അവസാന നിമിഷം വിജയം പിടിച്ചെടുത്ത് ഗോവ

- Advertisement -

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റെഡ് കാര്‍ഡ് കണ്ട ഗോവ പത്ത് പേരായി ചുരുങ്ങിയെങ്കിലും പിന്നില്‍ നിന്നു വന്ന് അവസാന നിമിഷം വിജയം നേടുന്നതാണ് ഫടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഗോവന്‍ ആരാധകര്‍ കണ്ടത്. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയില്‍ സെയ്ത്യാ സെന്നിലൂടെ ലീഡ് നേടിയ നോര്‍ത്ത് ഈസ്റ്റിനെ റോബിന്‍ സിംഗിന്റെ ഗോളിലൂടെ സമനിലയും ഇഞ്ച്വറി ടൈമിലെ റോമിയോ ഫെര്‍ണാണ്ടസ് നേടിയ ഗോളിലൂടെയും വിജയം ഗോവ സ്വന്തമാക്കുകയായിരുന്നു.

9 ഇന്ത്യന്‍ താരങ്ങളുമായി ഇറങ്ങിയ ഗോവയുടെ രക്ഷകനായി മാറിയത് ഹീറോ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മികാന്ത് കട്ടിമണിയുടെ പ്രകടനമാണ്. മൂന്നാം മിനുട്ടില്‍ തന്നെ മെയില്‍സണ്‍ ആല്‍വെസിന്റെ ഷോട്ട് ബ്ലോക്ക് ചെയ്ത് കട്ടിമണി ഗോവയുടെ രക്ഷയ്ക്കെത്തി. തുടക്കത്തിലെ ആവേശത്തിനു ശേഷം മത്സരം പതിഞ്ഞ മട്ടിലേക്ക് മാറി. ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ആദ്യ പകുതിയില്‍ ഗോളൊന്നും തന്നെ പിറന്നില്ല. ആദ്യ പകുതിയില്‍ നേരിയ മുന്‍തൂക്കം ഹൈലാന്‍ഡേഴ്സിനായിരുന്നെങ്കിലും കട്ടിമണിയുടെ പ്രകടനം അവര്‍ക്ക് ഗോള്‍ നിഷേധിച്ചു. രണ്ട് തവണ ഗോവയുടെ രക്ഷകനായി അവതരിച്ചത് ഗോള്‍പോസ്റ്റായിരുന്നു.

50ാം മിനുട്ടില്‍ സെയ്ത്യാ സെന്‍ ഗോവന്‍ ഗോള്‍ വല ചലിപ്പിക്കുകയായിരുന്നു. യൂസ എടുത്ത കോര്‍ണറില്‍ നിന്നു ഗോവന്‍ പ്രതിരോധം ക്ലിയര്‍ ചെയ്ത പന്ത് ബോക്സിനു വെളിയില്‍ നിന്ന സെയ്ത്യാ സെന്നിനാണ് ലഭിച്ചത്. സെന്‍ എടുത്ത ഷോട്ട് ഡിഫ്ലക്ഷനെടുത്ത് ഗോള്‍ പോസ്റ്റിലേക്ക് കയറുകയായിരുന്നു. ഗോള്‍ വീണ ശേഷം ആക്രമിച്ച് കളിച്ച ഗോവ 62ാം മിനുട്ടില്‍ ഗോള്‍ മടക്കി. റോമിയോ ഫെര്‍ണാണ്ടസിന്റെ പാസ് സ്വീകരിച്ച റോബിന്‍ സിംഗ് ഗോള്‍ സ്കോര്‍ ചെയ്യുകയായിരുന്നു.

മത്സരത്തിലെ തന്റെ രണ്ടാം മഞ്ഞ കാര്‍ഡ് വാങ്ങി ഗോവയുടെ സാഹില്‍ തവോര പുറത്താക്കപ്പെട്ടത് ഗോവന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ പ്രതിരോധത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഗോവന്‍ ഗോള്‍മുഖത്ത് നിരന്തരമായ ആക്രമണം നോര്‍ത്ത് ഈസ്റ്റഅ അഴിച്ചുവിട്ടെങ്കിലും പ്രത്യാക്രമണത്തില്‍ ഗോവ ഗോള്‍ നേടുകയായിരുന്നു. 94ാം മിനുട്ടില്‍ റോബിന്‍ സിംഗിന്റെ പാസ് ഗോളാക്കി മാറ്റി റോമിയോ ഫെര്‍ണാണ്ടസ് ഗോവയ്ക്ക് മൂന്ന് പോയിന്റുകള്‍ നേടിക്കൊടുക്കുകയായിരുന്നു.

Advertisement