സെമി പ്രതീക്ഷ നിലനിര്‍ത്തി നോര്‍ത്തീസ്റ്റ്

- Advertisement -

ഗുവഹാത്തിയിലെ ഇന്ദിര ഗാന്ധി അത്‍ലറ്റിക് സ്റ്റേഡിയത്തിലെ 18000 വരുന്ന കാണികളുടെ മുന്നില്‍ പൂനെ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനു തകര്‍ത്ത് നോര്‍ത്തീസ്റ്റ് യുണൈറ്റഡ് ഐഎസ്എല്‍ മൂന്നാം സീസണിലെ സെമി പ്രതീക്ഷ നിലനിര്‍ത്തി. 82ാം മിനുട്ടില്‍ മികച്ചൊരു ഫ്രീകിക്ക് ഗോളിലൂടെ റൊമാരിക് ആണ് വിജയ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ പൂനെ സിറ്റിയായിരുന്നു ഹൈലാന്‍ഡേഴ്സിനെ അപേക്ഷിച്ച മികച്ച ഒത്തിണക്കത്തോടു കൂടി കളിച്ചത്. കിട്ടിയ അവസരങ്ങള്‍ അവരുടെ മുന്നേറ്റ നിര നഷ്ടപ്പെടുത്തിയപ്പോള്‍ കിട്ടിയ ഒറ്റപ്പെട്ട അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ നോര്‍ത്തീസ്റ്റിനു സാധിച്ചില്ല. പകുതി സമയത്ത് ഇരു ടീമുകളും ഗോളുകളൊന്നും നേടാനാകാതെയാണ് പിരിഞ്ഞത്.

രണ്ടാം പകുതിയുടെ തുടക്കത്തിലും വിരസമായ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. പൂനെയ്ക്ക് വേണ്ടി ലെനി റോഡ്രിഗസ് എടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്ത് പോയതാണ് അവര്‍ക്ക് ലഭിച്ച മികച്ച അവസരം. നോര്‍ത്തീസ്റ്റിനു വേണ്ടി നികോ വെലെസിനു അവസരം ലഭിച്ചെങ്കിലും അദ്ദേഹം അത് പാഴാക്കി. 82ാം മിനുട്ടില്‍ എഡ്വേര്‍ഡോ കൈ കൊണ്ട് പന്ത് തൊട്ടതിനു ലഭിച്ച ഫ്രീകിക്കാണ് നോര്‍ത്തീസ്റ്റ് ഗോളാക്കി മാറ്റിയത്. കിക്ക് എടുത്ത റൊമാരിക് എഡെല്‍ ബെറ്റെയേ നിഷ്പ്രഭനാക്കി പന്ത് ഗോള്‍ വലയിലാക്കുകയായിരുന്നു. ഗോള്‍ തിരിച്ചടിക്കാനുള്ള പൂനെയുടെ ശ്രമങ്ങള്‍ വേണ്ടത്ര സമയമില്ലാത്തതിനാല്‍ ഫലം കണ്ടില്ല.

റൊമാരിക് ആണ് ഹീറോ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 15 പോയിന്റുകളോടെ പൂനെ നാലാം സ്ഥാനത്തും 14 പോയിന്റുകള്‍ സ്വന്തമായുള്ള നോര്‍ത്തീസ്റ്റ് ആറാം സ്ഥാനത്തുമാണ്.

Advertisement